/sathyam/media/media_files/2025/10/01/bbbv-2025-10-01-04-24-07.jpg)
അയര്‍ലണ്ടില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണം, 2024 ഓഗസ്റ്റിലെക്കാളും അധികമെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (സിഎസ്ഒ) കണക്കുകള്‍ പ്രകാരം ആകെ 772,800 വിദേശ ടൂറസിറ്റുകള്‍ ഈ ഓഗസ്റ്റില്‍ അയര്‍ലണ്ട് സന്ദര്‍ശിച്ചത്. 2023 ഓഗസ്റ്റ് മാസത്തെക്കാള്‍ 5 ശതമാനവും, 2024 ഓഗസ്റ്റിനെക്കാള്‍ 1 ശതമാനവും അധികമാണിത്.
ഏറ്റവും കൂടുതല്‍ വിദേശസഞ്ചാരികളെത്തിയത് ബ്രിട്ടനില്‍ നിന്നാണ്- 36%. യൂറോപ്പ് 31%, വടക്കേ അമേരിക്ക 26% എന്നിങ്ങനെയാണ് പിന്നീടുള്ള കണക്കുകള്‍. 6% പേര്‍ ലോകത്തെ മറ്റ് രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ട് സന്ദര്‍ശിക്കാനെത്തി.
അതേസമയം വടക്കേ അമേരിക്കയില്‍ നിന്നും അയര്‍ലണ്ട് സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണത്തില്‍, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ വര്‍ദ്ധന സംഭവിച്ചിട്ടുണ്ട്. 2024 ഓഗസ്റ്റിനെക്കാള്‍ 21% അധികം സഞ്ചാരികളാണ് ഈ പ്രദേശത്ത് നിന്നും ഇത്തവണ എത്തിയത്. യൂറോപ്യന്‍ വന്‍കരയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം 12% കുറഞ്ഞപ്പോള്‍, ബ്രിട്ടനില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം 3%, മറ്റ് ലോകരാജ്യങ്ങളില്‍ നിന്നുമെത്തുന്നവരുടെ എണ്ണം 1% എന്നിങ്ങനെ വര്‍ദ്ധിക്കുകയും ചെയ്തു.
അയര്‍ലണ്ടില്‍ പോയ മാസം വന്ന 48% വിദേശികളും അവധിക്കാലം ചെലവഴിക്കാനോ, വിനോദയാത്രയ്ക്കായോ വന്നവരാണ്. 31% പേര്‍ സുഹൃത്തുക്കളെയോ, ബന്ധുക്കളെയോ സന്ദര്‍ശിക്കാനുമാണ് എത്തിയത്. യാത്രാച്ചെലവ് ഉള്‍പ്പെടാതെ ആകെ 744 മില്യണ്‍ യൂറോ ആണ് വിദേശസഞ്ചാരികളില്‍ നിന്നും ഓഗസ്റ്റില്‍ രാജ്യത്തിന് ലഭിച്ച വരുമാനം.