Advertisment

ഒരു അഭയാര്‍ത്ഥിയും അയര്‍ലണ്ടില്‍ നിന്നും പുറത്തുപോവില്ല !

New Update
jhvcdfrty

ഡബ്ലിന്‍ : നോര്‍ത്തേണ്‍ അയര്‍ലണ്ടിലൂടെയെത്തുന്ന അഭയാര്‍ത്ഥികളുടെ പേരില്‍ തുടക്കമിട്ട യു കെ അയര്‍ലണ്ട് പോര് മുറുകുന്നു. എതിര്‍പ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നേരിട്ടെത്തി ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് വ്യക്തമാക്കിയതോടെ മുന്നോട്ടുവെച്ച കാല്‍ എങ്ങനെ പിന്നോട്ടാക്കുമെന്ന കാര്യത്തില്‍ ശങ്കിച്ചു നില്‍ക്കുകയാണ് അയര്‍ലണ്ട് സര്‍ക്കാര്‍.

Advertisment

നേരത്തേ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് നിശ്ചയിച്ച യു കെ ഹോം സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയും ബ്രിട്ടന്‍ മാറ്റിവെച്ചിരുന്നു. പുതിയീയതി അറിയിച്ചിട്ടുമില്ല.ഫലത്തില്‍ ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ യാതോരു വ്യക്തതയുമില്ലാത്ത നിലയാണ്.

നിയമവുമായി മുന്നോട്ടു പോകാന്‍ അനുമതി പക്ഷേ…

അതിനിടെ, അനധികൃതമായി എന്‍ ഐ അതിര്‍ത്തി വഴി അയര്‍ലണ്ടിലെത്തുന്നവരെ യു കെയിലേയ്ക്ക് തിരികെ അയക്കുന്നതിനുതകുന്ന നിയമം കൊണ്ടുവരാന്‍ മന്ത്രിസഭ ജസ്റ്റിസ് വകുപ്പിന് അനുമതി നല്‍കി. വന്നവരെ തിരികെ അയക്കുന്നതിനുള്ള കരാറിന് നിയമപരമായ ബാധ്യതയില്ലെന്ന ബ്രിട്ടന്റെ ഭാഗത്തുനിന്നും തടസ്സവാദം വന്നതോടെ ഇതുമായി ബന്ധപ്പെട്ട കരാര്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യമുയര്‍ന്നു. എന്നാല്‍ അതിന് സാധിക്കുകയില്ലെന്നു നീതിന്യായ വകുപ്പ് വ്യക്തമാക്കി.

കരാര്‍ നിയമപരമായി ബാധ്യതയല്ലെന്ന് ബ്രിട്ടന്‍

നയതന്ത്ര പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോമണ്‍ ട്രാവല്‍ ഏരിയയുമായി ചില ക്രമീകരണങ്ങള്‍ ഇരുപക്ഷവും അംഗീകരിച്ചിട്ടുണ്ടെന്ന് സമ്മതിച്ച ബ്രിട്ടന്‍ പക്ഷേ അതിന് നിയമപരമായ ബാധ്യതയുണ്ടോ എന്ന സംശയമാണ് ഉന്നയിച്ചത്.അതിനാല്‍ അഭയാര്‍ഥികളെ തിരികെ അയച്ചാല്‍ സ്വീകരിക്കാന്‍ നിയമപരമായ ബാധ്യതയില്ലെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.ഇതുവരെ ഇങ്ങനെയൊരു കീഴ് വഴക്കമില്ലെന്നും ബ്രിട്ടന്‍ ചൂണ്ടിക്കാട്ടി.

ഇംഗ്‌ളണ്ടില്‍ നിന്നുള്ളവരെ ഫ്രാന്‍സിലേക്ക് മടക്കി അയക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്നും ബ്രിട്ടന്‍ ആവര്‍ത്തിച്ചു.

കരാര്‍ പുറത്തുവിടാന്‍ മടി

ഇതുമായി ബന്ധപ്പെട്ട് യു കെ ഹോം ഓഫീസുമായി രേഖാമൂലമുള്ള കരാര്‍ 2020 നവംബറില്‍ ഉണ്ടാക്കിയതാണെന്ന് ജസ്റ്റിസ് വകുപ്പ് പറയുന്നു. എന്നാല്‍ അത് പൊതുവായി ലഭ്യമല്ലെന്ന് വകുപ്പ് അറിയിച്ചു.

