/sathyam/media/media_files/2025/10/16/ccc-2025-10-16-03-31-40.jpg)
ഡബ്ലിന്‍: ചൈല്‍ഡ് സ്പൈനല്‍ ശസ്ത്രക്രിയയിലുണ്ടായ കാലതാമസത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മുന്‍ ആരോഗ്യ മന്ത്രി കൂടിയായ ഉപ പ്രധാനമന്ത്രി സൈമണ്‍ ഹാരിസിനെതിരെ അവിശ്വാസ പ്രമേയം .അന്റു നേതാവ് പീദര്‍ തോയ്ബിനാണ് വാഗ്ദാന ലംഘനം ചൂണ്ടിക്കാട്ടി ഹാരിസിലെ കൂട്ടില്‍ കയറ്റാനൊരുങ്ങുന്നത്. എന്നാല്‍ ഇതിനെ വിശ്വാസ പ്രമേയത്തിലൂടെ നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.എന്നിരുന്നാലും, പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിടുന്നതിനിടെ വരുന്ന ഈ പ്രമേയം സര്‍ക്കാരിനെയും ഫിന ഗേല്‍ സ്ഥാനാര്‍ത്ഥി ഹെതര്‍ ഹംഫ്രീസിനെയും സമ്മര്‍ദ്ദത്തിലാക്കും.
2017ല്‍ സൈമണ്‍ ഹാരിസ് ആരോഗ്യമന്ത്രിയായിരുന്നു. അപ്പോള്‍ സ്‌കോളിയാസിസ് ശസ്ത്രക്രിയയ്ക്കായി ഒരു കുട്ടിയും നാല് മാസത്തില്‍ കൂടുതല്‍ കാത്തിരിക്കേണ്ടിവരില്ലെന്ന് അന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.എന്നാല്‍ ഈ വാഗ്ദാനം പാലിക്കാനായില്ല.ഈ വാഗ്ദാന ലംഘനം, ചില്‍ഡ്രന്‍സ് ഹെല്‍ത്ത് അയര്‍ലണ്ടിന്റെ (സി എച്ച് ഐ) ഗുരുതരമായ അഴിമതികള്‍ എന്നിവയാണ് ഹാരിസിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കാണമെന്ന് പീദര്‍ തോയ്ബിന്‍ പറഞ്ഞു.എന്നാല്‍ അവിശ്വാസ പ്രമേയമൊന്നും തന്നെ ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് സൈമണ്‍ ഹാരിസ്.
താന്‍ പൂര്‍ണ്ണമായും പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്ന് സൈമണ്‍ ഹാരിസ് പറഞ്ഞു.ഇതിനെതിരെ ഈ ആഴ്ച തന്നെ എതിര്‍ പ്രമേയം കൊണ്ടുവരുമെന്ന സൂചനയും ഹാരിസ് നല്‍കി. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ്, അടുത്ത ബുധനാഴ്ച വോട്ടെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെയെത്തുന്ന വിശ്വാസ പ്രമേയം സ്ഥാനാര്‍ത്ഥി ഹെതര്‍ ഹംഫ്രീസിനെയും സമ്മര്‍ദ്ദത്തിലാക്കും. ഹാരിസിനൊപ്പം അന്നത്തെ മന്ത്രിസഭാംഗമായിരുന്നു ഡപ്യൂട്ടി ഫിന ഗേല്‍ നേതാവ് കൂടിയായ ഹംഫ്രിസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്വതന്ത്ര കാതറിന്‍ കൊണോളി വിശ്വാസ പ്രമേയത്തില്‍ ആര്‍ക്കാണ് വോട്ട് ചെയ്യുക എന്നതും നിര്‍ണ്ണായകമാകും.
നട്ടെല്ലിലെ വളവ് 75 ഡിഗ്രിയായിരുന്നു. വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നതോടെ അത് 130 ഡിഗ്രിയിലെത്തി. മരിച്ച ഒന്‍പത് വയസ്സുള്ള ഹാര്‍വി മോറിസണ്‍ ഷെറാട്ടിന്റെ മരണത്തിന് കാരണമായത് സര്‍ജറിയിലുണ്ടായ കാലതാമസമാണെന്ന് കുടുംബം ആരോപിച്ചിരുന്നു.കുട്ടിയുടെ മാതാപിതാക്കളായ സ്റ്റീഫന്‍ മോറിസണും ഗില്ലിയന്‍ ഷെറാട്ടും ഹാരിസിന്റെ രാജിയും ആവശ്യപ്പെട്ടിരുന്നു.ഈ വിഷയത്തില്‍ ഹാരിസ് അവിശ്വാസ പ്രമേയം നേരിടുന്നത് ഇതാദ്യമല്ല.
ശിശുക്കളായ രോഗികളില്‍ നോണ്‍ സര്‍ജ്ജിക്കല്‍ സ്പ്രിംഗുകളുടെ ഇംപ്ലാന്റിംഗ്, അനാവശ്യമായ ഇടുപ്പ് ശസ്ത്രക്രിയകള്‍, ആരോഗ്യ രേഖകളുടെ സുരക്ഷ, ഇന്‍-സോഴ്‌സിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയ സിഎച്ച്ഐയിലെ വിവിധ അഴിമതികളും ഈ പ്രമേയത്തിലൂടെ ചര്‍ച്ചയാകും.
സ്‌കോളിയോസിസ് പരിചരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഹാര്‍വി ഷെറാട്ടിന്റെ മാതാപിതാക്കള്‍ ഈ മാസം ഹാരിസിനെ കാണും.കൂടിക്കാഴ്ചയ്ക്ക് ഹാരിസും സമ്മതിച്ചിട്ടുണ്ട്.സി എച്ച് ഐയിലെ വിവാദങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഏത് തരത്തിലുള്ള അന്വേഷണം നടത്തുമെന്നതിനെക്കുറിച്ച് വിവിധ ശുപാര്‍ശകളും സര്‍ക്കാരിന് മുന്നിലുണ്ട്.കുട്ടികളുടെ മാതാപിതാക്കള്‍ പബ്ലിക് സ്റ്റാറ്റിയൂട്ടറി എന്‍ക്വയറിയാണ് ആവശ്യപ്പെടുന്നത്.