അയർലണ്ടിൽ നോറോവൈറസും പടരുന്നു… മുന്നറിയിപ്പും മാര്‍ഗ്ഗനിര്‍ദ്ദേശവും പുറത്തിറക്കി എച്ച് എസ്

New Update
D

ഡബ്ലിന്‍: അയര്‍ലണ്ടിലുടനീളം നോറോവൈറസ് പടരുന്ന സാഹചര്യം മുന്‍നിര്‍ത്തി എച്ച് എസ് ഇ മുന്നറിയിപ്പ് നല്‍കി.ഉത്സവ സീസണില്‍ കേസുകള്‍ ഇനിയും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisment

വിന്റര്‍ വൊമിറ്റിംഗ് ബഗ് എന്നറിയപ്പെടുന്ന നോറോവൈറസ് ഛര്‍ദ്ദിക്കും വയറിളക്കത്തിനും കാരണമാകുന്ന മാരകമായ പകര്‍ച്ചവ്യാധിയാണ്.അടുത്ത സമ്പര്‍ക്കം, മലിനമായ പ്രതലം, ഭക്ഷണം എന്നിവയിലൂടെ ഇവ എളുപ്പത്തില്‍ പടരുന്നു.രോഗം ബാധിച്ചാല്‍ പകരുന്നത് നിയന്ത്രിക്കാനും പ്രയാസമാണ്.

ഗ്യാസ്ട്രോഎന്റൈറ്റിസിന് കാരണമായ നോറോവൈറസ് വന്‍ തോതില്‍ പ്രചരിക്കുന്നുണ്ടെന്ന് എച്ച് പി എസ് സി സ്ഥിരീകരിച്ചു.വര്‍ദ്ധിച്ച ഇന്‍ഫ്ളുവന്‍സയുമായി പോരാടുന്നതിനിടയിലാണ് നോറോവൈറസും പെരുകുന്നത്. ഹെല്‍ത്ത് കെയര്‍ സര്‍വ്വീസുകളില്‍ ഇത് അധിക സമ്മര്‍ദ്ദം ചെലുത്തുന്നുമെന്ന് എച്ച്എസ്ഇ വ്യക്തമാക്കി.നോറോവൈറസ് വലിയ ദുരിതമുണ്ടാക്കുമെങ്കിലും മിക്ക ആളുകളും പ്രൊഫഷണല്‍ ചികിത്സ ആവശ്യമില്ലാതെ തന്നെ വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും നോറോവൈറസും ഫ്ളൂവും പൊട്ടിപ്പുറപ്പെടുന്നത് ഗുരുതരമായ പ്രതിസന്ധികള്‍ക്ക് കാരണമായെന്ന് എച്ച് എസ് ഇ വിശദീകരിച്ചു. രോഗികള്‍ക്കും ജീവനക്കാര്‍ക്കും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.അതിനാല്‍ രോഗബാധ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രഖ്യാപിച്ചു.

ശ്രദ്ധിക്കാം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍…വീട്ടില്‍ത്തന്നെ കഴിയുക

ലളിതമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് രോഗം പടരുന്നത് നിയന്ത്രിക്കാനാകുമെന്ന് എച്ച്എസ്ഇ മാര്‍ഗ്ഗനിര്‍ദ്ദേശം പറയുന്നു.ശ്വസന തടസ്സങ്ങളോ ഛര്‍ദ്ദിയോ വയറിളക്കമോ ഉണ്ടെങ്കില്‍ ആശുപത്രികളോ നഴ്സിംഗ് ഹോമുകളോ വീട്ടില്‍ ദുര്‍ബലരായ ആളുകളേയോ സന്ദര്‍ശിക്കരുത്. അസുഖമുള്ളപ്പോള്‍ കെയര്‍ കേന്ദ്രങ്ങളിലേക്കുള്ള സോഷ്യല്‍ വിസിറ്റുകള്‍ ഒഴിവാക്കണം.

രോഗവ്യാപനം തടയുന്നതിനായി ലക്ഷണങ്ങള്‍ മാറിയതിനുശേഷവും 48 മണിക്കൂര്‍ വീട്ടില്‍ തന്നെ തുടരുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ പാലിക്കാന്‍ എച്ച് എസ് ഇ അഭ്യര്‍ത്ഥിച്ചു. ആശുപത്രിയിലോ കെയര്‍ ഹോമുകളിലോ സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കുക. രോഗികളായിരിക്കുമ്പോഴും അതിനുശേഷവും 48 മണിക്കൂര്‍ വരെയും സാമൂഹികമായി ഇടപഴകുന്നത് ഒഴിവാക്കുക.

