Advertisment

അയര്‍ലന്‍ഡ് പ്രാദേശിക തെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
editedrrt56

ഡബ്ളിന്‍: അയര്‍ലന്‍ഡിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ കോതമംഗലം ഊന്നുകല്‍ സ്വദേശിക്ക് തകര്‍പ്പന്‍ ജയം. ഡബ്ളിന്‍ സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഊന്നുകല്‍ സ്വദേശിയായ ഫെല്‍ജിന്‍ ജോസാണ് വിജയക്കൊടി പാറിച്ചത്.

Advertisment

ഊന്നുകല്‍ നമ്പൂരിക്കൂപ്പ് സ്വദേശികളായ പൈനാപ്പിള്ളില്‍ ജോസ് സെബാസ്ററ്യന്‍ ( ജോയി) കൊച്ചുറാണി ദമ്പതികളുടെ മകനാണ് ഫെല്‍ജിന്‍. പതിനെട്ടു വര്‍ഷം മുന്‍പാണ് ജോയിയും കുടുബവും അയര്‍ലണ്ടില്‍ താമസമാക്കിയത്. അയര്‍ലന്‍ഡിലെ ഡബ്ളിന്‍ സിറ്റി കൗണ്‍സില്‍ കാബ്ര ഡിവിഷനില്‍ നിന്നാണ് ഫെല്‍ജിന്‍ കൗണ്‍സിലിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് ഫെല്‍ജിന്‍ ജോസ് മത്സരിച്ചത്.

ഡബ്ളിന്‍ ഫിന്‍ഗ്ളസിലാണ് ജോയിയും കുടുബവും താമസിക്കുന്നത്. അയര്‍ലണ്ടിലെത്തിയ ആദ്യകാല മലയാളി പ്രവാസികളില്‍ പ്രമുഖനാണ് ജോയ്. തങ്ങള്‍ക്ക് ഏറെ സുപരിചിതനായ ജോയുടെ മകന്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തിയതോടെ ഏറെ പ്രതീക്ഷയിലായിരുന്നു ഐറിഷ് മലയാളി സമൂഹം. ഭൗതികശാസ്ത്ര ഗവേഷക വിദ്യാര്‍ഥിയും, പരിസ്ഥിതി പ്രവര്‍ത്തകനുമാണ് ഫെല്‍ജിന്‍.

ഫെല്‍ജിന്‍ ചെയര്‍പേഴ്സണ്‍ ആയ ഡബ്ളിന്‍ കമ്മ്യൂട്ടര്‍ കോയലിഷന്‍ എന്ന ഗ്രൂപ്പ് ഡബ്ളിനിലെ ഗതാഗത മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കി ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നിരവധി വികസന രേഖകള്‍ ഇതിനോടകം ചര്‍ച്ചയായി മാറി. നഗരത്തിനായി നടത്തിയ കാമ്പയിനുകള്‍ പലതും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു.

തെരഞ്ഞെടുപ്പില്‍ ഫെല്‍ജിന്‍ ജോസിന്‍റെ മിന്നും വിജയത്തില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അയര്‍ലന്‍ഡിലെ കോതമംഗലം സ്വദേശികളുടെ കൂട്ടായ്മയായ കോതമംഗലം ഫ്രണ്ട്സ് പ്രസിഡന്‍റ് അഡ്വക്കേറ്റ് ബിനു ബി അന്തിനാട് പറഞ്ഞു. 

Advertisment