/sathyam/media/media_files/2026/03/06/c-2026-03-06-03-43-27.jpg)
ഡബ്ലിനിലെ ഹരോൾഡ്‌സ് ക്രോസിൽ തൻ്റെ വാടകക്കാരനായിരുന്ന ഔരിമസ് എവിഷ്ഠിഫെജീവസിന് ഹൗസിംഗ് അസിസ്റ്റൻസ് പേയ്‌മെന്റ് (എച്ച് എ പി) ലഭിക്കുന്നതിന് ആവശ്യമായ രേഖകളിൽ ഒപ്പിടാൻ വിസമ്മതിച്ച ഭൂവുടമ സ്റ്റീഫൻ വിൻസെന്റിനോട്, നഷ്ടപരിഹാരമായി 15,000 യൂറോ നൽകാൻ ഉത്തരവിട്ട് വർക്ക്പ്ലെയ്സ് റിലേഷൻസ് കമ്മീഷൻ (ഡബ്ല്യൂ ആർ ടി ). എച്ച്എ പി ഫോമുകളിൽ ഒപ്പിടാത്തത് വിവേചനമാണെന്നും ഇത് വാടകക്കാരൻ ഭവനരഹിതനാകാൻ ഇടയാക്കിയെന്നും ഡബ്ല്യൂ ആർ സി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതേ വാടകക്കാരനുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ, റെസിഡൻഷ്യൽ ടെനൻസി ബോർഡ് (ആർ ടി ബി ) ട്രിബ്യൂണൽ വിൻസെന്റിനോടും സഹ ഭൂവുടമ സൂസൻ ഓബ്രിയനോടും €17,463 നഷ്ടപരിഹാരം നൽകാൻ നേരത്തെ ഉത്തരവിട്ടിരുന്നു.
വാടക കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് 2024 ജൂലൈയിൽ ഔരിമസ് എവിഷ്ഠിഫെജീവസിനെ നിയമവിരുദ്ധമായി ഒഴിപ്പിച്ചതിനാണ് ആർ ടി ബി പ്രധാനമായും നഷ്ടപരിഹാരം വിധിച്ചത്. താമസം അവസാനിപ്പിക്കാനുള്ള നോട്ടീസ് നൽകിയ ശേഷം ഭൂവുടമ വൈദ്യുതി, വെള്ളം, വൈഫൈ എന്നിവ വിച്ഛേദിക്കുകയും കട്ടിലും മുൻവാതിലും നീക്കം ചെയ്യുകയും ചെയ്തു. കൂടാതെ, വാടകക്കാരന്റെ സാധനങ്ങൾ തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഈ നടപടികൾ വാടകക്കാരന്റെ സമാധാനപരമായ താമസത്തിനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും “മനപ്പൂർവ്വവും ബോധപൂർവ്വവുമുള്ളത്” ആണെന്നും ആർ ടി ബി ട്രിബ്യൂണൽ അധ്യക്ഷ വ്യക്തമാക്കി.
താമസസ്ഥലത്തിന്റെ നിലവാരമില്ലായ്മയും അറ്റകുറ്റപ്പണികൾ നടത്താത്തതും സംബന്ധിച്ച പരാതികളും ആർ ടി ബി ശരിവച്ചു. ചുമരുകളിൽ നിന്ന് തടി പാനലുകൾ വീഴുന്നതും ബാത്ത്റൂം വാതിൽ ഊരിപ്പോകുന്നതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വാടകക്കാരൻ അറിയിച്ചിട്ടും ഭൂവുടമ നടപടിയെടുത്തില്ല. ഡബ്ലിൻ സിറ്റി കൗൺസിലിന്റെ റിപ്പോർട്ടിലും ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങളിൽ പല ലംഘനങ്ങളും കണ്ടെത്തിയിരുന്നു. വാടകക്കാരന്റെ പെരുമാറ്റത്തിൽ ഭൂവുടമയ്ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും, അത് നിയമവിരുദ്ധമായ ഒഴിപ്പിക്കലിനെയോ മോശം പെരുമാറ്റത്തെയോ ന്യായീകരിക്കുന്നില്ലെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us