/sathyam/media/media_files/2025/12/17/c-2025-12-17-03-32-25.jpg)
ഡബ്ലിന്‍: വയസ്സാംകാലത്തും വാടകവീടുകളില്‍ കഴിയേണ്ടി വരുന്നവരുടെ എണ്ണം പെരുകുന്നു. ഒന്നര ദശാബ്ദത്തിനുള്ളില്‍ ഇത്തരത്തിലുള്ളവരുടെ എണ്ണം ഇരട്ടിയായെന്ന് റോയല്‍ ലണ്ടന്‍ അയര്‍ലണ്ട് പഠന റിപ്പോര്‍ട്ട് പറയുന്നു. അയര്‍ലണ്ടിന്റെ ദാരുണമായ ഭവന പ്രതിസന്ധിയെ അടയാളപ്പെടുത്തുന്നതാണ് ഈ റിപ്പോര്‍ട്ട്.വിരമിക്കലിന് ശേഷം ഭവന ചെലവുകള്‍ കുറവാകുമെന്ന അനുമാനത്തിലാണ് പെന്‍ഷന്‍ സംവിധാനങ്ങള്‍ വിഭാവനം ചെയ്യുന്നത്.എന്നാല്‍ ഇത് തെറ്റാണെന്നാണ് വെളിപ്പെടുത്തുന്ന ഈ പഠനം വലിയ ആശങ്കയുണ്ടാക്കുന്നു.
വീട് വാടകയ്‌ക്കെടുക്കുന്ന 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം ഇരട്ടിയായതായി പഠനം കണ്ടെത്തി. 2011 മുതലാണ് ഈ പ്രതിഭാസം കണ്ടു തുടങ്ങിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.സി എസ് ഒ കണക്കനുസരിച്ച് 2011ല്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരുലക്ഷം പേരില്‍ 8,500 പേരും വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.2022 ആയപ്പോഴേക്കും ഇത് 17,000എന്ന ഇരട്ടിയിലെത്തി.2016ലാണ് ഈ കുതിച്ചുചാട്ടമുണ്ടായത്. ഇതേ കാലയളവില്‍ അയര്‍ലണ്ടിലെ ജനസംഖ്യയില്‍ 12% വര്‍ദ്ധനവുമുണ്ടായി.
2011നും 2022നും ഇടയില്‍ 35 വയസ്സിന് താഴെയുള്ള വാടകക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.വീട്ടിലേക്ക് മാറാനോ മാതാപിതാക്കളോടൊപ്പം താമസിക്കാനോ ഉയര്‍ന്ന വാടകയാണ് പലരേയും നിര്‍ബന്ധിതമാക്കിയത്. ഇതോടെ 35 വയസ്സിന് മുകളിലുള്ള വാടകക്കാരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനവുമുണ്ടായി- റിപ്പോര്‍ട്ട് പറയുന്നു.
അയര്‍ലണ്ടില്‍ ഒരു വീട് വാങ്ങുന്നയാളുടെ ശരാശരി പ്രായം 39ആണ്. ഈ സംഖ്യ ക്രമാനുഗതമായി വര്‍ദ്ധിക്കുകയാണ്.സ്വകാര്യ വാടക വിപണിയിലുള്ള 40 വയസ്സിനു മുകളിലുള്ളവര്‍ താങ്ങാനാവുന്ന വിലയില്‍ വീടുകള്‍ കിട്ടാതെ പ്രശ്‌നങ്ങള്‍ നേരിടുന്നവരും ഒരിക്കലും വീട് വാങ്ങാന്‍ കഴിയാത്തവരുമാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.
2035 ആകുമ്പോഴേക്കും അയര്‍ലണ്ടിന്റെ മൊത്തത്തിലുള്ള ഭവന ഉടമസ്ഥാവകാശ നിരക്ക് 60%ത്തോട് അടുക്കുമെന്ന് പ്രവചനമുണ്ട്. അതായത് ജനസംഖ്യയില്‍ പകുതിയോളം വാടകവീട്ടില്‍ കഴിയേണ്ടിവരും. നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 80%ത്തില്‍ കൂടുതലായിരുന്നു ഈ നിരക്ക്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാടകീയമായ ഇടിവാണിതെന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു.
റിട്ടയര്‍മെന്റ് കാലത്തിന് ശേഷം മാന്യമായ ജീവിത നിലവാരം നിലനിര്‍ത്താന്‍ ആളുകള്‍ക്ക് എത്ര പണം ആവശ്യമാണെന്ന് പരിശോധിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം പെന്‍ഷന്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ചിരുന്നു.
