ലിയോ വരദ്കർ ഇനി പുതിയ റോളിൽ; യുഎസ് കമ്പനിയിൽ അഡ്വൈസറായി നിയമനം

New Update
Vfjbcgkm

മുന്‍ ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഇനി പുതിയ ജോലിയില്‍. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് റിലേഷന്‍സ് കമ്പനിയായ പെന്റയിലെ (Penta) അഡൈ്വസറി ബോര്‍ഡിലാണ് 46-കാരനായ വരദ്കര്‍ നിയമിതനായത്. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ജെപി മോര്‍ഗന്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍ ഉപഭോക്താക്കളായി ഉള്ള പെന്റയില്‍, വരദ്കറുടെ ആഗോള നേതൃപാടവത്തിലുള്ള പരിചയം തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് കമ്പനി പ്രതികരിച്ചു. ഐറിഷ് പിആര്‍ കമ്പനിയായിരുന്ന ഹ്യൂമ ബ്രോഫിയെ 2023-ല്‍ പെന്റ വാങ്ങിയിരുന്നു.

Advertisment

വാഷിങ്ടണ്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്ന പെന്റയ്ക്ക്, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലും ഓഫീസുകളുണ്ട്. ഓപ്പൺ എ ഐ, ഹോൺസൺ & ജോൺസൻ, ബാങ്ക് ഓഫ് അമേരിക്ക മുതലായവരാണ് ഇവരില്‍ നിന്നും സേവനം തേടുന്ന മറ്റ് ചില കമ്പനികള്‍. ഡബ്ലിനിലെ ഓഫീസില്‍ 20 ജീവനക്കാരാണ് കമ്പനിക്ക് ഉള്ളത്.

2017 മുതല്‍ 2020 വരെയും, 2022 മുതല്‍ 2024 വരെയും അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയായിരുന്ന വരദ്കര്‍, 2024 ഏപ്രിലിലാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും, ഫൈൻ ഗാൽ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും രാജിവയ്ക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലായിരുന്നു രാജി.

കമ്പനിയില്‍ ആഗോളതലത്തില്‍ വരദ്കര്‍ ജോലി ചെയ്യുമെന്നാണ് പെന്റ പറയുന്നത്. അദ്ദേഹം അടുത്ത മാസം ജോലിയില്‍ പ്രവേശിക്കുമെന്നും കമ്പനി അറിയിച്ചു

Advertisment