/sathyam/media/media_files/2025/08/30/cc-2025-08-30-05-27-13.jpg)
അയർലണ്ടിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. 2025 ഏപ്രിൽ വരെയുള്ള ഒരു വർഷത്തിനിടെ കുടിയേറ്റം 16% കുറഞ്ഞതായാണ് സെൻട്രൽ സ്റ്ററ്റിസ്റ്റിക്സ് ഓഫീസ് (സി എസ് ഒ)- ന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഏപ്രിൽ വരെയുള്ള ഒരു വർഷത്തിനിടെ 125,300 പേരാണ് അയർലണ്ടിലേക്ക് കുടിയേറിയത്. തുടർച്ചയായി ഇത് 12-ആം മാസമാണ് കുടിയേറ്റക്കാരുടെ എണ്ണം 100,000 കടക്കുന്നത്.
12 മാസത്തിനിടെയുള്ള കുടിയേറ്റക്കാരിൽ 31,500 പേർ തിരികെ അയർലണ്ടിലേക്ക് തന്നെ എത്തിയ ഐറിഷ് പൗരന്മാരാണ്. 25,300 പേർ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാരും. 4,900 പേർ യുകെയിൽ നിന്നും കുടിയേറി.
അയർലണ്ടിലെ ആകെ ജനസംഖ്യ 5.46 മില്യൺ ആയതായും റിപ്പോർട്ട് പറയുന്നുണ്ട്.
മറുവശത്ത് അയർലണ്ടിൽ നിന്നും പുറം രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും കുറഞ്ഞിട്ടുണ്ട്. ഏപ്രിൽ വരെയുള്ള 12 മാസത്തിനിടെ 65,600 പേരാണ് അയർലണ്ടിൽ നിന്നും പുറം രാജ്യങ്ങളിലേക്ക് കുടിയേറി പോയത്. ഇതിൽ 35,000 പേർ ഐറിഷ് പൗരന്മാരാണ്.
അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ 27% വർദ്ധന സംഭവിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 13,500 പേരാണ് ഒരു വർഷത്തിനിടെ അയർലണ്ട് വിട്ട് ഓസ്‌ട്രേലിയയിലേക്ക് ചേക്കേറിയത്. 2013-ൽ 14,100 പേർ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതിനു ശേഷം ഇത്രയും പേർ അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് പോകുന്നത് ഇതാദ്യമായാണ്. അയർലണ്ടിൽ നിന്നും യുഎസിലേക്കുള്ള കുടിയേറ്റം 22 ശതമാനവും വർദ്ധിച്ചിട്ടുണ്ട് (6,100).