അയർലണ്ടിൽ പുത്തൻ ചരിത്രമെഴുതി എം ഐ സി; ആഡംബര കപ്പലിൽ യൂറോപ്പ് ചുറ്റി നൂറോളം മലയാളികൾ

New Update
Ggg

ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ ഇന്ത്യൻ കൂട്ടായ്മയായ എം ഐ സി (മലയാളീസ് ഇൻ സിറ്റി വെസ്റ്റ്), തങ്ങളുടെ അംഗങ്ങൾക്കായി സംഘടിപ്പിച്ച കപ്പൽയാത്ര വിജയകരമായി പൂർത്തിയാക്കി. “എം ഐ സി ഓൺ എം എസ് സി 2025” എന്ന് പേരിട്ട ഈ വാർഷിക വിനോദയാത്ര, അയർലൻഡിലെ മലയാളി സംഘടനാ ചരിത്രത്തിലെ ഒരു പുതിയ നാഴികക്കല്ലായി മാറി.

Advertisment

യൂറോപ്പിലെ ഏറ്റവും വലിയ ആഡംബര കപ്പലുകളിൽ ഒന്നായ എംഎസ്‌സി യൂറോപ്പയിൽ (എം എസ് സി യൂറോപ്പ്) ഒക്ടോബർ മാസം സംഘടിപ്പിച്ച യാത്രയിൽ, നൂറോളം എം ഐ സി അംഗങ്ങൾ പങ്കെടുത്തു. ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനിന്ന ഈ കടൽയാത്ര, അവിസ്മരണീയമായ നിമിഷങ്ങളാണ് ഓരോ യാത്രികനും സമ്മാനിച്ചത്.

അയർലൻഡിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരൊറ്റ സംഘടനയുടെ നേതൃത്വത്തിൽ ഇത്രയധികം മലയാളികൾ ഒരുമിച്ച് ഒരു ക്രൂയിസ് യാത്ര നടത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

യാത്രക്കിടയിൽ ഒരു ദിവസം പൂർണ്ണമായും കേരളീയ തനിമയിലാണ് ഇവർ ആഘോഷിച്ചത്. പാരമ്പര്യ വേഷങ്ങളിൽ അണിഞ്ഞൊരുങ്ങിയ എം ഐ സി കുടുംബാംഗങ്ങൾ, കപ്പലിലെ മറ്റു യാത്രികർക്ക് വേറിട്ടൊരു ദൃശ്യവിരുന്നൊരുക്കി.

അയർലണ്ടിലെ സാംസ്കാരിക രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കൂട്ടായ്മയാണ് എം ഐ സി. ഏഷ്യാനെറ്റ് ചാനലിലൂടെ സംപ്രേഷണം ചെയ്ത ഇവരുടെ പ്രഥമ ഓണാഘോഷവും, പ്രശസ്ത ചലച്ചിത്രതാരം രമ്യാ നമ്പീശൻ മുഖ്യാതിഥിയായി എത്തിയ രണ്ടാമത് ഓണാഘോഷവും വലിയ ജനപ്രീതിയും മാധ്യമശ്രദ്ധയും നേടിയിരുന്നു. ഈ വിജയങ്ങൾക്ക് പിന്നാലെയാണ് “എം ഐ സി ഓൺ എം എസ് സി 2025” എന്ന ഈ പടുകൂറ്റൻ സംരംഭം എം ഐ സി വിജയകരമായി പൂർത്തിയാക്കിയത്.

സംഘടനാ മികവിന്റെയും കൂട്ടായ്മയുടെയും മികച്ച ഉദാഹരണമായി മാറിയ ഈ യാത്ര, വരും വർഷങ്ങളിലും പുതിയ വിസ്മയങ്ങൾ ഒരുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഭാരവാഹികൾ.

Advertisment