/sathyam/media/media_files/2025/09/24/bbb-2025-09-24-04-04-07.jpg)
ഡബ്ലിന്‍ : വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെടുക്കുന്ന അയര്‍ലണ്ടിലെ മാഫിയാ സംഘങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് പുതിയ കാമ്പെയ്‌നുമായി ബാങ്കിംഗ് ആന്റ് പേയ്‌മെന്റ്സ് ഫെഡറേഷന്‍ അയര്‍ലണ്ട്.വിദ്യാര്‍ത്ഥികളുടെ മണി മ്യൂള്‍ റിക്രൂട്ടര്‍മാരെക്കുറിച്ച് കര്‍ശനമായ മുന്നറിയിപ്പാണ് ഫ്രോഡ് സ്മാര്‍ട്ട് -ആംലെ(യൂണിയന്‍ ഓഫ് സ്റ്റുഡന്റ്സ് അയര്‍ലണ്ട് ) സംയുക്ത കാമ്പെയ്ന്‍ ‘ഒരു മ്യൂള്‍ ആകരുത്’ (ഡോൺ ’ട് ബി എ സ്മുൾ)കാമ്പെയ്ന്‍ നല്‍കുന്നത്.
കോളേജ് വര്‍ഷം ആരംഭിക്കുന്നതു മുതല്‍ സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെ, പണം മ്യൂള്‍ റിക്രൂട്ടര്‍മാരും വിദ്യാര്‍ത്ഥികള്‍ക്കായി വലവിരിച്ചിട്ടുണ്ട്.ഈ തട്ടിപ്പില്‍ കുട്ടികള്‍ വീഴാതിരിക്കാനാണ് ബോധവല്‍ക്കരണവുമായി ബാങ്കിംഗ് ആന്റ് പേയ്‌മെന്റ്സ് ഫെഡറേഷന്‍ അയര്‍ലണ്ട് രംഗത്തുവന്നത്.ഈ വര്‍ഷം ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ മണി മ്യൂള്‍ അക്കൗണ്ടുകളിലൂടെ ഏതാണ്ട് 9.4 മില്യണ്‍ യൂറോ വെളുപ്പിച്ചതായി ഫ്രോഡ് സ്മാര്‍ട്ട് പറയുന്നു.5,000 മുതല്‍ 10,000 യൂറോ വരെയാണ് കുട്ടികളിലൂടെ വെളുപ്പിച്ചെടുക്കുന്നത്.
മോഷ്ടിച്ച പണമോ കുറ്റകൃത്യത്തില്‍ നിന്നുള്ള വരുമാനമോ ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്നയാളാണ് മണി മ്യൂള്‍. ഇതിനായി പണമോ വിലയേറിയ സമ്മാനമോ പകരം ലഭിക്കുന്നു.
കള്ളപ്പണം: കണ്ണികളിലേറെയും 18നും 24നും പ്രായക്കാര്‍
ഏത് പ്രായത്തിലുമുള്ള ആളുകളും പണമിടപാടുകാരാകാന്‍ സാധ്യതയുള്ളവരാണെങ്കിലും, ഭൂരിപക്ഷം മണി മ്യൂള്‍ ബാങ്ക് അക്കൗണ്ടുകളും 18നും 24നും ഇടയില്‍ പ്രായമുള്ളവരുടേതാണെന്നും 14 വയസ്സുള്ള കുട്ടികള്‍ പോലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഫ്രോഡ് സ്മാര്‍ട്ട് കാമ്പെയിന്‍ പറയുന്നു.ഇവരെയൊക്കെ ക്യാന്‍വാസ് ചെയ്യാന്‍ ആളുകള്‍ സമീപിച്ചിട്ടുണ്ടെന്നും സര്‍വ്വേയില്‍ കണ്ടെത്തി.
അറിയാതെ ചെയ്യുന്ന കുറ്റം
18-24 വയസ്സ് പ്രായമുള്ളവരില്‍ നാലില്‍ ഒരാളും അവരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പണം സ്വീകരിച്ചുകൊണ്ട് മറ്റൊരാള്‍ക്ക് വേണ്ടി പണം കൈമാറാന്‍ തയ്യാറാണെന്ന് സര്‍വ്വേ സമ്മതിച്ചു.അതേ സമയം,18-24 വയസ്സ് പ്രായമുള്ളവരില്‍ 47% പേര്‍ മണി മ്യൂള്‍ എന്നതിനെക്കുറിച്ച് കേട്ടിട്ടില്ലെന്നും 52% പേര്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കിട്ടില്ലെന്നും പറഞ്ഞു.
പണമിടപാടിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള അവബോധവും പ്രായമായവരെ അപേക്ഷിച്ച് ഇവര്‍ക്ക് കുറവാണ്.ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതാണിതെന്ന് 26% പേര്‍ക്കും കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യമാണെന്ന് 31% പേര്‍ക്കും അറിയില്ല. ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് 35% പേര്‍ക്കും മനസ്സിലാകുന്നില്ല.
അന്താരാഷ്ട്ര യാത്രാ വിസ, തൊഴില്‍ വിസ എന്നിവ ലഭിക്കുന്നതിനെ ഇത് ദോഷകരമായി ബാധിക്കുമെന്ന് 42% പേര്‍ക്കും അറിയില്ല.പണം കൈമാറുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് കുട്ടികളോട് കൗമാരക്കാരുടെ മാതാപിതാക്കളില്‍ 60% പേരും ചര്‍ച്ച ചെയ്തിട്ടില്ലെന്നും സര്‍വ്വേ പറയുന്നു.
വലവിരിച്ച് സോഷ്യല്‍ മീഡിയ
കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യം വയ്ക്കാന്‍ കുറ്റവാളികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വര്‍ദ്ധിക്കുകയാണെന്ന് ബിപിഎഫ്ഐയിലെ ഫിനാന്‍ഷ്യല്‍ ക്രൈം മേധാവി നിയാം ഡാവന്‍പോര്‍ട്ട് പറഞ്ഞു.പണമോ സമ്മാനങ്ങളോ നല്‍കിയാണ് ഇവരെ വശീകരിക്കുന്നത്.മയക്കുമരുന്ന്, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യ ശൃംഖലകളുമായി ബന്ധപ്പെട്ടതാണ് ഈ പണം.ഈ ഇടപാടിന്റെ അനന്തരഫലങ്ങള്‍ ഗുരുതരമാണെന്നും അത് യുവാക്കള്‍ മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഗാര്‍ഡ നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോയിലെ ഡിറ്റക്ടീവ് സൂപ്രണ്ട് മീഹോള്‍ ക്രയാന്‍ പറഞ്ഞു.
സഹായിക്കാന്‍ കൂടെയുണ്ടെന്ന് സ്റ്റുഡന്റ്സ് യൂണിയന്‍
പലവിധ പ്രലോഭനങ്ങളുമായി ഇടനിലക്കാര്‍ സമീപിക്കാനിടയുണ്ടെന്നും അവരെ അകറ്റി നിര്‍ത്തണമെന്നും ആംലെയിലെ വെല്‍ഫെയര്‍ വൈസ് പ്രസിഡന്റ് എമ്മ മോനഗന്‍ പറഞ്ഞു.പഠനച്ചെലവുകളെക്കുറിച്ചോ മറ്റ് വെല്ലുവിളികളെക്കുറിച്ചോ ആശങ്കയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശത്തിനും സഹായത്തിനുമായി യൂണിയനെ ബന്ധപ്പെടാമെന്നും ഇവര്‍ പറഞ്ഞു.
കാമ്പെയിന്‍ ഓര്‍മ്മപ്പെടുത്തുന്നു….
എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള അവസരം വാഗ്ദാനം ചെയ്യുന്ന ഇമെയിലുകളെയും മറ്റും വളരെ ജാഗ്രതയോടെ കാണണം.
സോഷ്യല്‍ മീഡിയ പ്രോലോഭനങ്ങളെക്കുറിച്ച് മനസ്സിലാക്കണം.
വര്‍ക്ക് ഫ്രം ഹോം അവസരങ്ങളെക്കുറിച്ച് സമഗ്രമായി ഗവേഷണം നടത്തണം. നിയമാനുസൃതമാണെന്ന് ഉറപ്പില്ലെങ്കില്‍ അതില്‍ ഏര്‍പ്പെടരുത്.
പണം കൈമാറാന്‍ സ്വന്തം ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്ന ഒരു ജോലി ഓഫറും സ്വീകരിക്കരുത്.
അജ്ഞാതര്‍ക്ക് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കരുത് ,അവരെ വിശ്വസിക്കരുത്
ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ ഒരിക്കലും മറ്റൊരാള്‍ക്ക് അനുവാദം നല്‍കരുത്.
സുഹൃത്തിന്റെയോ കുറ്റവാളിയുടെയോ പേരില്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നതിന് സ്വന്തം പേരില്‍ പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനും സമ്മതിക്കരുത്.