വിമാനം മിസ് ആയി, എയര്‍പോര്‍ട്ടില്‍ അതിക്രമം കാട്ടിയ ലിത്വാനിയക്കാരന് ഒരു വര്‍ഷം ജയില്‍ ശിക്ഷ

New Update
G

ഡബ്ലിന്‍: വൈകിയെത്തിയതിനെ തുടര്‍ന്ന് വിമാനം മിസ്സായതിന്റെ പേരില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പരാക്രമം കാട്ടി നാശനഷ്ടമുണ്ടാക്കിയ ലിത്വാനിയക്കാരനായ യുവാവിനെ ഒരു വര്‍ഷത്തേയ്ക്ക് ജയിലിലടച്ചു. ടെര്‍മിനല്‍ വണ്ണില്‍ 9,400 യൂറോയിലധികം തുകയുടെ നാശനഷ്ടമാണ് 29 കാരനായ ലൂക്കാസ് കൗനിയറ്റിസുണ്ടാക്കിയത്.2025 മാര്‍ച്ച് 17നായിരുന്നു സംഭവം.

Advertisment

സ്വന്തം പിഴവുകാരണമാണ് വിമാനം മിസ് ആയതെന്ന് ജഡ്ജി മാര്‍ട്ടിന്‍ നോളന്‍ ചൂണ്ടിക്കാട്ടി.എന്നിട്ടും ഇയാള്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തി.ഇത് വലിയ ബുദ്ധിമുട്ടും അസൗകര്യവുമാണുണ്ടാക്കിയതെന്നും ജഡ്ജി നിരീക്ഷിച്ചു.

അയര്‍ലണ്ടില്‍ സ്ഥിര താമസമില്ലാത്ത കൗനിയറ്റിസ് ബെല്‍ഫാസ്റ്റില്‍ ആറാഴ്ചത്തെ നിര്‍മ്മാണ ജോലിയ്ക്കായെത്തിയതാണ്. അവധിക്ക് നാട്ടില്‍ പോകാനാണ് എയര്‍പോര്‍ട്ടിലെത്തിയത്. രാവിലെ 7 മണിക്കാണ് ഡബ്ലിന്‍ വിമാനത്താവളത്തിലെ റയ്നെയര്‍ ഗേറ്റിലെത്തിയത്. അപ്പോള്‍ ഗേറ്റ് അടച്ചിരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ വിമാനവും പോയിരുന്നു.

തുടര്‍ന്നാണ് ഇയാള്‍ വയലന്റായത്.കമ്പ്യൂട്ടര്‍ ഓപ്പണ്‍ ചെയ്ത് എന്തൊക്കെയോ ചെയ്ത ശേഷം ഗേറ്റില്‍ നാശമുണ്ടാക്കി. ഏതാനും എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഓടിയെത്തിയതോടെ ഇദ്ദേഹം കമ്പ്യൂട്ടറെടുത്ത് നിലത്തടിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 20ഓളം പൊതുജനങ്ങള്‍ സമീപത്തിരിക്കുമ്പോഴായിരുന്നു ഇയാളുടെ മോശം പെരുമാറ്റമെന്ന് ഗാര്‍ഡ കോടതിയെ അറിയിച്ചു. അടുത്ത ബാറിലെ ബാരല്‍ ടേബിളുകളിലുണ്ടായിരുന്ന ഗ്ലാസുകളും തകര്‍ത്തു.മെറ്റല്‍ ബാരിയര്‍ പോസ്റ്റുമെടുത്ത് നിലത്തേക്ക് എറിഞ്ഞു. ലഗേജ് അളക്കാനുപയോഗിച്ചിരുന്ന ഏതാനും കമ്പ്യൂട്ടറുകളും ഉപകരണങ്ങളും തകര്‍ത്തു.

ഒരു ബാരല്‍ നടപ്പാതയിലൂടെ ഉരുട്ടിവിട്ടു. മറ്റൊന്ന് എടുത്ത് ഉയര്‍ത്തിപ്പിടച്ചു. അവിടെയുണ്ടായിരുന്നവര്‍ ജീവനുംകൊണ്ട് ഓടി.കുറച്ചു നേരത്തേ അതിക്രമത്തിന് ശേഷം ഇയാള്‍ ശാന്തനായി.ഉടന്‍ ഗാര്‍ഡയെത്തി ഇയാളെ അറസ്റ്റു ചെയ്തു. അവരോടും ഇയാള്‍ സഹകരിച്ചു.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഗാര്‍ഡ കോടതിയില്‍ കാണിച്ചു.കഴിഞ്ഞ മാര്‍ച്ച് 17 മുതല്‍ ഇയാള്‍ കസ്റ്റഡിയിലാണ്.കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചാല്‍ തന്റെ ക്ലൈയിന്റ് ലിത്വാനിയയിലേക്ക് മടങ്ങുമെന്ന് കൗനിയേറ്റീസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.മോശം പെരുമാറ്റത്തില്‍ ലജ്ജിക്കുന്നതായും ഇദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.മുന്‍ കുറ്റകൃത്യങ്ങളുടെ ചരിത്രമുള്ളയാളല്ല കൗനിയേറ്റീസ്.

Advertisment