അടിസ്ഥാന ആവശ്യങ്ങള്‍ മാത്രം നിറവേറ്റിക്കൊണ്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് പ്രതിമാസം കുറഞ്ഞത് 1,600 യൂറോ ആവശ്യമാണെന്നാണ് ഈ റിപ്പോര്‍ട്ട് കണ്ടെത്തിയത്. പ്രതിമാസ ഭവന ചെലവുകള്‍ യൂട്ടിലിറ്റികളുള്‍പ്പെടെ 600 യൂറോയാണെന്നും റിപ്പോര്‍ട്ട് അനുമാനമുണ്ട് .എന്നാല്‍ ഈ ചെലവില്‍ ജീവിക്കുന്ന വാടകക്കാര്‍ ആരും തന്നെയുണ്ടാകില്ലെന്നതാണ് വസ്തുത. 65 വയസ്സിനു മുകളിലുള്ള വാടകയ്ക്ക് താമസിക്കുന്നവര്‍ ദാരിദ്ര്യത്തിലേക്ക് വീഴാനുള്ള വലിയ സാധ്യതയുണ്ടെന്നാണ് ഇതര്‍ത്ഥമാക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഭവന ചെലവുകള്‍ അടച്ചതിനുശേഷം ദാരിദ്ര്യത്തില്‍ ജീവിക്കുന്ന 65 വയസ്സിനു മുകളിലുള്ളവരുടെ അനുപാതം 2022ലെ കണക്കനുസരിച്ച് 14% ആണെന്ന് ഇ എസ് ആര്‍ ഐ ഗവേഷണം നേരത്തേ കണ്ടെത്തിയിരുന്നു. വീടിന്റെ ഉടമസ്ഥാവകാശ നിരക്ക് കുറയുന്നത് തുടര്‍ന്നാല്‍ ഇത് ഇരട്ടിയിലധികം (31%)ആകുമെന്ന് റിപ്പോര്‍ട്ട മുന്നറിയിപ്പ് നല്‍കിയിരുന്നു.
അയര്‍ലണ്ടിലെ ജനസംഖ്യയ്ക്ക് പ്രായമേറുന്നതിനനുസരിച്ച് ഈ കണക്കും വര്‍ദ്ധിക്കും.കൂടുതല്‍ പെന്‍ഷന്‍കാര്‍ ഭവന ദാരിദ്ര്യത്തിലേക്ക് നീങ്ങും. 65 വയസ്സിനു മുകളിലുള്ളവരുടെ ഹൗസ് ഷെയറിംഗിലും വര്‍ദ്ധനവുണ്ടാകും.
ചെലവ് കുറഞ്ഞ വാടക വീടുകളുടെ വ്യാപകമായ പ്രചാരണമാണ് ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഇ എസ് ആര്‍ ഐ മുന്നോട്ടുവെയ്ക്കുന്നത്. മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ 25% കുറഞ്ഞ വാടകയില്‍ വീടുകള്‍ ലഭിക്കുന്നത് മികച്ച ഓപ്ഷനാണ്.
സമീപ വര്‍ഷങ്ങളില്‍ അയര്‍ലണ്ട് അഫോര്‍ഡബിള്‍ ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ എണ്ണം വളരെ കുറവാണ്.2021 മുതല്‍ ഇത്തരത്തിലുള്ള 4,500 വാടക വീടുകള്‍ ലഭ്യമാക്കി. 2027 അവസാനത്തോടെ 5,000 വീടുകള്‍ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഡിമാന്റ് നേരിടാന്‍ ഇത് പര്യാപ്തമല്ല.
65വയസ്സിനു മുകളിലുള്ളവരെ ലക്ഷ്യം വെച്ചുള്ള നടപടിയുമായിരുന്നില്ല ഇത്. ഏത് പ്രായത്തിലുമുള്ളവര്‍ക്കും ഇതിന് അപേക്ഷിക്കാം. ഓരോ യൂണിറ്റിനും നൂറുകണക്കിന് അപേക്ഷകള്‍ ലഭിക്കും.അതില്‍ നിന്നും മുതിര്‍ന്നവര്‍ ഒഴിവാകുന്ന സാഹചര്യമുണ്ടാകും. പ്രായമായ വാടകക്കാരെ പ്രത്യേകം പരിഗണിച്ച് കൂടുതല്‍ റിട്ടയര്‍മെന്റ് റിസോഴ്സുകള്‍ കെട്ടിപ്പടുക്കുന്നതിന് കുടുംബങ്ങളെ സഹായിക്കണമെന്ന് ഇ എസ് ആര്‍ ഐ ശുപാര്‍ശ ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us