/sathyam/media/media_files/2025/10/22/ccc-2025-10-22-04-30-38.jpg)
ഡബ്ലിന്‍: കുറഞ്ഞ പലിശയില്‍ ഹോം ലോണുകളുമായി അയര്‍ലണ്ടിലെ ക്രെഡിറ്റ് യൂണിയനുകള്‍ .ഭവനവിപണി ലക്ഷ്യമിട്ടാണ് ക്രഡിറ്റ് യൂണിയനുകളുടെ പുതിയ വായ്പാ സംരംഭം.പുതിയ വീടുകള്‍ വാങ്ങുന്നവര്‍ക്കും വായ്പാസ്ഥാപനം സ്വിച്ച് ചെയ്യുന്നതിന് ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സ്റ്റാന്‍ഡേര്‍ഡ് മോര്‍ട്ട്ഗേജുകള്‍ പ്രയോജനകരമാകും.
ക്രെഡിറ്റ് യൂണിയനുകളുടെ വായ്പാ ശേഷി മൂന്നിരട്ടിയായി സെന്‍ട്രല്‍ ബാങ്ക് ഓഗസ്റ്റില്‍ വര്‍ദ്ധിപ്പിച്ചിരുന്നു. അതോടെ ക്രഡിറ്റ് യൂണിയനുകളുടെ വായ്പാ ശേഷി 2.9 ബില്യണ്‍ യൂറോയില്‍ നിന്ന് 9.9 ബില്യണ്‍ യൂറോയായി ഉയര്‍ന്നു. അതിന്റെ തുടര്‍ച്ചയാണ് യൂണിയനുകളുടെ ഈ വായ്പാ പദ്ധതി പ്രാബല്യത്തില്‍ വന്നത്.
രാജ്യത്തെ വിവിധ ക്രെഡിറ്റ് യൂണിയനുകള്‍ സ്വന്തം നിലയിലും പ്രാദേശികമായും മോര്‍ട്ട്ഗേജുകള്‍ ലഭ്യമാക്കിയിരുന്നു.അവയ്ക്ക് പ്രാദേശിക തലത്തിലായിരുന്നു പലിശ നിരക്ക് നിശ്ചയിച്ചിരുന്നത്.എന്നാല്‍ പുതിയ ക്രെഡിറ്റ് യൂണിയന്‍ മോര്‍ട്ട്ഗേജ് 3.85% എന്ന സിംഗിള്‍ വേരിയബിള്‍ പലിശ നിരക്കിലാണ് ലോണുകള്‍ ഓഫര്‍ ചെയ്യുന്നത്. നിലവില്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ വേരിയബിള്‍ നിരക്കുകളിലൊന്നാണിത്.
ആദ്യ മൂന്ന് വര്‍ഷത്തേക്ക് 4.4% എന്ന നിലയില്‍ പലിശനിരക്കിന് നിയന്ത്രണവുമുണ്ടാകും.ഈ മാസം രാജ്യത്തെ ഏകദേശം 30 ക്രെഡിറ്റ് യൂണിയനുകളും അടുത്ത വര്‍ഷം 40 യൂണിയനുകളിലും പുതിയ മോര്‍ട്ട്ഗേജുകള്‍ ലഭ്യമാക്കും.ഈ വര്‍ഷം സ്ഥാപിച്ച ക്രഡിറ്റ് യൂണിയന്‍ മോര്‍ട്ട്ഗേജ് സര്‍വീസസാണ് പുതിയ മോര്‍ട്ട്ഗേജ് വികസിപ്പിച്ചത്.
ആദ്യമായി വീട് വാങ്ങുന്നവരും വായ്പ നല്‍കുന്നവരെ മാറ്റാന്‍ ആഗ്രഹിക്കുന്നവരും പുതിയ ഉല്‍പ്പന്നങ്ങളെ സ്വാഗതം ചെയ്യുമെന്ന് ധന സഹമന്ത്രി റോബര്‍ട്ട് ട്രോയ് പറഞ്ഞു.തിരിച്ചടവും വേരിയബിള്‍ ഓഫറിന്റെ ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതാണ് പുതിയ മോര്‍ട്ട്ഗേജെന്ന് ലീഗ് ഓഫ് ക്രെഡിറ്റ് യൂണിയന്‍സ് പറഞ്ഞു.
വായ്പ നല്‍കുന്നതില്‍ ക്രെഡിറ്റ് യൂണിയനുകള്‍ക്ക് നീണ്ട ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്നും ഇപ്പോഴും മോര്‍ട്ട്ഗേജ് വിപണിയില്‍ കഷ്ടപ്പെടുന്ന യൂണിയന്‍ അംഗങ്ങള്‍ക്ക് പുതിയ വായ്പാ പദ്ധതി ഗുണം ചെയ്യുമെന്നും സി യു മോര്‍ട്ട്ഗേജ് സര്‍വീസസ് മേധാവി സീമസ് ബെയ്ര്ണ്‍ പറഞ്ഞു