അയര്‍ലണ്ടിലെ പുതിയ വാടക നിയമം, വാടകക്കാര്‍ക്ക് അനുകൂലമോ ?

New Update
B

ഡബ്ലിന്‍: വാടകക്കാര്‍ക്ക് ആറ് വര്‍ഷം വരെ താമസിക്കാന്‍ അനുവദിക്കുന്ന പുതിയ വാടക നിയമം പ്രാബല്യത്തിലെത്തുന്നത് മുന്‍നിര്‍ത്തി നിലവിലുള്ള വാടകക്കാരെ കുടിയൊഴിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് വീട്ടുടമകള്‍ക്ക് , സര്‍ക്കാര്‍ ഇമെയിലും കത്തുകളും അയച്ചു തുടങ്ങി.

Advertisment

നിലവിലുള്ള എല്ലാ വാടകക്കാരെയും നിലനിര്‍ത്തണമെന്നും ഇവര്‍ക്ക് പുതിയ നിയമം ബാധകമല്ലെന്നും കത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വീട്ടുടമകള്‍ക്കുള്ള ആശങ്കകള്‍ ദുരീകരിക്കാനാണ് കത്തും ഇമെയിലും നല്‍കുന്നതെന്ന് വകുപ്പിന്റെ വക്താവ് വിശദീകരിച്ചു. പുതിയ വാടക നിയമം വീട്ടുടമകളില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വാടക പരിഷ്‌കാരങ്ങളെക്കുറിച്ച് വീട്ടുടമകളില്‍ നിന്ന് നിരവധി ചോദ്യങ്ങള്‍ വകുപ്പിന് ലഭിച്ചിരുന്നു. ’2026 മാര്‍ച്ച് 1 മുതലുള്ള പുതിയ വാടക ഉടമ്പടികള്‍ക്ക് മാത്രമേ പുതിയ മാറ്റങ്ങള്‍ ബാധകമാകൂവെന്നും കത്തില്‍ വ്യക്തമാക്കുന്നു.കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്നതിന് ഭൂവുടമകള്‍ക്ക് പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് വക്താവ് വിശദീകരിച്ചു.മാര്‍ച്ചിലാണ് പുതിയ വാടക നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. നിലവിലുള്ള വാടകക്കാര്‍ തുടര്‍ന്നാല്‍ അവരെ നിയമം ബാധിക്കില്ലെന്നും കത്തില്‍ പറയുന്നു.

2026 മാര്‍ച്ചിന് മുമ്പ് നിലവിലുള്ള വാടകക്കാരെ ഒഴിപ്പിക്കേണ്ട ആവശ്യമില്ലെന്ന് വകുപ്പ് ഇമെയിലില്‍ വ്യക്തമാക്കി.കഴിഞ്ഞ ആഴ്ച 5,405 കുടിയൊഴിപ്പിക്കല്‍ നോട്ടീസുകള്‍ നല്‍കിയതായി റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡില്‍ നിന്നുള്ള കണക്കുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 35% കൂടുതലാണിതെന്ന് വിലയിരുത്തിയിരുന്നു.

ഭവനവകുപ്പിന്റെ കത്തിനെ ആക്ഷേപിച്ച് വീട്ടുടമകള്‍

ശക്തമായ ഭാഷയിലാണ് ഭവനവകുപ്പിന്റെ കത്തിനെ വീട്ടുടമകള്‍ പരിഹസിക്കുന്നത്.്ഭവന വകുപ്പില്‍ നിന്നുള്ള ‘ഭിക്ഷാടന അറിയിപ്പെന്നാണ് ഒരാള്‍ കത്തിനെ വിശേഷിപ്പിച്ചത്. വാടകക്കാരെ ഒഴിപ്പിക്കരുതെന്ന് ബോര്‍ഡ് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ചില വീട്ടുടുമകള്‍ ആര്‍ടിബി രജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.

പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

അടുത്ത വര്‍ഷം മാര്‍ച്ച് ഒന്നു മുതലാണ് വാടക നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നത്. മാര്‍ച്ച് മുതല്‍ പുതിയ വാടക വീടുകളുടെ കരാര്‍ ആറ് വര്‍ഷമായിരിക്കും. ഈ കാലയളവില്‍ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ ഭൂവുടമകള്‍ക്ക് വാടക കരാര്‍ അവസാനിപ്പിക്കാനും കുടിയൊഴിപ്പിക്കാനുമാകൂ.

