മൊബൈല്‍, ബ്രോഡ്ബാന്‍ഡ് കമ്പനികള്‍ക്ക് മൂക്കയര്‍, കരാര്‍ പിഴയില്ലാതെ റദ്ദാക്കാം; ഉപഭോക്തൃ അവകാശം ശക്തിപ്പെടുത്താന്‍ അയർലൻറ് സര്‍ക്കാര്‍ നീക്കം

New Update
U

ഡബ്ലിന്‍: നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം മൊബൈല്‍, ബ്രോഡ്ബാന്‍ഡ് കമ്പനികള്‍ പ്രഖ്യാപിച്ചാല്‍ കമ്പനിയെ ഉപേക്ഷിക്കാനുള്ള സ്വാതന്ത്യം ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വന്നേക്കും.

Advertisment

നിരക്ക് വര്‍ധിപ്പിക്കുന്നുവെന്ന് അറിയിപ്പു നല്‍കിയാല്‍ ഉപഭോക്താക്കള്‍ക്ക് പിഴ ഈടാക്കാതെ കരാര്‍ ഉപേക്ഷിക്കാന്‍ നിയമപരമായ അവകാശം നല്‍കുന്ന പ്രമേയം ഇന്ന് മന്ത്രിസഭ പരിശോധിക്കും. മാധ്യമകാര്യമന്ത്രി പാട്രിക് ഒ’ഡോണവന്‍ അവതരിപ്പിക്കുന്ന ഈ നടപടി, ടെലികോം കരാറുകളിലെ അനിയന്ത്രിത നിരക്ക് വര്‍ധനയില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ നിരവധി സേവനദാതാക്കള്‍ , ഒരു കരാര്‍ നിലനില്‍ക്കെ തന്നെ നിരക്ക് ഉയര്‍ത്താന്‍ അനുവദിക്കുന്ന ഐ സി പി ഐ(ഇൻകോൺട്രാക്ട് പ്രൈസ് ഇന്ക്രീസ്) വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താറുണ്ട്. ഇതുവഴി ഓരോ വര്‍ഷവും കമ്പനികള്‍ ഉപഭോക്താക്കളെ അറിയാക്കാതെ പോലും നിരക്ക് വര്‍ധിപ്പിക്കാറുണ്ട്.അത്തരമൊരു സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ കരാര്‍ കാലാവധിക്കുള്ളില്‍ തന്നെ കമ്പനിയെ മാറ്റുന്നതിന് പിഴ നല്‍കേണ്ടതുണ്ടായിരുന്നു.

24 മാസം കരാറില്‍ രണ്ടുതവണ നിരക്ക് വര്‍ധന..

നിയമപരമായി അനുവദനീയമായ പരമാവധി കരാര്‍ ദൈര്‍ഘ്യമായ 24 മാസത്തില്‍, ഉപഭോക്താവിന് പിഴയില്ലാതെ കരാര്‍ റദ്ദാക്കാന്‍ അവകാശമില്ലാതെ തന്നെ രണ്ടുതവണ നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് സൗകര്യമുണ്ട്. വര്‍ഷംതോറും, പ്രത്യേകിച്ച് സമ്മറില്‍ ഇത്തരം വര്‍ധനകള്‍ പ്രഖ്യാപിക്കപ്പെടാറുണ്ട്.

”ഉപഭോക്താക്കള്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ്, ടിവി സേവനങ്ങള്‍ക്കുള്ള കരാര്‍ ഒപ്പിടുമ്പോള്‍ എന്ത് നല്‍കണമെന്നത് സംബന്ധിച്ച് വ്യക്തമായ ഉറപ്പ് നല്കപ്പെടാത്ത സാഹചര്യം അവരെ ചൂഷണം ചെയ്യുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

പുതിയ നിയമത്തിലെ നിര്‍ദ്ദേശങ്ങള്‍

മന്ത്രിയുടെ പ്രമേയം അംഗീകരിക്കുകയാണെങ്കില്‍ പുതിയ നിയമത്തിലൂടെ ഉണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍:

നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുന്നതിന് കുറഞ്ഞത് 30 ദിവസം മുമ്പ് സേവനദാതാവ് ഉപഭോക്താവിനെ അറിയിക്കണം.

ഈ നോട്ടീസ് കാലയളവിനുള്ളില്‍ ഉപഭോക്താവിന് പിഴയില്ലാതെ കരാര്‍ ഉപേക്ഷിക്കാം.

അറിയിപ്പു ലഭിക്കുന്ന സമയം മുതല്‍ വര്‍ധന നടപ്പിലാകുന്ന ദിവസം വരെയുള്ള കാലയളവില്‍ തന്നെ കരാറില്‍ നിന്ന് പിന്മാറാനുള്ള അവകാശം ലഭിക്കും.

സര്‍ക്കാരിന്റെ നിലപാട്

ടെലികോം കമ്പനികളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയരാന്‍ സാധ്യതയുണ്ടെങ്കിലും പൂര്‍ണ്ണ നിരോധനത്തേക്കാള്‍ ഇത് ന്യായമായ, ഇടത്തരം പരിഹാരമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. ജീവിക്കാനുള്ള ചെലവുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭകരമായ സേവനങ്ങളിലേക്ക് മാറാനുള്ള സ്വാതന്ത്ര്യം നല്‍കുക എന്നതാണ് പുതിയ നിയമനിര്‍ദേശത്തിന്റെ പ്രധാന ലക്ഷ്യം.

Advertisment