നഴ്സിംഗ് ഹോമിന് നാട്ടുകാര്‍ തീയിട്ടു,ഡബ്ലിനില്‍ അഭയാര്‍ത്ഥികള്‍ വേണ്ട ….!

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bbbbbbhgvv

ഡബ്ലിന്‍: കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനായി കണ്ടെത്തിയ മുന്‍ നഴ്സിംഗ് ഹോമില്‍ ഇന്നലെയുണ്ടായ തീപിടിത്തം അന്വേഷിക്കാന്‍ സര്‍ക്കാര്‍ സീനിയര്‍ സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസറെ (എസ് ഐ ഒ) നിയോഗിച്ചു. താല ഗാര്‍ഡ സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥനാകും കേസ് അന്വേഷിക്കുക.അഭയാര്‍ത്ഥികളുടെയും അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകരുടെയും ഉപയോഗത്തിനായി നീക്കിവെക്കുന്ന കെട്ടിടങ്ങള്‍ക്ക് നേരെ തീവെപ്പ് അടക്കമുള്ള ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ കൂടിവരുകയാണ്.

Advertisment

സൗത്ത് ഡബ്ലിനിലെ ബ്രിട്ടാസിലെ ക്രൂക്സ്ലിംഗിലുള്ള മുന്‍ സെന്റ് ബ്രിജിഡ്‌സ് നഴ്‌സിംഗ് ഹോമിന് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡില്‍ നിന്നുള്ള 40ലേറെ അഗ്നിശമന സേനാംഗങ്ങള്‍ ചേര്‍ന്നാണ് അഗ്‌നിബാധ നിയന്ത്രണവിധേയമാക്കിയത്. സുരക്ഷ വിലയിരുത്തുന്നതിനായി എന്‍ജിനീയറും ഗാര്‍ഡ ടെക്‌നിക്കല്‍ ബ്യൂറോയും കെട്ടിടത്തില്‍ പരിശോധന നടത്തും.

ഈ മുന്‍ നഴ്സിംഗ് ഹോമില്‍ അഭയാര്‍ത്ഥികളെയും ഇന്‍ര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകരെയും താമസിപ്പിക്കുമെന്ന വാര്‍ത്ത നേരത്തേ തന്നെ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഇവിടെ വിവിധ പ്രതിഷേധ പരിപാടികളും നടന്നിരുന്നു.സോഷ്യല്‍ മീഡിയയിലും ഇതിനെതിരെ വ്യാപക പ്രചാരണ പരിപാടികള്‍ നടന്നിരുന്നു.ഇതിന് മുന്നില്‍ കൂടാരം തീര്‍ത്ത് ആളുകള്‍ കാവലേര്‍പ്പെടുത്തിയിരുന്നു.

വിവിധ തീവ്ര വലതുപക്ഷ വാദികള്‍ മുന്‍ നഴ്‌സിംഗ് ഹോമിനെ കുറിച്ചുള്ള വിവരങ്ങളും മറ്റും സമീപ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.നഴ്‌സിംഗ് ഹോമിന്റെ പ്രവേശന കവാടത്തില്‍ 24/7 ഉപരോധം ഏര്‍പ്പെടുത്തിയതായി ഒരാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.കൂടാതെ അവിടെ നടക്കുന്ന പ്രതിഷേധ പരിപാടികളും തല്‍സമയം മീഡിയയില്‍ പോസ്റ്റുചെയ്യുന്നുണ്ടായിരുന്നു.

ഒരു ടിക് ടോക്ക് അക്കൗണ്ടില്‍ തീപിടുത്തത്തിന്റെ ഡി എഫ് ബി ട്വീറ്റിന്റെ ചിത്രവും മറ്റും പങ്കുവെച്ചിരുന്നു.സംഗീതാത്മകമായ അന്തരീക്ഷത്തില്‍ ഐറിഷ് പതാകയുമായി തീപിടിത്തത്തെ ആഘോഷിക്കുന്ന ദൃശ്യങ്ങളായിരുന്നു അത്. തീപിടുത്തത്തെ ന്യായീകരിക്കുന്ന നിരവധി കമന്റുകളും വീഡിയോയില്‍ ചേര്‍ത്തിരുന്നു.ബ്രിട്ടാസ് റസിഡന്റ്‌സ് അസോസിയേഷന്‍ വ്യാഴാഴ്ച വൈകുന്നേരം ബ്രിട്ടാസില്‍ കമ്മ്യൂണിറ്റി മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. തീപിടിത്തത്തെ കുറിച്ച് വിവരം അറിയാവുന്നവര്‍ 01 6666000 (താല സ്റ്റേഷന്‍),1800 666 111 (ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈന്‍) എന്നീ നമ്പരുകളിലോ ഏതെങ്കിലും സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

ആശങ്കയറിയിച്ച് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും

തീപിടുത്തം വലിയ ആശങ്കയാണുണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി ലിയോ വരദ്കറും മന്ത്രി ഹെലന്‍ മക് എന്‍ഡിയും പറഞ്ഞു.കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തുടനീളം വിവിധയിടങ്ങളില്‍ ഇത്തരത്തിലുള്ള അക്രമണങ്ങളുണ്ടായി.ഇതിനൊന്നും ഒരു ന്യായീകരണവുമില്ല. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് തീവെപ്പ്.

