/sathyam/media/media_files/2026/01/12/f-2026-01-12-04-24-42.jpg)
ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ -മെര്‍കോസര്‍ വ്യാപാര കരാറിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ തെരുവില്‍.പോളണ്ട്, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവയ്ക്ക് പിന്നാലെ അയര്‍ലണ്ടിലെ കര്‍ഷകരും പ്രതിഷേധവുമായി രംഗത്തിറങ്ങി.
അയര്‍ലണ്ടിന്റെയും ഫ്രാന്‍സിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് സൗത്ത് അമേരിക്കന്‍ ബ്ലോക്കായ മെര്‍കോസറുമായുള്ള കരാര്‍ ഇ യു അംഗീകരിച്ചത്.
സ്റ്റോപ്പ് ഇ യു മെര്‍കോസര്‍ എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത ബോര്‍ഡുകളും ഇ യു പതാകയുമേന്തിയാണ് മധ്യ അയര്‍ലണ്ടിലെ അത്‌ലോണിന്റെ റോഡുകളിലേക്ക് ട്രാക്ടറുകളുമായി കര്‍ഷകര്‍ ഒഴുകിയെത്തിയത്. ഐഎഫ്എയ്ക്ക് പുറമേ ഒമ്പത് കര്‍ഷക സംഘടനകള്‍ കൂടി പ്രതിഷേധത്തില്‍ പങ്കെടുത്തു.
ശനിയാഴ്ച നടന്ന പ്രതിഷേധത്തില്‍ ഐറെക്സിറ്റ് ആവശ്യപ്പെടുന്ന ബാനറുകളുമായാണ് കര്‍ഷകര്‍ പ്രതിഷേധത്തിനെത്തിയത് എന്നതും ശ്രദ്ധേയമായി. ബ്രിട്ടീഷ് മാതൃകയില്‍ അയര്‍ലണ്ട് ,യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോരണം എന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ലാറ്റിന്‍ അമേരിക്കന്‍ ബ്ലോക്കിന്റെ ബീഫ് കയറ്റുമതി മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന് അസോസിയേഷന്‍ ആരോപിച്ചു.യൂറോപ്യന്‍ അസംബ്ലിയിലെ ഭൂരിപക്ഷം എം ഇ പിമാരും മെര്‍കോസൂര്‍ കരാര്‍ അംഗീകരിച്ചാല്‍ മാത്രമേ കരാര്‍ പ്രാബല്യത്തിലെത്തൂ.
27 രാജ്യങ്ങളുള്ള ഇ യുവും ബ്രസീല്‍, പരാഗ്വേ, അര്‍ജന്റീന, ഉറുഗ്വേ എന്നിവ ഉള്‍പ്പെടുന്ന മെര്‍കോസൂര്‍ ബ്ലോക്കും തമ്മിലുള്ള വാണിജ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ളതാണ് കരാര്‍.25 വര്‍ഷത്തിലേറെയായി പരിഗണനയിലിരിക്കുന്നതാണിത്. അതേസമയം, ബിസിനസ്സ് ഗ്രൂപ്പുകള്‍ കരാറിനെ സ്വാഗതം ചെയ്ത് രംഗത്തുവന്നിട്ടുണ്ട്.
യൂറോപ്യന്‍ കര്‍ഷക സമൂഹം നേരത്തേ തന്നെ ഈ കരാറിനെതിരെ രംഗത്തുവന്നിരുന്നു. ഇതവഗണിച്ചാണ് വ്യാപാര കരാറിന് ഇ യു പച്ചക്കൊടി കാട്ടിയത്.വെള്ളിയാഴ്ച പോളണ്ട്, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളിലും പ്രതിഷേധം നടന്നിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലകളിലൊന്നാണ് കരാറിലൂടെ രൂപപ്പെടുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളും ധാതുക്കളുമാണ് മെര്‍കോസില്‍ നിന്ന് ഇയുവിലേക്ക് പ്രധാനമായും കയറ്റുമതിചെയ്യുന്നത്. അതേസമയം കുറഞ്ഞ താരിഫ് നിരക്കില്‍ യന്ത്രങ്ങള്‍, രാസവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ ഇ യുവും കയറ്റുമതി ചെയ്യും.
ബ്രസീലില്‍ നിന്നും അയല്‍രാജ്യങ്ങളില്‍ നിന്നുമുള്ള വിലകുറഞ്ഞ ബീഫ് അടക്കമുള്ള വസ്തുക്കളുടെ ഒഴുക്ക് മൂലം ഉപജീവനമാര്‍ഗം തടസ്സപ്പെടുമെന്നതാണ് യൂറോപ്യന്‍ കര്‍ഷകരുടെ ആശങ്ക.ഈ ഭീതിയാണ് കരാറിനെ എതിര്‍ക്കാന്‍ അയര്‍ലണ്ട്, ഫ്രാന്‍സ്, പോളണ്ട്, ഹംഗറി, ഓസ്ട്രിയ എന്നിവയെ പ്രേരിപ്പിക്കുന്നത്.സൗത്ത് അമേരിക്കയില്‍ നിന്ന് 99,000 ടണ്‍ വിലകുറഞ്ഞ ബീഫ് എത്തുന്നത് പ്രതിസന്ധിയിലാക്കുമെന്ന് അയര്‍ലണ്ടിലെ കര്‍ഷകരും ഭയപ്പെടുന്നു.
ഇ യുവിന്റെ തീരുമാനം നിരാശാജനകമാണെന്ന് ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (ഐ എഫ് ഐ) അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ പാര്‍ലമെന്റില്‍ കരാറിനെതിരെ ഭൂരിപക്ഷം നേടുന്നതിന് ശ്രമിക്കുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ഐറിഷ് എംഇപിമാര്‍ കര്‍ഷക സമൂഹത്തിന് പിന്നില്‍ നില്‍ക്കുമെന്നും മെര്‍കോസൂര്‍ കരാര്‍ നിരസിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ഫ്രാന്‍സി ഗോര്‍മാന്‍ അറിയിച്ചു.
മെര്‍കോസൂരിലെ ബീഫ് യൂറോപ്യന്‍ യൂണിയന്റെ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായല്ല ഉല്‍പ്പാദിപ്പിക്കുന്നതെന്ന ആശങ്ക പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പങ്കുവെച്ചിരുന്നു. ഐറിഷ് കര്‍ഷകര്‍ക്കായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും ബാധ്യതകളും ഈ ഇറക്കുമതിയില്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പു നല്‍കണമെന്ന് മാര്‍ട്ടിന്‍ ആവശ്യപ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us