ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ടാക്സി ഡ്രൈവര്‍മാരെ കിട്ടാനില്ലാത്തത് വലിയ ‘പ്രതിസന്ധിയാവുന്നു.നിലവിലെ നിയമങ്ങളിലെ ‘വള്ളിക്കെട്ടുകള്‍’ കാരണമാണ് ചെറുപ്പക്കാരൊന്നും ഈ തൊഴില്‍ മേഖലയിലേയ്ക്ക് പുതുതായി വരാത്തതെന്ന ആക്ഷേപം വളരെ ശക്തമാണ്.കൂടുതല്‍ യുവാക്കളെ ടാക്സി മേഖലയിലേക്ക് കൊണ്ടുവരാന്‍ ഈ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്.
വാരാന്ത്യ രാത്രികളില്‍ രാജ്യത്തെ നിരവധി പട്ടണങ്ങളില്‍ ടാക്സികള്‍ കിട്ടാത്ത സ്ഥിതിയാണ്. ചെറുപ്പക്കാരെ എങ്ങനെയും ഈ മേഖലയിലേയ്ക്ക് കൊണ്ടുവരണം. വൈകിയ വേളകളില്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടുന്നില്ല. അയര്‍ലണ്ടില്‍ ടാക്സിക്ക് ഏറെ ആവശ്യക്കാരുണ്ട്. എന്നാല്‍ ആപ്പുകളില്‍ ലോഗിന്‍ ചെയ്യുന്നവര്‍ക്കൊന്നും സമയത്ത് ടാക്‌സി ലഭിക്കാറില്ലത്രേ.നിലവിലുള്ള നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടായാല്‍ യുവാക്കള്‍ ടാക്സി വ്യവസായത്തിലേക്ക് എത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
‘വള്ളിക്കെട്ടു’കള്‍ ഒഴിവാക്കൂ…
ടാക്സി ഡ്രൈവര്‍മാരാകണമെങ്കില്‍ നിലവില്‍ ലോക്കല്‍ നോളജ് ടെസ്റ്റ് വിജയിക്കണമെന്നതാണ് ഏറ്റവും വലിയ വൈതരണി. കാറുകളില്‍ സ്മാര്‍ട്ട് ഫോണുകളും ജി പി എസും ഡിജിറ്റല്‍ മാപ്പുമൊക്കെ വരുന്നതിന് മുമ്പ് രൂപകല്‍പ്പന ചെയ്ത ടെസ്റ്റാണിത്. ഈ പരീക്ഷയെഴുതുന്നതില്‍ 34% പേര്‍ മാത്രമേ വിജയിക്കുന്നുള്ളു.അനാവശ്യമായ ഈ ടെസ്റ്റ് ജോലി ചെയ്യാന്‍ വരുന്നവരെ ‘ വട്ടം കറക്കുന്നതാണെന്ന’ അഭിപ്രായം ശക്തമാണ്.
ചെറുകിട പബ്ലിക് സര്‍വീസ് വാഹനങ്ങളും വീല്‍ചെയര്‍ ആക്‌സസ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും പ്രശ്നമാണ്. ടാക്സി ഡ്രൈവര്‍മാരാകുന്നത് വളരെ ചെലവേറിയതാക്കുന്ന ക്രമീകരണമാണിത്. ഇതിനും പരിഹാരം ഉണ്ടാകണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യമുയര്‍ത്തുന്നു.
നിയമങ്ങള്‍ പൊളിച്ചെഴുതണം
നിയമങ്ങള്‍ യഥാകാലങ്ങളില്‍ മനുഷ്യരെ സഹായിക്കാനുള്ളതാകണമെന്നും അത് കാലോചിതമാക്കണമെന്നും ഡ്രൈവര്‍മാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു. അയര്‍ലണ്ടില്‍ അഞ്ഞൂറോളം ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്.ഭാഷ തിരിച്ചുള്ള സംഘടനകളും നിലവിലുണ്ട്.മലയാളി ഡ്രൈവര്‍മാരുടെ വാര്‍ഷിക സമ്മേളനം അടുത്തിടെ നടത്തപ്പെട്ടിരുന്നു.
ഗ്രാമങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്ന നിരവധിയാളുകള്‍ക്ക് വാരാന്ത്യങ്ങളിലും തിരക്കേറിയ സമയങ്ങളിലും മാത്രം ടാക്സി സര്‍വീസ് നടത്താന്‍ താല്‍പ്പര്യമുള്ളവരാണ്. നിയമം ലഘൂകരിച്ച് അവര്‍ക്ക് ജോലി ചെയ്യാന്‍ അവസരമൊരുക്കിയാല്‍ ടാക്‌സികളുടെ ദൗര്‍ലഭ്യ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാകും.ഗ്രാമീണ മേഖലയില്‍ ടാക്സികളുടെ ക്ഷാമം അതിരൂക്ഷമാണെന്നും ഡ്രൈവര്‍മാരുടെ സംഘടന വ്യക്തമാക്കി.
ആവശ്യവുമായി ടാക്സി ഫോര്‍ അയര്‍ലണ്ട് കോളീഷന്‍
ടാക്സികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഇടപെടലുകളുണ്ടാകണമെന്ന് ടാക്സി ഫോര്‍ അയര്‍ലണ്ട് കോളീഷന്‍ ടി ഡി മാരോടും സെനറ്റര്‍മാരോടും ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് ടാക്സി ഫോര്‍ അയര്‍ലണ്ട് കോളിഷന്‍ ടീം ലെയിന്‍സ്റ്റര്‍ ഹൗസ് സന്ദര്‍ശിച്ചു.
യൂബര്‍, ബോള്‍ട്ട്, റെസ്റ്റോറന്റ്സ് അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് ഐറിഷ് ടൂറിസ്റ്റ് ഇന്‍ഡസ്ട്രി കോണ്‍ഫെഡറേഷന്‍ (ഐ ടി ഐ സി), വിന്റ്‌നേഴ്‌സ് ഫെഡറേഷന്‍ ഓഫ് അയര്‍ലണ്ട് , ലൈസന്‍സ്ഡ് വിന്റ്‌നേഴ്‌സ് അസോസിയേഷന്‍ എന്നിവ ചേര്‍ന്നതാണ് ഈ സഖ്യം.