അയര്‍ലണ്ടില്‍ മോര്‍ട്ട്ഗേജ് കുടിശികക്കാര്‍ പെരുകുന്നു;വട്ടമിട്ട് പറന്ന് ‘കഴുകന്മാര്‍ ‘

New Update
fdsafxsfr4444

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഭവനവായ്പയെടുത്ത് കുടിശിക വരുത്തുന്നവര്‍ക്ക് വള്‍ച്ചര്‍ ഫണ്ടുകള്‍ അതീവ ഭീഷണി ഉയര്‍ത്തുന്നുവെന്ന് വെളിപ്പെടുത്തി സെന്‍ട്രല്‍ ബാങ്ക് . കഴിഞ്ഞ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ വായ്പാ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയത് 47,700 പേരാണെന്ന് ബാങ്ക് വെളിപ്പെടുത്തുന്നു.

Advertisment

ഇവയില്‍ ഭൂരിപക്ഷവും മോര്‍ട്ട്ഗേജ് അകൗണ്ടുകളും ഇപ്പോള്‍ വള്‍ച്ചര്‍ ഫണ്ടുകളുടെ മാനേജുമെന്റില്‍ ഉള്ളതാണെന്ന് സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തുന്നു. ഇങ്ങനെയുള്ളവരില്‍ നിന്നും വള്‍ച്ചര്‍ ഫണ്ടുകള്‍ കൊള്ളപ്പലിശയാണ് ഈടാക്കുന്നത്. നിശ്ചിത നിരക്കിലല്ല എട്ട്-ഒമ്പത് ശതമാനം പലിശ വരെയാണ് ഇവര്‍ക്കുമേല്‍ ചുമത്തുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഇത്തരം മോര്‍ട്ട്ഗേജ് നിരക്കുകള്‍ 10 മടങ്ങ് വരെ ചില വള്‍ച്ചര്‍ ഫണ്ടുകള്‍ വര്‍ധിപ്പിച്ചതായി സെന്‍ട്രല്‍ ബാങ്ക് കണ്ടെത്തി.

മൂന്നുമാസമായി പേമെന്റ് നടത്താത്ത മാര്‍ട്ട് ഗേജുകളെയാണ് കുടിശ്ശിക എന്ന ഗണത്തില്‍പ്പെടുത്തുന്നത്.ഡിസംബര്‍ അവസാനം 29,034 അക്കൗണ്ടുകളാണ് ഇത്തരത്തിലുള്ളത്. ദീര്‍ഘകാല കുടിശ്ശികക്കാരില്‍ ചിലര്‍ വായ്പ തീര്‍പ്പാക്കിയെങ്കിലും ഭൂരിപക്ഷം പേരുടെയും ലോണ്‍ അക്കൗണ്ടുകള്‍ ഇപ്പോഴും കുടിശികയായി തുടരുകയാണ്. കുടിശ്ശികയുള്ള 10 റെസിഡന്‍ഷ്യല്‍ മോര്‍ട്ട്ഗേജ് അക്കൗണ്ടുകളില്‍ ആറെണ്ണവും നോണ്‍ബാങ്ക്-നിക്ഷേപ ഫണ്ടുകളാണെന്ന് സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.

.മോര്‍ട്ട്ഗേജ് കുടിശ്ശികയിലുള്ള ഭൂരിഭാഗം അക്കൗണ്ടുകള്‍ക്കു മേലും നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ കാലം പണം അടയ്ക്കാത്ത മോര്‍ട്ട്ഗേജുകളെയാണ് ദീര്‍ഘകാല കുടിശ്ശികയെന്ന് വിളിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം 20,268 അക്കൗണ്ടുകള്‍ ഇത്തരത്തിലുള്ളതായിരുന്നു. ഇത്തരം സാഹചര്യത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ,ലോണുകള്‍ വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് വില്‍ക്കുന്നതിനുള്ള സാഹചര്യം ഒരുക്കി മോര്‍ട്ട്‌ഗേജ് ഉടമയെ, കൈയ്യൊഴിയും

വള്‍ച്ചര്‍ ഫണ്ടിന്റെ പ്രവര്‍ത്തനരീതി ലളിതമാണ്: കുറഞ്ഞ വിലയ്ക്ക് ഇത്തരം മോര്‍ട്ട്‌ഗേജുകള്‍ കൈയ്യടക്കുന്ന കമ്പനികള്‍ മോര്‍ട്ട്‌ഗേജ് ഉടമകള്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കാറില്ല. ആവശ്യമെങ്കില്‍ വ്യവഹാരത്തിലൂടെ പലിശ, കുടിശ്ശിക, പിഴകള്‍ എന്നിവ ഈടാക്കിയെടുക്കാനും,ഉയര്‍ന്ന ചാര്‍ജുകള്‍ ഏര്‍പ്പെടുത്താനും അവര്‍ക്ക് നിലവിലുള്ള സംവിധാനങ്ങള്‍ കൂട്ടുനില്‍ക്കുന്നു.

അയര്‍ലണ്ടിലെ സര്‍ക്കാരാവട്ടെ, വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് മേല്‍ കാര്യമായ നിയന്ത്രണം ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മാത്രമല്ല,ആവശ്യമായ സേവനങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ ഉത്സുകരുമാണ്. വായ്പ്പാ കുടിശ്ശികയില്‍ പെട്ടുപോകുന്ന ഉപഭോക്താക്കളെ ,വായ്പ നല്‍കിയ സ്ഥാപനം നേരിട്ട് ,കൈകാര്യം ചെയ്യുന്നതിന് പകരം വള്‍ച്ചര്‍ ഫണ്ടുകാര്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കുന്നതോടെ ,കൊള്ളപ്പലിശ ഈടാക്കുകയോ ,മോര്‍ട്ട്‌ഗേജ് ഉടമയ്ക്ക് വീട് നഷ്ടപ്പെടുന്ന സാഹചര്യമൊരുക്കി വീടുകള്‍ സ്വന്തമാക്കുകയോ ചെയ്യുക എന്നതാണ് ഇവരുടെ രീതി.

അയര്‍ലണ്ടിലെ മാര്‍ക്കറ്റ് വില ഉയര്‍ന്ന തോതില്‍ നിലനിര്‍ത്തുന്നതിനുള്ള ‘മെക്കാനിസം ;ഇങ്ങനെ സൃഷ്ടിക്കുന്നത് പ്രധാനമായും വള്‍ച്ചര്‍ ഫണ്ടുകളാണ്. ദുര്‍ബലമായ സര്‍ക്കാര്‍ സംവിധാനമാവട്ടെ എവിടെ നോക്കുകുത്തിയായി തുടരുകയുമാണ്.മെച്ചപ്പെട്ട ഭവനവായ്പ്പാനയം ഉണ്ടാക്കുന്നതില്‍ അയര്‍ലണ്ടിലെ സര്‍ക്കാരുകള്‍ തുടരുന്ന അലംഭാവം വള്‍ച്ചര്‍ ഫണ്ടുകള്‍ കൊഴുത്തുതടിക്കുന്നതിനും ഇടയാക്കുന്നു.

home loan
Advertisment