/sathyam/media/media_files/2026/02/07/d-2026-02-07-03-28-57.jpg)
ഡബ്ലിന്‍: യു എസില്‍ നിന്നും നാടുകടത്തുന്ന ഐറിഷ് പൗരന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ഡെയ്ലില്‍ വെളിപ്പെടുത്തല്‍.യു എസില്‍ നിന്നുള്ള നാടുകടത്തലുമായി ബന്ധപ്പെട്ട് കോണ്‍സുലാര്‍ സഹായം തേടുന്ന ഐറിഷ് പൗരന്മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 330%മാണ് വര്‍ദ്ധിച്ചത്.നാടുകടത്തപ്പെട്ടവരും നാടുകടത്തല്‍ നടപടി നേരിടുന്നവരും ഐ സി ഇ തടങ്കലില്‍ കഴിയുന്നവരും ഇവരിലുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി നീല്‍ റിച്ച്മണ്ട് അറിയിച്ചു.
നിസ്സാരകാര്യങ്ങള്‍ക്കു പോലും ഐറിഷ് പൗരന്മാരെ തടങ്കലില്‍ വെയ്ക്കുന്ന നടപടികള്‍ തുടരുകയാണെന്ന് ലേബര്‍ ടി ഡി ഡങ്കന്‍ സ്മിത്ത് ഡെയ്ലില്‍ ചൂണ്ടിക്കാട്ടി. 2025 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഐ സി ഇ യുടെ കണക്കില്‍ ഇത് 99 ആണ്. 33 ഐറിഷ് പൗരന്മാരെ തടവിലാക്കിയിട്ടുണ്ട്. അവരാരും കോണ്‍സുലര്‍ സഹായം തേടിയിട്ടില്ല.ആ പൗരന്മാര്‍ എവിടെയാണ്, അവരെ എവിടെയാണ് തടവില്‍ വച്ചിരിക്കുന്നത്, അവരുടെ അവസ്ഥ എന്താണ്’ എന്നിവ കണ്ടെത്താന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് സ്മിത്ത് ആവശ്യപ്പെട്ടു.
ഡോണ ഹ്യൂസ്-ബ്രൗണിന്റെ യു എസ് അനുഭവം
11 വയസ്സ് മുതല്‍ യു എസില്‍ നിയമപരമായി താമസിക്കുന്ന 59 കാരിയായ ഡോണ ഹ്യൂസ്-ബ്രൗണിന്റെ അനുഭവവും ലേബര്‍ ടിഡി സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. കഴിഞ്ഞ ജൂലൈയില്‍ അയര്‍ലണ്ടിലേക്കുള്ള യാത്രയില്‍ നിന്ന് മടങ്ങുമ്പോള്‍ ഹ്യൂസ്-ബ്രൗണിനെ ചിക്കാഗോ വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടികൂടിയത്.ഗ്രീന്‍ കാര്‍ഡ് ഉടമയായ ഇവരെ ഇമിഗ്രേഷന്‍ അധികൃതര്‍ അഞ്ച് മാസത്തോളം തടഞ്ഞുവച്ചു.കുറഞ്ഞ തുകയ്ക്കുള്ള രണ്ട് ചെക്കുകള്‍ ബൗണ്‍സ് ചെയ്തതിനാലായിരുന്നു ഇത്.പിന്നീട് അത് അവര്‍ ക്ലിയര്‍ ചെയ്തു.
ഇവരെ ചിക്കാഗോയില്‍ നിന്ന് സംസ്ഥാനത്തിന് പുറത്തെ കെന്റക്കിയിലേക്കാണ് കൊണ്ടുപോയത്. തികച്ചും പരിതാപകരമായ സാഹചര്യങ്ങളിലാണ് താമസിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ അറിയുന്നതും അറിയപ്പെടാത്തതുമായ നിരവധി സംഭവങ്ങള്‍ അമേരിക്കയില്‍ നടക്കുന്നുണ്ടെന്നും ടി ഡി വിശദീകരിച്ചു. അവയൊക്കെ കോണ്‍സുലറിലെത്താന്‍ കാത്തിരിക്കരുതെന്നും ടി ഡി ആവശ്യപ്പെട്ടു.
യഥാര്‍ത്ഥമായ വെല്ലുവിളിയാണിതെന്നും ചില പൗരന്മാര്‍ വിവിധ കാരണങ്ങളാല്‍ കോണ്‍സുലര്‍ സഹായം തേടുന്നില്ലെന്നും മന്ത്രി അറിയിച്ചു. വളരെ ആശങ്കയോടെ പ്രവര്‍ത്തിക്കുന്ന യു എസിലെ ഐറിഷ് ഗ്രൂപ്പുകളെ താന്‍ കണ്ടുമുട്ടിയതായി റിച്ച്മണ്ടും വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരാള്‍ മാത്രമേ കോണ്‍സുലര്‍ സഹായം തേടിയുള്ളുവെന്ന് മന്ത്രി
ഈ വര്‍ഷം ഇതുവരെ ഒരാള്‍ മാത്രമേ തന്റെ വകുപ്പില്‍ നിന്ന് കോണ്‍സുലര്‍ സഹായം തേടിയുള്ളുവെന്ന് റിച്ച്മണ്ട് പറഞ്ഞു.ഈ കണക്ക് യു എസില്‍ നിന്നുള്ള എല്ലാ നാടുകടത്തലുകളും പ്രതിഫലിപ്പിക്കുന്നില്ല.വിദേശത്ത് ഒരു പൗരന്‍ ബുദ്ധിമുട്ടിലാണെങ്കിലും കോണ്‍സുലര്‍ സഹായം അഭ്യര്‍ത്ഥിക്കാത്ത നിരവധി സംഭവങ്ങളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഐ സി ഇയുടെ നടപടികളില്‍ ലോകം മുഴുവന്‍ ദുഃഖിതരാണെന്ന് സ്മിത്ത് പറഞ്ഞു.എല്ലാ കുടിയേറ്റ ഗ്രൂപ്പുകളെയും ലക്ഷ്യം വച്ചാണ് ഈ ആക്രമണം നടക്കുന്നത്.ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡിപ്പാര്‍ട്ട്‌മെന്റിന് തടങ്കലിനെക്കുറിച്ചോ വരാനിരിക്കുന്ന നാടുകടത്തലിനെക്കുറിച്ചോ അറിവുണ്ടാകില്ല.വിദേശത്ത് ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഐറിഷ് പൗരന്മാര്‍ക്ക് സാധ്യമായ എല്ലാ കോണ്‍സുലര്‍ സഹായവും നല്‍കാന്‍ തയ്യാറാണെന്ന് റിച്ച്മണ്ട് പറഞ്ഞു’.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us