ഐറിഷ് പാസ്പോര്‍ട്ട് പുതുക്കല്‍ വൈകില്ല ,ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ …മന്ത്രിയുടെ ഉറപ്പ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
nbvcxsdertyu

ഡബ്ലിന്‍ : തിരക്കേറുന്ന സമ്മര്‍ അവധിക്ക് മുമ്പ് പാസ്പോര്‍ട്ട് അടക്കമുള്ള യാത്രാ രേഖകള്‍ പുതുക്കിയെന്ന് ഉറപ്പാക്കണമെന്ന് പ്രവാസി വകുപ്പ്. ആറ് മാസമെങ്കിലും സാധുതയുള്ളതാകണം പാസ്പോര്‍ട്ടുകളെന്ന വ്യവസ്ഥ മിക്ക നോണ്‍ യൂറോപ്യന്‍ യൂണിയന്‍ ഡസ്റ്റിനേഷനുകളും ബാധകമാക്കിയിട്ടുണ്ട്.

Advertisment

അതിനാല്‍ നേരത്തേ തന്നെ പുതുക്കുന്നത് യാത്ര പ്ലാന്‍ ചെയ്യുന്നതിന് സഹായകമാകുമെന്ന് ഐറിഷ് ട്രാവല്‍ ഏജന്റ്സ് അസോസിയേഷനും (ഐ ടി എ എ) പറയുന്നു. അവസാന നിമിഷം എല്ലാവരും ഒരുമിച്ച് പുതുക്കാനെത്തിയാല്‍ ആകെ കുഴപ്പമാകുമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

അഞ്ച് വര്‍ഷമായി പുതുക്കാത്ത, ലഭിച്ച് 15 വര്‍ഷത്തിലേറെയായ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് പുതിയ പാസ്പോര്‍ട്ടിന് എന്ന നിലയില്‍ അപേക്ഷിക്കേണ്ടതായി വരും.

പുതുക്കല്‍ ഓണ്‍ലൈനിലാക്കാം

ഐറിഷ് പാസ്‌പോര്‍ട്ട് ലോകത്തെവിടെ നിന്നും ഓണ്‍ലൈനായി പുതുക്കാനാകും.ആഴ്ചയില്‍ എല്ലാ ദിവസവും 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനം രാജ്യത്ത് സജ്ജമാണ്.

അതിനാല്‍ ആദ്യമായി അപേക്ഷിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും പാസ്‌പോര്‍ട്ട് ഓണ്‍ലൈനായി അപേക്ഷിക്കുന്നതാണ് നല്ലത്.

പുതുക്കിക്കിട്ടാന്‍ 10 ദിവസം

നിലവിലെ സമയക്രമമനുസരിച്ച് ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് പത്ത് പ്രവൃത്തി ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ടുകള്‍ പുതുക്കിക്കിട്ടും. ആദ്യ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്ക് 20 ദിവസത്തെ സമയം വേണം.

അര്‍ജന്റ് റിന്യൂവലിനും സംവിധാനം

പാസ്‌പോര്‍ട്ട് അടിയന്തിരമായി പുതുക്കേണ്ട അപേക്ഷകര്‍ക്ക് ഡബ്ലിനിലോ കോര്‍ക്കിലോ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ അര്‍ജന്റ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.

ഡബ്ലിന്‍ ഓഫീസ് ഒന്നുമുതല്‍ നാലു ദിവസത്തിനുള്ളിലും കോര്‍ക്ക് ഓഫീസ് നാല് ദിവസത്തിനുള്ളിലും അവ പുതുക്കിത്തരും.

തപാലില്‍ അയച്ചാല്‍ കാലതാമസം

തപാല്‍ അപേക്ഷകളേക്കാള്‍ വേഗത്തിലാണ് ഓണ്‍ലൈനില്‍ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതെന്നതാണ് നേട്ടം.

തപാല്‍ മുഖേനയുള്ള അപേക്ഷകള്‍ക്ക് കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും. കൂടാതെ തപാല്‍ ഡെലിവറി സമയവും വേണ്ടി വരും.

മന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍

സമ്മര്‍ തിരക്കിന് മുമ്പ് യാത്രാ രേഖകള്‍ സാധുതയുള്ളതാണെന്ന് ഉറപ്പാക്കണമെന്ന് പ്രവാസി കാര്യ മന്ത്രി സീന്‍ ഫ്ളെമിംഗ് അഭ്യര്‍ത്ഥിച്ചു.

ഇപ്പോള്‍ തിരക്കിന്റെ കാലമാണ്. 2024ല്‍ ഇതുവരെ 4,80,000 പാസ്‌പോര്‍ട്ടുകളാണ് വിതരണം ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ഈ മാസാവസാനത്തോടെ ഇത് 500,000 ആകുമെന്നാണ് കരുതുന്നത്.അതിനാല്‍  വേനല്‍ അവധിക്കാലത്തിന് മുമ്പ് എല്ലാവരും പാസ്‌പോര്‍ട്ട് പരിശോധിച്ച് കാലഹരണപ്പെട്ടതല്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

passport-renewal
Advertisment