മാർച്ച് 17ന് സൗത്ത് ഡബ്ലിൻ കൌണ്ടി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലായിൽ നടക്കുന്ന സെന്റ് പാട്രിക്‌സ് ഡേ പരേഡിൽ ഡബ്ലിനിലെ കലാ സാംസ്‌കാരിക സംഘടനയായ മലയാളവും, താലായിലെ മലയാളി കൂട്ടായ്മയായ മലയാളീസ് ഇൻ സിറ്റിവെസ്റ്റ് (MIC)-ഉം നേതൃത്വം നൽകും. ഇവരോടൊപ്പം ഡബ്ല്യൂ എം എഫ് -ഉം ഇതര ഇന്ത്യൻ കൂട്ടായ്മകളും പങ്കുചേരും.
രാവിലെ 11.30ന് മേയർ ബേബി പെരേപ്പാടൻ പരേഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. താലായിലെ ടി യു ഡി -യിൽ നിന്ന് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കുന്ന പരേഡിൽ വിവിധ നിറങ്ങളിലുള്ള മുത്തുക്കുടകളേന്തിയ സ്ത്രീപുരുഷന്മാരും കുട്ടികളും അണിനിരക്കും. ചെണ്ടമേളവും ബാൻഡ് മേളവും അകമ്പടി സേവിക്കുന്ന പരേഡിൽ കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും നൃത്തരൂപങ്ങളും ചുവടു വെയ്ക്കും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന പരേഡിലേക്ക് എല്ലാവരെയും സന്തോഷപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നതായി സംഘടനകൾ അറിയിച്ചു.