/sathyam/media/media_files/2025/10/05/ggg-2025-10-05-04-34-55.jpg)
ലെബനന്‍: തെക്കന്‍ ലെബനനിലെ ഐറിഷ് സമാധാന സേനയുടെ താവളത്തിന് സമീപം ഇസ്രായേല്‍ ഗ്രനേഡുകള്‍ വര്‍ഷിച്ചു.സൈനിക ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.യുഎന്‍പി 6-52 ലെ ഐറിഷ് ഔട്ട്‌പോസ്റ്റിന് സമീപം നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. വീടുകളില്‍ നിന്ന് ബോംബുകളുടെയും മറ്റും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ പ്രദേശവാസികളെ സൈന്യം സഹായിക്കുന്നതിനിടയിലാണ് മറൂണ്‍ അര്‍-റാസിലെ ഗ്രനേഡാക്രമണം.
അറ്റ് തിരിക്ക് സമീപമുള്ള പ്രധാന ഐറിഷ് സേനാ താവളമായ ഷാംറോക്ക് യുഎന്‍പി 2-45ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് ഈ സംഭവം നടന്നത്.
തെക്കന്‍ ലെബനനിലുടനീളം ബോംബ് വീണ് തകര്‍ന്ന കെട്ടിടങ്ങളിലെ മൃതദേഹങ്ങള്‍ നീക്കുന്നതിലും തിരച്ചിലിനും ഐറിഷ് സൈനികര്‍ ലെബനന്‍ സായുധ സേനയെയും സാധാരണക്കാരെയും സഹായിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് യുനിഫില്‍ പ്രസ്താവനയില്‍ പറഞ്ഞു.സമാധാന സേനാംഗങ്ങളുടെ 500മീറ്റര്‍ അകലെയാണ് ആദ്യം ഗ്രനേഡുകള്‍ വീണ് പൊട്ടിത്തെറിച്ചത്.ഒരു സംഘം ഡ്രോണുകള്‍ തലയ്ക്ക് മുകളിലൂടെ പറന്നെത്തി.ഏകദേശം 30-40 മീറ്റര്‍ അകലെ പൊട്ടിത്തെറിച്ചു. 20 മിനിറ്റിനുശേഷം തലയ്ക്ക് മുകളില്‍ 20 മീറ്റര്‍ മാത്രം ഉയരത്തില്‍ ഗ്രനേഡ് ഡ്രോണുകള്‍ വീണ്ടുമെത്തി.അവയും പൊട്ടിത്തെറിച്ചു.
ഇവിടുത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് മുന്‍കൂട്ടി ഐ ഡി എഫിനെ അറിയിച്ചിരുന്നുവെന്ന് യുനിഫില്‍ പറഞ്ഞു. ഇസ്രായേല്‍ സേനയെ ബന്ധപ്പെട്ട് വെടിവയ്പ്പ് ഉടന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. സമാധാനപാലകര്‍ക്കെതിരായ ആക്രമണങ്ങളും പ്രവര്‍ത്തനങ്ങളും സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് യുനിഫില്‍ പറഞ്ഞു.
ലെബനനിലെ ഐറിഷ് സൈനിക ഉദ്യോഗസ്ഥരെല്ലാം സുഖമായിരിക്കുന്നുവെന്ന് ഐറിഷ് ഡിഫന്‍സ് ഫോഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.’മറോണ്‍ അര്‍-റാസിന് സമീപമുണ്ടായ സംഭവത്തില്‍ ഐറിഷ്പോള്‍ബാറ്റ് ഓപ്പറേഷന്‍സ് ഏരിയയിലെ 126ാമത് ഇന്‍ഫന്‍ട്രി ബറ്റാലിയനിലെ അംഗങ്ങളാണ് ഉള്‍പ്പെട്ടിത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.സൈനികര്‍ ഫലപ്രദമായി പ്രവര്‍ത്തിച്ച് അവരുടെ ദൗത്യം നിറവേറ്റുന്നുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി.
ഐറിഷ്പോള്‍ബാറ്റ് പോളിഷ് സൈനികരോടൊപ്പമാണ് സേവനമനുഷ്ഠിക്കുന്നത്.ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ യുനിഫില്‍ മിഷന്റെ മാന്‍ഡേറ്റ് പുതുക്കുന്നത് സംബന്ധിച്ച വോട്ടെടുപ്പ് വീറ്റോ ചെയ്യാന്‍ അമേരിക്കയ്ക്ക് മേല്‍ ഇസ്രായേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.അതിനാല്‍ 2027ല്‍ യുനിഫില്‍ ദൗത്യം അവസാനിക്കുമെന്നാണ് കരുതുന്നത്.