കുടിയേറ്റത്തെ കുറ്റകൃത്യമായി ബന്ധിപ്പെടുത്തി വിമര്‍ശിക്കുന്നവര്‍ തന്നെ ഗുരുതര ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വളരെ വിരോധാഭാസമാണെന്നും വരദ്കര്‍ പറഞ്ഞു.അയര്‍ലണ്ടില്‍ നിയമം അടിസ്ഥാനമാക്കിയുള്ള കുടിയേറ്റം മാത്രമേ നടക്കുന്നുള്ളുവെന്ന് വരദ്കര്‍ പറഞ്ഞു.അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകള്‍ റെക്കോര്‍ഡ് വേഗത്തിലാണ് പ്രോസസ്സ് ചെയ്യുന്നത്.

കെട്ടിടത്തിന് തീയിട്ടത് ക്രിമിനലിസമാണെന്ന് സിന്‍ഫെയ്ന്‍ നേതാവ് മേരി ലൂ മക് ഡൊണാള്‍ഡ് പറഞ്ഞു.അഭയാര്‍ത്ഥികള്‍ക്കും ദുര്‍ബലര്‍ക്കും നേരെയുള്ള മോശം മനോഭാവത്തില്‍ നിന്നാണ് ഇത്തരം ക്രിമിനല്‍ നടപടികളുണ്ടാകുന്നത്.അതിനാല്‍ അന്വേഷിച്ച് ഉടന്‍ കുറ്റവാളികളെ നിയമത്തിന്റെ വഴിയില്‍ കൊണ്ടുവരണം.

ഒളിച്ചുവെച്ച് നടപ്പാക്കുന്നതാണ് പ്രശ്നമെന്ന് ഫിനഫാള്‍ കൗണ്‍സിലര്‍

അപരിചിതരായ പുരുഷ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ കെട്ടിടം പരിഗണിക്കുന്നതില്‍ ആളുകള്‍ക്ക് ആശങ്കയുണ്ടെന്ന് ഫിന ഫാള്‍ കൗണ്‍സിലര്‍ ചാര്‍ലി ഒ കാണര്‍ പറഞ്ഞു.താനടക്കമുള്ള ഏതാനും ജനപ്രതിനിധികള്‍ ഇക്കാര്യത്തെക്കുറിച്ച് കുട്ടികളുടെ വകുപ്പുമായി ബന്ധപ്പെട്ടിരുന്നു.ഇപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നും ഇതുമായി ബന്ധപ്പെട്ട് കരാറായിട്ടില്ലെന്നുമാണ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതികരിച്ചതെന്ന് ഒ’കോണര്‍ പറഞ്ഞു. കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്നതെന്തിനാണെന്ന് ഇദ്ദേഹം ചോദിച്ചു.

ജനപ്രതിനിധികള്‍ പോലും ഒന്നും അറിയുന്നില്ല….!

ജനപ്രതിനിധികളെ ഇത്തരം കാര്യങ്ങളില്‍ വിശ്വാസത്തിലെടുക്കാത്തത് അംഗീകരിക്കാനാവില്ല. സര്‍ക്കാരില്‍ നിന്നുള്ള ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളെപ്പോലും സര്‍ക്കാര്‍ ഒന്നും അറിയിക്കുന്നില്ലെന്ന് വരുത്തുന്നത് ആളുകള്‍ നിയമം കൈയ്യിലെടുക്കുന്നതിന് കാരണമായിട്ടുണ്ടാകാമെന്നും കൗണ്‍സിലര്‍ പറഞ്ഞു.

സർക്കാരിന്റെ ഒളി പരിപാടി തുടരുന്നു….

പക്ഷേ സർക്കാർ പൊതുസമൂഹത്തിന്റെ യാതൊരു അഭിപ്രായവും ചോദിക്കാതെയും, മാനിക്കാതെയുമാണ് അഭയാർത്ഥികൾക്ക് സൗകര്യമൊരുക്കുന്നത്.ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പോലും ,ആരും അറിയില്ലെന്ന ധാരണയിലാണ് സർക്കാർ ‘ അഭയാർത്ഥികൾക്ക് വേണ്ടി ‘ഒളിയുദ്ധം’ ചെയ്യുന്നത്. ഇതിനെതിരെയാണ് പൊതുസമൂഹവും ഇപ്പോൾ പരസ്യമായി രംഗത്തിറങ്ങുന്നത്.

nursing-home-fire
Advertisment