നിവൃത്തിയുണ്ടെങ്കില്‍ എമര്‍ജെന്‍സി വിഭാഗത്തില്‍ പോകരുത്

ഛര്‍ദ്ദിയോ വയറിളക്കമോ ഉണ്ടെങ്കില്‍, എമര്‍ജെന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിക്കരുത്. പകരം ഫാര്‍മസിസ്റ്റുമായോ ജി പിയുമായോ ഫോണില്‍ ബന്ധപ്പെടുക.ആരോഗ്യ മേഖലകളിലോ പരിചരണങ്ങളിലോ നോറോവൈറസ് വരാതിരിക്കേണ്ടത് പ്രധാനമാണ്. ജീവനക്കാര്‍ക്ക് രോഗം ബാധിച്ചാല്‍, സ്ഥിതി ഗുരുതരമാക്കും.ദുര്‍ബലരായ രോഗികള്‍ക്ക് രോഗം ബാധിച്ചാലും അനന്തരഫലങ്ങള്‍ വളരെ മോശമാകും.എന്നിരുന്നാലും തീരെ മോശമാണ് സ്ഥിതിയെങ്കില്‍ എമര്‍ജെന്‍സി വിഭാഗത്തില്‍ പോകാന്‍ മടിക്കരുത്. പക്ഷേ മുന്‍കരുതലെന്ന നിലയില്‍ റിസപ്ഷനിലെ ജീവനക്കാരെ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടെന്ന് അറിയിക്കണം.

കൈകള്‍ ഇടയ്ക്കിടെ നന്നായി കഴുകണം

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ നന്നായി കഴുകണം. ആല്‍ക്കഹോള്‍ ഹാന്‍ഡ് ജെല്ലുകള്‍ നോറോവൈറസുകളെ കൊല്ലില്ല.

മലിനമായതോ മലിനമായതോ ആയ ഏതെങ്കിലും പ്രതലങ്ങളോ വസ്തുക്കളോ അണുവിമുക്തമാക്കണം. ബ്ലീച്ച് അധിഷ്ഠിത ഗാര്‍ഹിക ക്ലീനര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

വൈറസ് നശിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മലിനമായേക്കാവുന്ന വസ്ത്രങ്ങളോ കിടക്കകളോ പ്രത്യേകം ചൂട് വെള്ളത്തില്‍ കഴുകണം. ടവ്വലുകളോ ഫേയ്സ് ക്ലോത്തുകളോ പങ്കിടരുത്.

ടോയ്‌ലറ്റ് കര്‍ശനമായി അണുമുക്തമാക്കണം.അസംസ്‌കൃതവും കഴുകാത്തതുമായ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം.

നോറോവൈറസ് വീണ്ടും വരും സൂക്ഷിക്കണം

നോറോവൈറസ് വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാണ് .ജനിതക വ്യതിയാനങ്ങളിലൂടെ നോറോവൈറസ് നിരന്തരം മാറുന്നത് സ്ഥിരം രോഗപ്രതിരോധ സംവിധാനം വളര്‍ത്തിയെടുക്കുന്നത് തടയുമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

വൈറസ് എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാല്‍-മ്യൂട്ടേറ്റ് ചെയ്യുന്നതിനാല്‍- നോറോവൈറസ് വീണ്ടും ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പും എച്ച് എസ് ഇ നല്‍കുന്നു. അതിനാല്‍, ശരീരത്തിന് അതിനെതിരെ ദീര്‍ഘകാല പ്രതിരോധം വളര്‍ത്തിയെടുക്കാന്‍ കഴിയില്ല.ശൈത്യകാലത്താണ് കൂടുതല്‍ സാധാരണമാകുന്നതെങ്കിലും വര്‍ഷത്തിലെ ഏത് സമയത്തും രോഗം പിടിപെടാം.

ലക്ഷണങ്ങള്‍ ഓര്‍ത്തുവെയ്ക്കണം

വൈറസ് ബാധിതരില്‍ ചിലര്‍ക്ക് നേരിയ പനി, തലവേദന, വയറുവേദന, കൈകാലുകള്‍ വേദന എന്നിവയും അനുഭവപ്പെടാം.ലക്ഷണങ്ങള്‍ ആരംഭിച്ച് രണ്ടോ ദിവസത്തിനുള്ളില്‍ രോഗ ബാധിതനാകും. മൂന്ന് ദിവസം വരെ രോഗം തുടര്‍ന്നേക്കാം.

സുഖമാകുന്നതുവരെ വീട്ടില്‍ തന്നെ തുടരുന്നതാണ് ഏറ്റവും നല്ലത്.നോറോ വൈറസിന് ചികിത്സയില്ലാത്തതിനാല്‍ അതിനെ അതിന്റെ ഗതിയില്‍ വിടാന്‍ അനുവദിക്കണം. വൈറസായതിനാല്‍ ആന്റിബയോട്ടിക്കുകളും സഹായകമല്ല. കൂടുതല്‍ ഗുരുതരമാകുന്നില്ലെങ്കില്‍ വൈദ്യോപദേശവും ആവശ്യമില്ല- എച്ച് എസ് ഇ പറയുന്നു.

Advertisment