ഡബ്ലിനില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഒരാള്‍ ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ തെളിവുകളും, ദൃക്‌സാക്ഷികളെയും തേടി ഗാര്‍ഡ. ജൂലൈ 25 വെള്ളിയാഴ്ച വൈകിട്ട് 10 മണിയോടെ സീൻ എംസിടെർമോട്ട് സ്ട്രീറ്റില്‍ വച്ചാണ് 40-ലേറെ പ്രായമുള്ള പുരുഷന്‍ ആക്രമിക്കപ്പെട്ടത്. ബ്യൂമോന്റ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
സംഭവത്തെ പറ്റി അന്വേഷിക്കാനായി മൗണ്ട്ജോയ് ഗാർഡ സ്റ്റേഷനില്‍ ഇന്‍സിഡന്റ് റൂം തുറന്നിട്ടുണ്ട്. സംഭവത്തിലെ പ്രതികളെ പറ്റി എന്തെങ്കിലും സൂചനയുള്ളവര്‍ ഗാര്‍ഡയെ ബന്ധപ്പെടണം.
2025 ജൂലൈ 25 വെള്ളിയാഴ്ച രാത്രി 9.30-നും 10.30-നും ഇടയില്‍ എംസിടെർമോട്ട് സ്ട്രീറ്റ് / ഡയമണ്ട് പാർക്ക് പ്രദേശത്ത് കൂടി സഞ്ചരിച്ച ആരെങ്കിലും അസ്വാഭാവികമായി എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിലോ, ഇതിലൂടെ കടന്നുപോയ വാഹനങ്ങളിലെ ഡാഷ് ക്യാമറയില്‍ സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലോ തൊട്ടടുത്ത ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. വിവരം നല്‍കുന്നയാളിന്റെ പേരും മറ്റും രഹസ്യമായി സൂക്ഷിക്കും.
മൗണ്ട്ജോയ് ഗാർഡ സ്റ്റേഷൻ – 01 666 8600
ഗാർഡ കോൺഫിഡന്റഷ്യൽ ലൈൻ – 1800 666 111