/sathyam/media/media_files/2025/08/17/bvcc-2025-08-17-05-18-27.jpg)
ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നതായി മൈരേഡ് എംസിഗൈന്നസ്. ഫൈൻ ഗെൽ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്ന മൈരേഡ് എംസിഗൈന്നസ്, ആരോഗ്യപരമായ കാരണങ്ങളാലാണ് താന്‍ പിന്മാറുന്നത് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇതോടെ കൂടുതല്‍ പ്രവചനാതീതമായി.
കഴിഞ്ഞയാഴ്ച തനിക്ക് ആശുപത്രിവാസം വേണ്ടിവന്നുവെന്നും, അതിന് ശേഷമാണ് പിന്മാറ്റം എന്ന ബുദ്ധിമുട്ടുള്ള തീരുമാനം എടുക്കേണ്ടിവന്നതെന്നും എംസിഗൈന്നസ് പ്രസ്താവനയില്‍ അറിയിച്ചു. നിലവിലെ ആരോഗ്യം വച്ച് തനിക്ക് പ്രചാരണങ്ങളിലും മറ്റും പങ്കെടുക്കാന്‍ സാധിക്കില്ലെന്നും മുന്‍ എം ഇ പിയും, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണറും ആയിരുന്ന അവര്‍ വ്യക്തമാക്കി. ഉപപ്രധാനമന്ത്രിയും, ഫൈൻ ഗെൽ നേതാവുമായ സൈമണ്‍ ഹാരിസിനോട് താന്‍ സംസാരിച്ചിരുന്നതായും, തന്നെ മനസിലാക്കിയതിന് അദ്ദേഹത്തോടെ നന്ദിയറിയിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതോടെ നിലവിലെ ഏക അംഗീകൃത സ്ഥാനാര്‍ത്ഥിയായ ഇടതുപക്ഷത്തിന്റെ കാദറിനെ കോനോലിക്ക് എതിരെ ആരെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിര്‍ത്തും എന്ന ചര്‍ച്ച ഫൈൻ ഗേലില്‍ സജീവമായിരിക്കുകയാണ്. മുന്‍ എം ഇ പിയായിരുന്ന സീൻ കെല്ലി, മുന്‍ ടിഡി ഹെദർ ഹ്യൂമഫ്രെയ്‌സ് എന്നിവരുടെ പേര് സ്ഥാനാര്‍ത്ഥിത്വത്തിലേയ്ക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. നേരത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സീൻ കെല്ലി താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും മൈരേഡ് എംസിഗൈന്നസ് എത്തിയതോടെ പിന്മാറുകയായിരുന്നു. മാറിയ സാഹചര്യത്തില്‍ മത്സരിക്കാന്‍ അദ്ദേഹം വീണ്ടും സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്.
മറ്റ് പലരും വിവിധ പാര്‍ട്ടികളില്‍ നിന്നും, സ്വതതന്ത്രരായും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ടെങ്കിലും സ്ഥാനാര്‍ത്ഥിത്വത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ല.