വെറുതെ പറയുന്നതല്ല ! അയര്‍ലണ്ടിന്റെ തൊഴില്‍ വിപണി കൂടുതല്‍ സജീവമാകുന്നു

New Update
Bbb

ഡബ്ലിന്‍: താരിഫ് യുദ്ധമുയര്‍ത്തിയ ആശങ്കകളെല്ലാം വിട്ടൊഴിഞ്ഞ് അയര്‍ലണ്ടിന്റെ തൊഴില്‍ വിപണി കൂടുതല്‍ സജീവമാകുന്നുവെന്ന് സ്ഥിരീകരിച്ച് കൂടുതല്‍ പഠനറിപ്പോര്‍ട്ടുകള്‍.വരാന്‍ പോകുന്നത് തൊഴിലവസരങ്ങളുടെ വേലിയേറ്റമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തപ്പെടുന്നത്.

Advertisment

അടുത്ത വര്‍ഷം നാലിലൊന്ന് എന്ന ക്രമത്തില്‍ തൊഴിലുടമകള്‍ പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് ഐറിഷ് ജോബ്‌സ് നിയമന പ്ലാറ്റ്‌ഫോം നടത്തിയ ഏറ്റവും പുതിയ സര്‍വ്വേ വെളിപ്പെടുത്തുന്നു.വന്‍കിട ബിസിനസ് സംരംഭങ്ങള്‍ക്കും തൊഴിലന്വേഷകരോട് പോസിറ്റീവ് വീക്ഷണമാണുള്ളത്. ഇത്തരം 27% സ്ഥാപനങ്ങളും വരും മാസങ്ങളില്‍ നിയമനം വര്‍ദ്ധിപ്പിക്കുമെന്ന സൂചനയാണ് സര്‍വ്വേ നല്‍കുന്നത്.

500 തൊഴിലുടമകള്‍, 1,000 പ്രൊഫഷണലുകള്‍ എന്നിവരില്‍ നിന്നുമാണ് ഗവേഷണത്തിനാവശ്യമായ ഡാറ്റകള്‍ ശേഖരിച്ചത്. ഐറിഷ് ജോബ്‌സില്‍ നിന്നുള്ള ഇന്‍-ഹൗസ് ഡാറ്റയും ഇതിനായി ഉപയോഗിച്ചു.സര്‍വേയില്‍ പങ്കെടുത്ത തൊഴിലുടമകളില്‍ 33% പേരും 2025 ഏപ്രില്‍ മുതല്‍ റിക്രൂട്ട്‌മെന്റുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ കാണിക്കുന്നു. അതേസമയം 24% തൊഴിലുടമകള്‍ കഴിഞ്ഞ ആറ് മാസത്തിനിടെ അവരുടെ സ്ഥാപനത്തിലെ ജീവനക്കാരെ പുനക്രമീകരിക്കുന്നതായും ബോധ്യപ്പെട്ടു.

വിദഗ്ദ്ധരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നത് പ്രധാന വെല്ലുവിളിയായി തുടരുന്നതായി സര്‍വ്വേ പറയുന്നു.പത്തില്‍ ഏഴ് തൊഴിലുടമകളും ശരിയായ കഴിവും ശേഷിയുമുള്ള പ്രതിഭകളെ റിക്രൂട്ട് ചെയ്യാന്‍ പാടുപെടുന്നതായി ഗവേഷണം വെളിപ്പെടുത്തി. പ്രോഗ്രാമിംഗ്, ഡാറ്റ വിശകലനം, എ ഐ കോംപിറ്റന്‍സീസ് തുടങ്ങിയ സാങ്കേതിക വൈദഗ്ധ്യങ്ങളാവശ്യപ്പെടുന്ന തൊഴിലുകളിലാണ് ആളെ കിട്ടാത്തത്.

ഭരണ ഭാരം കുറയ്ക്കുന്നതിനും നിയമന പ്രക്രിയ സുഗമമാക്കുന്നതിനും റിക്രൂട്ടര്‍മാര്‍ എ ഐ ഉപകരണങ്ങളും ഓട്ടോമേഷനും കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും ഗവേഷണം തെളിയിച്ചു.സര്‍വേയില്‍ പങ്കെടുത്ത തൊഴിലുടമകളില്‍ പകുതിയോളം പേര്‍ തൊഴില്‍ പരസ്യങ്ങള്‍ തയ്യാറാക്കാന്‍ എ ഐയെയാണ് ഉപയോഗിക്കുന്നത്. 35% പേര്‍ ഉദ്യോഗാര്‍ത്ഥികളുമായുള്ള അഭിമുഖം ഷെഡ്യൂള്‍ ചെയ്യാന്‍ സഹായിക്കുന്നതിന് എ ഐയെ ഉപയോഗിക്കുന്നു.

മികച്ച ശമ്പളവും തൊഴില്‍-ജീവിത സന്തുലിതാവസ്ഥയും മുന്‍നിര്‍ത്തി 21% ഉദ്യോഗാര്‍ത്ഥികള്‍ പുതിയ ജോലിക്കായി അന്വേഷിക്കുകയാണെന്നും പഠനം പറയുന്നു.

Advertisment