ആറ് വര്‍ഷത്തിന് ശേഷമേ വാടക പുനക്രമീകരിക്കാനും വീട് വീണ്ടും വാടക വിപണിയില്‍ വയ്ക്കാനും കഴിയൂ.വാടക പുനക്രമീകരണം 2032ലേ ഉണ്ടാകൂ എന്ന് ഇത് അര്‍ത്ഥമാക്കുന്നു.

രാജ്യവ്യാപകമായി വാടക പരിധിയും നിലവില്‍ വരും. പുതിയ നിയമം അനുസരിച്ച് വീട്ടുടമസ്ഥര്‍ക്ക് ഓരോ വര്‍ഷവും 2% ല്‍ കൂടുതല്‍ വാടക വര്‍ദ്ധിപ്പിക്കാനുമാകില്ല.അഥവാ പണപ്പെരുപ്പത്തിന് അനുസൃതമായി വര്‍ധിപ്പിക്കാനും അനുവാദമുണ്ട്. പുതിയതായി നിര്‍മ്മിക്കുന്ന അപ്പാര്‍ട്ടുമെന്റുകളെ ഈ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

എന്നാല്‍ ആദ്യത്തെ 6 വര്‍ഷ കാലയളവിന് ശേഷവും ,ആവശ്യമെങ്കില്‍ നിലവിലുള്ള വാടകക്കാരന് തുടരാനും അവസരം നല്‍കാം.വാടക കൂട്ടുമെന്ന് മാത്രം.

പണമടയ്ക്കല്‍ പോലുള്ള ബാധ്യതകള്‍ വാടകക്കാരന്‍ നിറവേറ്റാത്ത സാഹചര്യങ്ങളില്‍ വീട്ടുടമയ്ക്കോ , വാടകക്കാരന്റെ ആവശ്യങ്ങള്‍ക്ക് വീട് അനുയോജ്യമല്ലെങ്കില്‍ വാടകക്കാരനോ കരാര്‍ അവസാനിപ്പിക്കാം

വാടകക്കാര്‍ സ്വമേധയാ വീടുകള്‍ ഒഴിയുന്ന സന്ദര്‍ഭങ്ങളില്‍ ഭൂവുടമകള്‍ക്ക് വാടക വര്‍ദ്ധിപ്പിക്കാന്‍ അനുവാദമുണ്ട്. കുടിയിറക്കപ്പെടുന്ന കേസുകളില്‍ അതില്ല.

നാലോ അതിലധികമോ വീടുകള്‍ സ്വന്തമായുള്ള ഭൂവുടമകള്‍ക്ക് നോ ഫാള്‍ട്ട് എവിക്ഷന്‍ നിഷേധിക്കും.

മൂന്നോ അതില്‍ കുറവോ വാടക വീടുകളുള്ള ചെറിയ ഭൂവുടമകള്‍ക്ക് ചില സാഹചര്യങ്ങളില്‍ വാടകക്കാരെ ഒഴിപ്പിക്കാന്‍ കഴിയും. സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിലോ കുടുംബാംഗത്തിന്റെ താമസത്തിനു വേണ്ടിയോ ആണ് ഈ ഇളവുകള്‍ നല്‍കുക.

മാര്‍ച്ച് അവസാന തീയതിക്ക് മുമ്പ് കുടിയൊഴിപ്പിക്കലുകളില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് ഐറിഷ് പ്രോപ്പര്‍ട്ടി ഓണേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൂടാതെ ചട്ടങ്ങള്‍ കര്‍ശനമാകുന്ന സാഹചര്യത്തില്‍ ചില ചെറിയ ലാന്‍ഡ്ലോര്‍ഡുമാര്‍ വീടുകള്‍ വിറ്റ്, വാടക മാര്‍ക്കറ്റില്‍ നിന്ന് പിന്മാറാനുള്ള സാധ്യതയും തെളിയുന്നുണ്ട്. വാടക വീടുകളുടെ മൊത്തം ലഭ്യത കുറച്ച് ദീര്‍ഘകാലത്ത് വാടക നിരക്കുകള്‍ കൂടാന്‍ ഇത്തരം നീക്കങ്ങള്‍ ഇടയാക്കും.

Advertisment