/sathyam/media/media_files/ynMYtSiklq0PMF2gJ4gl.jpg)
ഡബ്ലിന്‍ : ഡബ്ലിനില്‍ ഇമാമിനെ ആക്രമിച്ച സംഭവത്തില്‍ ദുരൂഹത. ഐറിഷ് മുസ്ലീം കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഷെയ്ഖ് ഡോ ഉമര്‍ അല്‍ ഖാദ്രിയെയാണ് രണ്ടു പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്ന പരാതിയാണ് ഉയര്‍ന്നത്. ഇതു സംബന്ധിച്ച ഗാര്‍ഡ അന്വേഷണം പുരോഗമിക്കുകയാണ്.
വംശീയ വിദ്വേഷത്തിന്റെ പേരിലാണ് താന്‍ ആക്രമിക്കപ്പെട്ടതെന്നാണ് ഇമാമിന്റെ വാദം. എക്‌സില്‍ എഴുതിയ കുറിപ്പില്‍ ഇക്കാര്യം ഡോ.അല്‍-ഖാദ്രി തുറന്നു പറയുന്നു. എന്നാല്‍ മോഷണ ശ്രമമാണ് നടന്നതെന്നാണ് ഗാര്‍ഡയുടെ വിശദീകരണം. സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണം ഗാര്‍ഡയുടെ അന്വേഷണത്തില്‍ പുറത്തുവരേണ്ടതുണ്ട്.
അയര്‍ലണ്ടിലെ ഇസ്ലാമിക് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ തലവനും ഐറിഷ് മുസ്ലീം പീസ് ആന്‍ഡ് ഇന്റഗ്രേഷന്റെ സ്ഥാപകനുമാണ് ഡോ അല്‍-ഖാദ്രി. കഴിഞ്ഞ 21 വര്‍ഷമായി അയര്‍ലണ്ടിലാണ് താമസം.
വെള്ളിയാഴ്ച വൈകിട്ട് താലയിലാണ് ഇമാം ആക്രമിക്കപ്പെട്ടത്. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് രണ്ടു പേരെ കാണുന്നതിനാണ് അവര്‍ നേരത്തേ പറഞ്ഞുറപ്പിച്ച സ്ഥലത്തെത്തിയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ അവര്‍ അവിടെ ഉണ്ടായിരുന്നില്ല.
കാറിലായിരുന്നു ഇമാം എത്തിയത്. അതില്‍ നിന്നും പുറത്തിറങ്ങിയതോടെ മുഖത്ത് ഇടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് ഇമാം പറയുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ല. ഓടിയെത്തിയ രണ്ട് ചെറുപ്പക്കാരും ഒരു സ്ത്രീയും ചേര്‍ന്നാണ് രക്ഷിച്ചതെന്നും അവരോട് നന്ദിയുണ്ടെന്നും ഇദ്ദേഹം പറയുന്നു. സംഭവത്തിന് പിന്നില്‍ മോഷണമല്ല ലക്ഷ്യമെന്ന് ഇമാം വിശദീകരിക്കുന്നു. പണമോ മൊബൈല്‍ ഫോണോ കാറോ വാച്ചോ ഒന്നും അപഹരിക്കപ്പെട്ടിട്ടില്ല. ബോധപൂര്‍വ്വമുള്ള വംശീയ ആക്രമണമാണിതെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. തികച്ചും ആസൂത്രിത സംഭവമാണ്.വംശീയ വിദ്വേഷമാണ് ഇതിന് പിന്നില്‍- ഇമാം പറയുന്നു.
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.അടിയേറ്റ് ബോധരഹിതനായ തന്നെ മൂന്നു പേര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. രാത്രി മുഴുവന്‍ അവിടെ കഴിയേണ്ടിവന്നു.സി ടി സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ നടത്തി.മുഖത്തിന് നീരുണ്ട്. പല്ലിനും ക്ഷതം സംഭവിച്ചു. -ഇമാം പറഞ്ഞു.
എന്നാല്‍ താലയില്‍ നടന്നത് മോഷണവും അക്രമ സംഭവവുമാണെന്നാണ് ഗാര്‍ഡയുടെ വിശദീകരണം.സംഭവത്തിലൊരാള്‍ ചികില്‍സ തേടിയെന്നും ഗാര്‍ഡ സ്ഥിരീകരിച്ചു.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെങ്കിലും ഇതുവരേയും ഡിക്ടക്ടീവുകള്‍ ഇമാമിനെ ചോദ്യം ചെയ്തിട്ടില്ല .ഈ സംഭവം അയര്‍ലണ്ടിലെ മുസ്ലിം സമുദായത്തില്‍ കാര്യമായ പ്രതിഫലനമുണ്ടാക്കുമെന്ന് ഇമാമിന്റെ സുഹൃത്തുക്കളിലൊരാള്‍ പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us