New Update
/sathyam/media/media_files/2025/03/25/FhpvPBKDtYtaLiPI4K6Y.jpg)
അയര്‍ലണ്ടില്‍ വിന്റര്‍ വൊമിറ്റിങ് ബഗ് എന്നറിയപ്പെടുന്ന നോറോവൈറസ് പടര്‍ന്നുപിടിക്കുന്നു എന്ന മുന്നറിയിപ്പുമായി ഹെൽത്ത് പ്രൊട്ടക്ഷൻ സർവ്വേലൻസ് സെന്റർ (HPSC). മാര്‍ച്ച് 16 വരെയുള്ള ഒരാഴ്ചയ്ക്കിടെ ഇത്തരം 100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി വ്യക്തമാക്കിയ അധികൃതര്‍, 2025-ല്‍ ഒരാഴ്ചയ്ക്കിടെ ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. അതിന് മുമ്പുള്ള ആഴ്ചകളില്‍ 93, 72 എന്നിങ്ങനെയായിരുന്നു കേസുകളുടെ എണ്ണം. ഈ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 760 ആണ്.
സാധാരണയായി തണുപ്പ് കാലത്താണ് നോറോവൈറസ് പടരുന്നതെന്ന് എച്ച് എസ് പി സി പറയുന്നു. സാമൂഹികമായ ഇടപെടലുകള്‍ വര്‍ദ്ധിക്കുമ്പോള്‍ പകര്‍ച്ചയും കൂടുന്നു. പലതരത്തിലുള്ള ഇന്‍ഫ്‌ളുവന്‍സകള്‍, ആർ എസ് വി, കോവിഡ്-19 എന്നിവയ്‌ക്കെല്ലാം ഒപ്പമാണ് വിന്റര്‍ സീസണില്‍ നോറോ വൈറസും പടരുന്നത്. ഈ രോഗങ്ങളെല്ലാം തന്നെ ആശുപത്രികളില്‍ രോഗികളുടെ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.
ഒരാളില്‍ നിന്നും മറ്റുള്ളവരിലേയ്ക്ക് വളരെ വേഗത്തില്‍ പടരാന്‍ നോറോവൈറസിന് സാധിക്കും. ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് നോറോവൈറസിന്റെ പൊതുവായ രോഗലക്ഷണങ്ങള്‍. സാധാരണയായി ചികിത്സ ആവശ്യമില്ലെങ്കിലും, ശ്രദ്ധിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകാം. ധാരാളം വെള്ളം കുടിക്കുകയും, ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാകാതെ സൂക്ഷിക്കുകയുമാണ് രോഗത്തിന് പരിഹാരം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം മാറി കുറഞ്ഞത് 48 മണിക്കൂറെങ്കിലും സാമൂഹിക അകലം പാലിക്കണം.
രോഗം ബാധിച്ച് വയറിളക്കം, ഛര്‍ദ്ദി എന്നിവയുമായി രോഗികള്‍ ആശുപത്രികളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ എത്തുന്നത് പരമാവധി ഒഴിവാക്കണമെന്നും, ജിപിമാരെയോ, ഫാര്‍മസിസ്റ്റുകളെയോ കണ്ടാലോ, ഫോണ്‍ ചെയ്താലോ മതിയെന്നും എച്ച് എസ് പി സി പറയുന്നു. ആശുപത്രികളില്‍ തിരക്ക് കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.
രോഗം വരാതിരിക്കാനായി കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണമെന്നും, ആല്‍ക്കഹോളോ, ജെല്ലോ കൊണ്ട് വൈറസ് ചാവില്ലെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.