അയര്‍ലണ്ടിലെ പ്രധാന പരീക്ഷകളിലൊന്നായ ലീവിങ് സെര്‍ട്ടില്‍ ഇനിമുതല്‍ ഇംഗ്ലിഷ് ഭാഷയിലുള്ള ഓറല്‍ എക്‌സാമും ഉള്‍പ്പെടുത്തിയേക്കും. ലീവിങ് സെര്‍ട്ട്, സീനിയര്‍ സൈക്കിള്‍ എന്നിവയിലെ സിലബസ് നവീകരിക്കാന്‍ ഉത്തരവാദിത്തമുള്ള നാഷണൽ കൌൺസിൽ ഫോർ കറിക്യൂലും ആൻഡ് അസ്സസ്മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശമുള്ളത്. നിര്‍ദ്ദേശത്തില്‍ മെയ് മാസം വരെ പൊതുജനാഭിപ്രായം തേടിയ ശേഷമാണ് നടപ്പിലാക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക.
ഇംഗ്ലിഷ് പാഠ്യപദ്ധതിയിലെ നാടകങ്ങള്‍, നോവലുകള്‍, കവിതകള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികളുമായി സംവദിക്കുന്ന തരത്തില്‍ ഒരു ഓറല്‍ എക്‌സാം കൂടി പരീക്ഷയില്‍ ഉള്‍പ്പെടുത്തണമെന്നാണ് കൗണ്‍സിലിന്റെ നിര്‍ദ്ദേശം. ഇത് കുട്ടിയുടെ ആശയവിനിമയ ശേഷി വര്‍ദ്ധിപ്പിക്കാനും, മികച്ച സംഭാഷണങ്ങള്‍ക്ക് രൂപം നല്‍കാനും സഹായിക്കുമെന്ന് കൗണ്‍സില്‍ കണക്കുകൂട്ടുന്നു. ആകെ ഗ്രേഡിന്റെ 20% ആണ് ഈ എക്‌സാം വഴി കണക്കാക്കുക.
കണ്ടിന്വസ്, ക്രിയേറ്റീവ് റൈറ്റിങ് എന്നിവ പരിശോധിച്ച് 20% ഗ്രേഡും, ഓറല്‍ എക്‌സാമിന്റെ 20% ഗ്രേഡും, ബാക്കി 60% എഴുത്തുപരീക്ഷയുടെ ഗ്രേഡും പരിഗണിച്ചാണ് ആകെ ഗ്രേഡ് കണക്കാക്കുക.
നടപ്പിലായാല്‍ 2027ല്‍ അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലിഷ് ഓറല്‍ എക്‌സാം കൂടി ഉണ്ടാകും.