അയർലണ്ടിലെ വാകിൻസ്ടൗൺ, ഡബ്ലിനിൽ കേരള മുസ്ലിം കമ്മ്യൂണിറ്റി അയർലണ്ടിന്റെ (കെഎംസിഐ) ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാചരണം ആകർഷകമായ രീതിയിൽ സംഘടിപ്പിച്ചു.
പരിപാടിയുടെ മുഖ്യാതിഥിയായി അയർലൻഡിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിഷ്റ പങ്കെടുക്കുകയും, റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു.
കലാപരിപാടികളും ഗാനമേളയും ആഘോഷത്തിന്റെ ഹൈലൈറ്റ്
വർണ്ണശബളമായ കലാപരിപാടികളും മികവാർന്ന ഗാനമേളയും ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. കെഎംസിഐ അംഗങ്ങളുടെയും കുട്ടികളുടെയും പ്രകടനങ്ങൾ പരിപാടിക്ക് കൂടുതൽ നിറം നൽകി.
കെഎംസിഐ സെക്രട്ടറി ഫമീർ സി കെ യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ഔദ്യോഗിക പരിപാടിയിൽ ചെയർമാൻ അനസ്. എം.സയ്യിദ് അധ്യക്ഷ പ്രസംഗം നിർവഹിച്ചു. അധ്യക്ഷ പ്രസംഗത്തിൽ കേരളത്തിലെ സ്വാതന്ത്യസമര സേനാനിയായ മുഹമ്മദ് അബ്ദുറഹിമാൻ അവർകളെ പ്രേത്യേകം അനുസ്മരിച്ചു. മുഖ്യാതിഥി, ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിഷ്റ റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഭരണഘടനയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനോടൊപ്പം കേരളം ഇന്ത്യയുടെ സംശുദ്ധ പരിച്ഛേദം ആണെന്നും കേരളത്തിലെ സൗഹാർദ്ദ അന്തരീക്ഷം മാതൃകയാക്കപ്പെടേണ്ടതാണെന്നും അഭിപ്രായപെട്ടു. കൂടാതെ റീത്തി മിശ്രയുടെ സാന്നിദ്ധ്യവും, കെഎംസിഐയുടെ പ്രവർത്തനത്തെ അവരുടെ സംഭാഷണത്തിൽ പ്രശംസിക്കുകയും ചെയ്തത് ചടങ്ങിന് ഭംഗി കൂട്ടി.കെഎംസിഐ വൈസ് പ്രസിഡന്റ് ജാസ്മിൻ ഷറഫ് നന്ദി പ്രകാശനം നിർവഹിച്ചു.