കോമണ്‍ ട്രാവല്‍ ഏരിയയുടെ ദുരുപയോഗം ബോധ്യമാകുന്ന പക്ഷം ഇരുകൂട്ടര്‍ക്കും പരസ്പരം അഭയാര്‍ത്ഥികളെ മടക്കി അയക്കുന്നതിനാണ് കരാര്‍ ഒപ്പുവെച്ചതെന്ന് വിശദീകരിക്കുമ്പോഴും കരാര്‍ പ്രസിദ്ധീകരിക്കാന്‍ വകുപ്പ് വിസമ്മതിക്കുകയാണ്.

കരാര്‍ യു കെ സര്‍ക്കാര്‍ സ്ഥിരീകരിച്ചെന്ന് പ്രധാനമന്ത്രി… ആശയക്കുഴപ്പമില്ല

ഇരു രാജ്യങ്ങളിലും അഭയം തേടുന്നവരെ തിരിച്ചയക്കാനുള്ള ഓപ്പറേറ്റിംഗ് കരാര്‍ ഉണ്ടെന്ന് യു കെ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.2020ല്‍ ബ്രെക്‌സിറ്റിനു ശേഷമാണ് കരാര്‍ ഉണ്ടാക്കിയത്.അഭയം തേടുന്നവരെ യു കെയിലേക്കും തിരിച്ചും നല്‍കാമെന്നാണ് കരാറെന്നും ഹാരിസ് പറഞ്ഞു.

യു കെ യൂറോപ്യന്‍ യൂണിയന്‍ വിട്ടതിന് ശേഷമാണ് കരാര്‍ നിലവില്‍ വന്നത് അതിനാല്‍ അഭയാര്‍ഥികളെ ഇരു രാജ്യങ്ങളിലേക്കും മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്നും ഹാരിസ് പറഞ്ഞു. ഈ പ്രശ്നത്തില്‍ യാതോരു ആശയക്കുഴപ്പവുമില്ലെന്ന് സിന്‍ ഫെയിന്‍ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡിന്റെ വിമര്‍ശനത്തിന് മറുപടിയായി പ്രധാനമന്ത്രി വിശദീകരിച്ചു.

വ്യക്തത വരുത്തണമെന്ന് ലേബര്‍ നേതാവ്

ഇരു രാജ്യങ്ങളും തമ്മിലുണ്ടെന്നു പറയുന്ന കരാറിനെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് ലേബര്‍ നേതാവ് ഇവാന ബാസിക് പറഞ്ഞു. സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ പദ്ധതി പരാജയപ്പെട്ടുവെന്ന് ലേബര്‍ നേതാവ് പറഞ്ഞു. ഡബ്ലിന്‍ മൗണ്ട് സ്ടീറ്റിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലെ വൃത്തിഹീനവും മനുഷ്യത്വരഹിതവുമായ അവസ്ഥ അതിന്റെ തെളിവാണെന്നും ബാസിക് വിശദീകരിച്ചു. ബ്രിട്ടന്റെ റുവാണ്ട ബില്‍ ഗുഡ് ഫ്രൈഡേ ഉടമ്പടിയെ തുരങ്കം വയ്ക്കുന്നതാണെന്നും അവര്‍ ആരോപിച്ചു.

പോര്‍ട്ടുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ മുഖേന ഒമ്പത് ശതമാനം അഭയാര്‍ത്ഥികളേ രാജ്യത്ത് എത്തുന്നുള്ളുവെന്ന് മന്ത്രി ഹെലന്‍ മക് എന്റി പറഞ്ഞു. ബാക്കി 91%വും ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസ് മുഖേനയുള്ളതാണെന്നും മന്ത്രി പറഞ്ഞു. നേരത്തേ മന്ത്രി പറഞ്ഞ് 80%ത്തിലേറെ എന്ന കണക്കിനെ മറികടക്കുന്നതാണ് ഇന്നലെ മന്ത്രിസഭയില്‍ അവതരിപ്പിച്ച കണക്ക്.

uk-ireland-refugees
Advertisment