അയര്‍ലണ്ടില്‍ വീട്ടിനുള്ളില്‍ അമിതശബ്ദം ഉണ്ടാക്കിയാല്‍ പിഴ എത്ര അടയ്ക്കണമെന്ന് അറിയാമോ ?

New Update
Ggg

ഡബ്ലിന്‍: അയര്‍ലണ്ടിലെ ശബ്ദ നിയന്ത്രണത്തിനുള്ള നിയമം നല്ല നിലയില്‍ മനസ്സിലാക്കിയില്ലെങ്കില്‍ പിഴയൊടുക്കി ഗതികേടിലാകും. അധികമാരും അറിയാത്ത ഈ നിയമം ലംഘിച്ച് ശബ്ദ മലിനീകരണമുണ്ടാക്കിയാല്‍ 6,000 യൂറോ വരെ പിഴ നല്‍കേണ്ടി വന്നേക്കാം. അയല്‍ക്കാര്‍ വിശ്രമിക്കാനോ ശാന്തമായിരിക്കാനോ ആഗ്രഹിക്കുന്ന സമയത്ത് അമിതമായ ശബ്ദവും ബഹളവും തടയുന്നതിനാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്.

Advertisment

രാത്രി വൈകിയുള്ള നിയന്ത്രണങ്ങളെക്കുറിച്ച് മിക്കവര്‍ക്കും അറിയാം.അതനുസരിച്ച് മിക്ക കുടുംബങ്ങളും രാത്രി 11നും രാവിലെ ഏഴിനുമിടയില്‍ ശബ്ദം കുറയ്ക്കാന്‍ ഏവരും ശ്രദ്ധിക്കും. പക്ഷേ ശനിയാഴ്ചകളില്‍ പകല്‍ സമയത്ത് ബാധകമായ ശബ്ദ നിയന്ത്രണത്തെക്കുറിച്ച് കുറച്ച് പേര്‍ക്ക് മാത്രമേ അറിയൂ.

ശനിയാഴ്ചകളില്‍ രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒന്നിനും ഇടയിലാണ് ഇതനുസരിച്ച് വീടുകളില്‍ ശബ്ദം നിയന്ത്രിക്കേണ്ടത്. ഉച്ചത്തിലുള്ള സംഗീതം,രാത്രി വൈകിയുള്ള ഒത്തുചേരലുകളിലും മാത്രം ഒതുങ്ങുന്നതല്ല ഈ നിയന്ത്രണങ്ങള്‍. നായ്ക്കളുടെ കുരകള്‍,വാഷിംഗ് മെഷീനുകളുടെ ഒച്ച, പുല്ലുവെട്ടുന്ന യന്ത്രങ്ങള്‍ തുടങ്ങിയ സാധാരണ ശബ്ദങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. കെട്ടിടങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളില്‍ ഈ ശബ്ദം അയല്‍ക്കാരില്‍ നിന്നുള്ള പരാതികള്‍ക്ക് കാരണമായേക്കാം. ശബ്ദ മലിനീകരണത്തിന് 6000 യൂറോവരെ പിഴ ചുമത്താന്‍ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കുടുംബങ്ങള്‍ക്കിത് വലിയ ബാധ്യതയാകും.

ഐറിഷ് പൗരന്മാരില്‍ പകുതിയോളം പേര്‍ ഈ നിയന്ത്രണത്തെക്കുറിച്ച് അജ്ഞരാണെന്ന് വിവരം പുറത്തുവന്നിട്ടുണ്ട്.അതിനാല്‍ ആളുകള്‍ നടത്തുന്ന സാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിഴകള്‍ നല്‍കുന്നത് പതിവായേക്കാമെന്ന് വിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.ആളുകള്‍ വീടിനുള്ളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ശരത്കാലത്ത് ഈ നിയമത്തിന് ഏറെ പ്രസക്തിയുണ്ട്. പാര്‍ട്ടികള്‍, ടി വി സംവിധാനങ്ങള്‍, കുടുംബ ഒത്തുചേരലുകള്‍ എന്നിവയൊക്കെ പലപ്പോഴും കൂടുതല്‍ ശബ്ദമുണ്ടാക്കുന്നതാണ്. ഹസ്‌കികള്‍ പോലെ വളരെ ശബ്ദമുള്ള നായ്ക്കളുണ്ടെങ്കില്‍ അതും പരാതിയ്ക്ക് കാരണമാകും.

അതേ സമയം ശബ്ദം നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്ന് വീടിന്റെ ജനാലകള്‍ നവീകരിക്കുകയെന്നതാണെന്ന് വിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. ആധുനിക ഗ്ലാസ് സാങ്കേതികവിദ്യയ്ക്ക് വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.അക്കൗസ്റ്റിക് ഗ്രേഡ് വിന്‍ഡോ ഇന്‍സേര്‍ട്ടുകള്‍ക്ക് പുറത്തെ ശബ്ദത്തിന്റെ 70% വരെ തടയാന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു.

അയര്‍ലണ്ടിലെ അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ശബ്ദ മലിനീകരണം.പരാതി നല്‍കിയാല്‍ കൗണ്‍സിലുകള്‍ ഇത് അന്വേഷിച്ച് നടപടിയെടുക്കണം.കുടുംബങ്ങള്‍ക്ക് പിഴകള്‍ നല്‍കേണ്ടി വരുമെന്ന് മാത്രമല്ല, സമീപത്ത് താമസിക്കുന്നവരുമായുള്ള ബന്ധവും വഷളാകുന്നതിനുമിടയാകുമെന്നും ഇവര്‍ പറയുന്നു .

വാഹനത്തിനുള്ളില്‍ സ്റ്റീരിയോ സിസ്റ്റം ഉപയോഗിക്കുന്നതിന് നിരോധനമില്ല.പക്ഷെ അതിലൂടെയും അമിതമായ ഒച്ചയുണ്ടാക്കിയാല്‍ പിഴയൊടുക്കാന്‍ ഗാര്‍ഡയ്ക്കും, കൗണ്‍സിലിനും അധികാരമുണ്ടെന്നും മറക്കേണ്ട…!

Advertisment