അയര്‍ലണ്ടിലെ കുട്ടികള്‍ അങ്ങനെ ഓണ്‍ലൈനില്‍ കയറേണ്ട …:ഏജ് വെരിഫിക്കേഷന്‍ ടൂള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

New Update
M

ഡബ്ലിന്‍: അയര്‍ലണ്ടിലെ കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം സുരക്ഷിതമാക്കുന്നതിന് നാഷണല്‍ ഡിജിറ്റല്‍ വാലറ്റ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഏജ് വെരിഫിക്കേഷന്‍ ടൂള്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Advertisment

16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഐറിഷ് സര്‍ക്കാരിന്റെയും പുതിയ നീക്കം.ഈ തീരുമാനം നടപ്പാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഓസ്ട്രേലിയ.

ഗവണ്‍മെന്റ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഓഫീസാണ് കമ്മ്യൂണിക്കേഷന്‍ വകുപ്പ് ഓഫീസുമായി സഹകരിച്ച് ഏജ് വെരിഫിക്കേഷന്‍ ടൂളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ വാലറ്റിന്റെ ഡവലപ്മെന്റ് നടത്തുന്നത്.അടുത്ത വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ 2,000 പേരെ ഉള്‍പ്പെടുത്തി പൈലറ്റ് പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പാട്രിക് ഓ ഡൊണോവന്‍ പ്രഖ്യാപിച്ചു.

കൂടാതെ നിയമനിര്‍മ്മാണവും നടത്തും.ഇതനുസരിച്ച് MyGovID ഉപയോഗിച്ച് ഉപയോക്താക്കള്‍ അവരുടെ പ്രായം പരിശോധിക്കേണ്ടതായി വരും.എന്നാല്‍ വ്യക്തികളുടെ ഡാറ്റ ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായി പങ്കിടില്ല.

കുട്ടികള്‍ക്ക് ദോഷകരമായ ഉള്ളടക്കം – ഓഫ് ചെയ്യാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ നിര്‍ബന്ധിതമാക്കണമെന്ന് ചൈല്‍ഡ് സേഫ്റ്റി കാമ്പെയ്‌നര്‍മാര്‍ വളരെക്കാലമായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതാണ്.എന്നാല്‍ ഈ പ്രശ്‌നം യൂറോപ്പിന് മുന്നില്‍ വെച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ സര്‍വീസസ് ആക്ട് നടപ്പിലാക്കുന്നതില്‍ നിന്ന് ഐറിഷ് മീഡിയ കമ്മീഷന്‍ പിന്മാറി.

കുട്ടികള്‍ക്ക് ദോഷകരമായ റെക്കമന്‍ഡര്‍ അല്‍ഗോരിതങ്ങള്‍ ഓഫ് ചെയ്യാന്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്ലാറ്റ്‌ഫോമുകളെ നിര്‍ബന്ധിക്കാത്തതില്‍ നിരാശയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യം വ്യക്തിഗതമായി അംഗരാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നല്ലെന്നാണ് കമ്മ്യൂണിക്കേഷന്‍ മന്ത്രിയുടെ നിലപാട്.

അതേ സമയം,ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ അംഗരാജ്യങ്ങള്‍ കുട്ടികള്‍ക്കുള്ള സോഷ്യല്‍ മീഡിയയ്ക്ക് ഇതിനകം തന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഓണ്‍ലൈന്‍ സുരക്ഷാ കാമ്പെയ്‌നര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ഓസ്‌ട്രേലിയയില്‍ ടിക്ടോക്ക്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം എന്നിവയുള്‍പ്പെടെ ഏറ്റവും ജനപ്രിയമായ പത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ 16 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇനി ആക്‌സസ് ചെയ്യാന്‍ കഴിയില്ല. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് വന്‍ പിഴകള്‍ ചുമത്തുന്നതാണ് അവിടുത്തെ പുതിയ നിയമം.ഈ നടപടി എങ്ങനെ പ്രാബല്യത്തില്‍ വരുമെന്ന് നിരീക്ഷിക്കുകയാണെന്നും ഏജ് വെരിഫിക്കേഷന്‍ സംവിധാനങ്ങള്‍ക്കായി ഇവിടെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഓണ്‍ലൈന്‍ പെര്‍മിഷനുള്ള ഏറ്റവും കുറഞ്ഞ പ്രായം ഇതുവരെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടില്ല.എങ്കിലും 16 വയസ്സായി കുറയ്ക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് മന്ത്രിക്കുള്ളത്.

ഒരു കുട്ടിയെ ബാറില്‍ കയറി ജിന്നും ടോണിക്കും കുടിക്കാന്‍ നമ്മള്‍ അനുവദിക്കില്ല. അതുപോലെ തന്നെയാണ് ഓണ്‍ലൈനിലൂടെ മോശമായ കാര്യങ്ങള്‍ അനിയന്ത്രിതമായി ആക്‌സസ് ചെയ്യാന്‍ കുട്ടികളെ അനുവദിക്കാതിരിക്കുന്നതും.ഇക്കാര്യത്തില്‍ എങ്ങനെ മുന്നോട്ട് പോകുമെന്നതിനെക്കുറിച്ച് യൂറോപ്പില്‍ സമവായത്തിലെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

യൂറോപ്യന്‍ കൗണ്‍സില്‍ ഓഫ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രിമാരുടെ അധ്യക്ഷന്‍ എന്ന നിലയില്‍ അടുത്ത വര്‍ഷം ഈ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.കുട്ടിയെ ഓണ്‍ലൈനില്‍ സംരക്ഷിക്കുക എന്നതായിരിക്കും തന്റെ വകുപ്പിന്റെ തീമെന്നും മന്ത്രി പറഞ്ഞു.

Advertisment