ഇസ്രായേൽ അയർലണ്ടിന്റെ അംബാസഡറെ തിരിച്ചു വിളിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
87654qsdfgh

ഡബ്ലിന്‍ : പാലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുന്ന അയര്‍ലണ്ടിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഇസ്രായേല്‍. ഈ തീരുമാനത്തിന്മേല്‍ നിശ്ശബ്ദമായി ഇരിക്കുമെന്ന് കരുതേണ്ടെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. അയര്‍ലണ്ട്, നോര്‍വ്വേ എന്നിവിടങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരെ തിരിച്ചുവിളിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.

Advertisment

പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള അയര്‍ലണ്ടിന്റെ തീരുമാനം ഭീകരവാദത്തിനുള്ള സമ്മാനമാണെന്ന് അയര്‍ലണ്ടിലെ ഇസ്രായേല്‍ അംബാസഡര്‍ ഡാന എര്‍ലിച്ച് പറഞ്ഞു. അയര്‍ലണ്ടിന്റെ പ്രഖ്യാപനത്തെ ഹമാസ് സ്വാഗതം ചെയ്തത് തീവ്രവാദത്തിനുള്ള സമ്മാനമാണെന്നതിന്റെ സൂചനയാണ്. അയര്‍ലണ്ട് ഹമാസിനെ അപലപിക്കുന്നില്ലെന്നും എര്‍ലിച്ച് ആരോപിച്ചു.

ഒക്ടോബര്‍ ഏഴിന് മാത്രമല്ല ഹമാസ് ആക്രമണം നടത്തിയിട്ടുള്ളത്.അവസരം കിട്ടിയാല്‍ എല്ലാ ദിവസവും ഇസ്രായേലികളെ കൊല്ലും.അതിനാല്‍, ഒക്ടോബര്‍ ഏഴിലെ അതിക്രമങ്ങള്‍ക്ക് മാത്രം അവരെ ഉത്തരവാദികളാക്കിയാല്‍ പോരാ”. ഇസ്രായേലിന്റെ സാധാരണക്കാരായ 1,170ലധികം ആളുകളെയാണ് അവര്‍ ഒറ്റ ദിവസം കൊന്നത്. അതിന് ശേഷമുള്ള പോരാട്ടത്തില്‍ ഇതുവരെ 279 സൈനികരും മരിച്ചു. അന്ന് ബന്ദികളാക്കിയ 252 പേരില്‍ 128 പേര്‍ ഇപ്പോഴും ഗാസയില്‍ തടവിലാണ്. ഇവരില്‍ 38 പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നാണ്
ഹമാസിനെ നശിപ്പിക്കുമെന്ന പ്രതിജ്ഞയുമായി ഇസ്രായേല്‍ പ്രതികാരം തുടങ്ങിയത്.

പ്രഖ്യാപനം

പ്രധാനമന്ത്രി സൈമണ്‍ ഹാരിസാണ് രാജ്യത്തിന്റെ നിര്‍ണ്ണായക തീരുമാനം ലോകത്തെ അറിയിച്ചത്. സര്‍ക്കാര്‍ കക്ഷി നേതാക്കളായ ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഗ്രീന്‍ നേതാവ് എയ്‌മോണ്‍ റയാന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം പാലസ്തീനെ അംഗീകരിക്കുന്ന പ്രഖ്യാപനത്തിന്റെ ഭാഗമായി. നോര്‍വേയും പാലസ്തീനെ അംഗീകരിച്ചു. സ്‌പെയിന്‍ മെയ് 28ന് അംഗീകാരം നല്‍കുന്ന പ്രഖ്യാപനം നടത്തും.

ചരിത്രപരമായി വളരെ പ്രധാനപ്പെട്ട തീരുമാനമാണിതെന്ന് പ്രധാനമന്ത്രി പ്രഖ്യാപനത്തെ വിശേഷിപ്പിച്ചു. സമാധാനവും പ്രത്യാശയും നിറഞ്ഞ ഭാവിയാണ് പാലസ്തീന്‍ ജനത അര്‍ഹിക്കുന്നതെന്ന് ഹാരിസ് പറഞ്ഞു.

നടപ്പാക്കിയത് 2014ലെ തീരുമാനം
പാലസ്തീനെ അംഗീകരിക്കുന്ന ബില്‍ 2014ല്‍ സീനഡും ഡെയിലും പാസാക്കിയതാണ്.മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ഏകോപനം കൂടി വരട്ടെയെന്ന നിലപാടു മൂലം ഇതുവരെ അത് പാലിച്ചില്ല. മാള്‍ട്ട, സ്ലോവേനിയ, സ്‌പെയിന്‍ എന്നിവരുമായി ചേര്‍ന്ന് മാര്‍ച്ചില്‍ അന്നത്തെ പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഇതു സംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ഒരു ദശാബ്ദം മുമ്പെടുത്ത തീരുമാനമാണിതെന്ന് സിന്‍ ഫെയ്ന്‍ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് പറഞ്ഞു. സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രവും സുരക്ഷിത ഇസ്രായേലും സൃഷ്ടിക്കുന്നതിന് അന്താരാഷ്ട്ര നിയമത്തില്‍ അടിയുറച്ച ശക്തമായ സമാധാന പ്രക്രിയ കൂടി ആവശ്യമാണ്.
Advertisment