/sathyam/media/media_files/wS7gyR2xaOkWUNSjfU5a.jpg)
ഡബ്ലിന്‍: ഫലസ്തീന്‍ അഭയാര്‍ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യു എന്‍ സംഘടന യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സിയുടെ ഭാവിയെക്കുറിച്ച് ആശങ്കയറിയിച്ച് ഉപപ്രധാനമന്ത്രിയും ഫിന ഫാള്‍ നേതാവുമായ മീഹോള്‍ മാര്‍ട്ടിന്‍. ഹമാസ് ഭീകരതയെ സഹായിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് യു എസും യു കെയുമടക്കം ഒമ്പത് രാജ്യങ്ങള്‍ ഈ ഏജന്‍സിക്കുള്ള ധനസഹായം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മാര്‍ട്ടിന്‍ ഉല്‍ക്കണ്ഠ തുറന്നുപറഞ്ഞത്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഈ ഏജന്‍സിയിലെ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് യു എന്‍ ആര്‍ ഡബ്ല്യു എയ്ക്ക് ധനസഹായം പിന്‍വലിക്കുമെന്ന് വിവിധ രാജ്യങ്ങള്‍ തീരുമാനിച്ചത് തീർത്തും അപക്വമായ തീരുമാനമാണ് ഈ രാജ്യങ്ങള്‍ കൈക്കൊണ്ടതെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.
ഏതാനും പേരുടെ പ്രവൃത്തികള്‍ കാരണം ഒരു ജനസമൂഹത്തെ മുഴുവന്‍ ശിക്ഷിക്കരുതെന്നും മാര്‍ട്ടിന്‍ അഭ്യര്‍ത്ഥിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം തുടങ്ങിയവയ്ക്കുള്ള ധനസഹായം പിന്‍വലിച്ചുകൊണ്ട് മുഴുവന്‍ ജനങ്ങളെയും ശിക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്ന് മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ പാര്‍ലമെന്റ് സൗത്ത് നിയോജക മണ്ഡലത്തിലെ ഫിനാ ഫാളിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട് കോര്‍ക്കില്‍ സംസാരിക്കുകയായിരുന്നു മാര്‍ട്ടിന്‍.
‘യു എന്‍ ആര്‍ ഡബ്ല്യു എയുടെ ഭാവിയെക്കുറിച്ച് വളരെ ആശങ്കയുണ്ട്. ഇതിന്റെ മേധാവി ഫിലിപ്പ് ലസാരിനി മാന്യനും ശക്തനുമായ ഭരണാധികാരിയാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ഏജന്‍സിക്ക് മികച്ച നിലയില്‍ ധനസഹായം നല്‍കുന്ന രാജ്യമാണ് അയര്‍ലണ്ട്’ മാര്‍ട്ടിന്‍ പറഞ്ഞു.
‘ഈ ഏജന്‍സിയില്ലെങ്കില്‍, ഗാസയിലും വെസ്റ്റ് ബാങ്കിലും മാനുഷിക സാഹചര്യം കൂടുതല്‍ വിനാശകരമാകുമെന്ന് മാര്‍ട്ടിന്‍ വിലപിച്ചു. ജോര്‍ദാനിലും മറ്റും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ ഈ സംഘടന സഹായിക്കുന്ന കാര്യം മറക്കരുത്. 30,000 ആളുകള്‍ക്ക് ജോലി ചെയ്യുന്ന വളരെ പ്രധാനപ്പെട്ട ഏജന്‍സിയാണ് യു എന്‍ ആര്‍ ഡബ്ല്യു എ. ഗാസയില്‍ മാത്രം 13,000 സ്റ്റാഫുണ്ട്. ഇക്കാര്യങ്ങള്‍ വിലയിരുത്തണം’.
സംഘര്‍ഷം അവസാനിപ്പിക്കുകയെന്നതാണ് ഏറ്റവും അടിയന്തിര ആവശ്യമെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. ഭീകരമാണ് ഗാസയിലെ സ്ഥിതി. കുട്ടികളടക്കം നിരപരാധികളായ ഒട്ടേറെ സാധാരണക്കാര്‍ അവിടെ മരിക്കുകയാണ്.മനുഷ്യത്വരഹിതമായ നടപടി അവസാനിപ്പിക്കണം.
അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേലിനെതിരായ വംശഹത്യ സംബന്ധിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ അയര്‍ലണ്ട് കക്ഷിചേരുമെന്ന സൂചനയും മാര്‍ട്ടിന്‍ നല്‍കി. ഇതു സംബന്ധിച്ച സ്ഥിതിഗതികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയമ വിദഗ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ധനസഹായം നിര്‍ത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് ‘യു എന്‍ ആര്‍ ഡബ്ല്യു എ അഭ്യര്‍ത്ഥിച്ചു.ധനസഹായം നിര്‍ത്തുന്നത് ഗാസയിലെ 20 ലക്ഷം ആളുകളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുമെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടി.ഹമാസ് ആക്രമണത്തെ ഏതെങ്കിലും വിധത്തില്‍ സഹായിച്ച ഉദ്യോഗസ്ഥരെയെല്ലാം ശിക്ഷിക്കുമെന്നും ഇവര്‍ ഉറപ്പു നല്‍കി.
ധനസഹായം പിന്‍വലിച്ചത് പുനപ്പരിശോധിച്ചില്ലെങ്കില്‍ ഏജന്‍സിയുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന് യു എന്‍ ഡബ്ല്യു ആര്‍ എ യുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജൂലിയറ്റ് ടൂമ അഭ്യര്‍ഥിച്ചു.പ്രസിഡന്റ് ട്രംപിന്റെ ഭരണത്തില്‍ ഏജന്‍സിക്കുള്ള ഫണ്ട് യു എസ് പൂര്‍ണ്ണമായും വെട്ടിക്കുറച്ചിരുന്നു.അതിനാല്‍ കുറച്ച് വര്‍ഷങ്ങളായി വന്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണ് സംഘടനയെന്നും ടൂമ വിശദീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us