/sathyam/media/media_files/cEWbHQxbI3OmeDTbatXi.jpg)
കെറി : നഴ്സുമാര്‍ക്ക് അവരര്‍ഹിക്കുന്ന നിലയില്‍ വേതനം ലഭിക്കുന്നില്ലെന്ന് കെറി കൗണ്ടി കൗണ്‍സില്‍.നഴ്‌സുമാരുടെ അമിതാധ്വാനത്തിന് കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്ന് എച്ച് എസ്. ഇ രേഖകള്‍ ഉദ്ധരിച്ച് കൗണ്ടി കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.
കൗണ്ടിയിലെ നഴ്‌സുമാരുടെ ലഭ്യത കുറവിനെക്കുറിച്ച് കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്ടി കൗണ്‍സില്‍ വിവരങ്ങള്‍ തേടിയിരുന്നു. ഇതിന് ലഭിച്ച മറുപടിയിലെ കണക്കുകള്‍ വിലയിരുത്തിയ ശേഷമാണ് അയര്‍ലണ്ടിലെ ആശുപത്രികളിലെ നഴ്സുമാരുടെ കഷ്ടം നിറഞ്ഞ വേതന സാഹചര്യം കൗണ്‍സില്‍ പരാമര്‍ശിച്ചത്.
നഴ്‌സുമാര്‍ക്ക് കൂടുതല്‍ പരിഗണണ നല്‍കണമെന്ന് കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. വിദേശത്ത് നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് 2023ല്‍ മാത്രം 20 മില്യണ്‍ യൂറോ ചെലവിടുന്നു. എന്നാല്‍ മോശം ശമ്പളവും തൊഴില്‍ സാഹചര്യങ്ങളും കാരണം നഴ്സുമാര്‍ ഈ രാജ്യം വിട്ടു മറ്റു രാജ്യങ്ങളിലേക്ക് പോവുകയാണ്. കെറി മേഖലയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെയും മിഡ് വൈഫുമാരുടെയും മനോവീര്യം ഇപ്പോള്‍ എക്കാലത്തെയും താഴ്ന്ന നിലയിലാണെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
അമിത ജോലിഭാരം കാരണം നഴ്‌സുമാര്‍ ഷിഫ്ട് അവസാനിച്ചതിന് ശേഷം പേപ്പര്‍വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിന് മണിക്കൂറുകളോളം ജോലി ചെയ്യുന്നു.അവര്‍ക്കതിന് ഓവര്‍ടൈം വേതനമൊന്നും ലഭിക്കുന്നില്ല.നമ്മളോ നമ്മുടെ കുടുംബാംഗങ്ങളോ ആശുപത്രിയില്‍ കഴിയുമ്പോള്‍ മാത്രമേ നഴ്‌സുമാരുടെ മൂല്യം തിരിച്ചറിയാനാകൂയെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
ലോക്കല്‍ ആശുപത്രികളിലേയ്ക്ക് വിദേശത്ത് നിന്ന് ഒരു നഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നതിന് മാത്രം 10,815യൂറോയാണ് ചെലവ്. അവര്‍ അവിടെ വേണ്ടെന്ന് തീരുമാനിച്ചാല്‍ മടക്കി അയക്കനായി 800 യൂറോ കൂടി അധികമായി നല്‍കേണ്ടി വരുമെന്നാണ് എച്ച് എസ്. ഇ കൗണ്‍സിലിനെ അറിയിച്ചത്!
സ്റ്റാഫ് നഴ്‌സുമാര്‍ക്ക് വര്‍ഷം 30,000 യൂറോയില്‍ താഴെയാണ് പ്രാരംഭ ശമ്പളം. ഈ ശമ്പളം 10 ശതമാനം വര്‍ദ്ധിപ്പിച്ചു നല്‍കിയാല്‍ അയര്‍ലണ്ടിനെ കൂടുതല്‍ ആകര്‍ഷകമാക്കാനാകുമെന്ന് കൗണ്‍സിലര്‍ മീഹോള്‍ കാഹില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us