/sathyam/media/media_files/2025/09/20/gvv-2025-09-20-02-58-35.jpg)
ഡബ്ലിന്‍ : കഴിഞ്ഞ 5 വര്‍ഷമായി അയര്‍ലണ്ടില്‍ നിയമാനുസൃതം താമസിക്കുന്ന ആര്‍ക്കും, പൗരത്വ ഭേദമില്ലാതെ ഗാര്‍ഡായാകാന്‍ അപേക്ഷിക്കാം. അയര്‍ലണ്ടില്‍ പുതിയതായി പ്രഖ്യാപിച്ച ഗാര്‍ഡ (പോലീസ് ) റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ പ്രഖ്യാപനത്തിലാണ് പുതിയ മാറ്റം. എങ്കിലും അപേക്ഷാ തിയതിക്ക് തൊട്ടുമുമ്പുള്ള ഒരു വര്‍ഷം ,അപേക്ഷകന്‍ അയര്‍ലണ്ടില്‍ ഉണ്ടായിരുന്നിരിക്കണം.
ഇന്നലെ മുതല്‍ ഇതിനായുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. 2025 ഒക്ടോബര്‍ 9 വ്യാഴാഴ്ച വരെ അപേക്ഷ സ്വീകരിക്കും.
നാഷണല്‍ പ്ലോവിംഗ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് മന്ത്രി ജിം ഒ കല്ലഗനും ആന്‍ ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലിയും ചേര്‍ന്നാണ് പുതിയ റിക്രൂട്ട്‌മെന്റ് ഡ്രൈവിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഓരോ 11-12 ആഴ്ചകളിലും ഗാര്‍ഡ കോളേജില്‍ ഇപ്പോള്‍ പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നുണ്ടെന്നും ഇരുവരും വ്യക്തമാക്കി.
2022 ഡിസംബറില്‍ കോവിഡിന് ശേഷമുള്ള ഗാര്‍ഡ റിക്രൂട്ട്‌മെന്റുകള്‍ക്ക് ശേഷം 2,000ത്തിലധികം ഗാര്‍ഡ ട്രെയിനികള്‍ കോളേജിലെത്തിയതായി ഇരുവരും പറഞ്ഞു. 1,400ലധികം പ്രൊബേഷണര്‍ ഗാര്‍ഡമാരും ഇപ്പോഴുണ്ട്.
ഏറ്റവും പുതിയ ഗാര്‍ഡ റിക്രൂട്ട്മെന്റ് ഇന്നലെ വ്യാഴാഴ്ച മുതലാണ് ആരംഭിച്ചത്. 2025 ഒക്ടോബര്‍ 9 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ ഇതിനായി പബ്ലിക് ജോബ്സ് .ഐഇ ( www.publicjobs.ie) എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 18 നും 49 നും ഇടയില്‍ പ്രായമുള്ള അപേക്ഷകരെയാണ് ഗാര്‍ഡ റിക്രൂട്ട് ചെയ്യുന്നത്.
ആന്‍ ഗാര്‍ഡ ഷിക്കോനയില്‍ അംഗമാകാനുള്ള പരിശീലനച്ചെലവ് പൂര്‍ണ്ണമായും സൗജന്യമാണ്.ഗാര്‍ഡ കോളേജിലെ 36 ആഴ്ച പരിശീലന കാലത്ത് ഗാര്‍ഡ ട്രെയിനികള്‍ക്ക് ആഴ്ചയില്‍ €354 ശമ്പളം ലഭിക്കും.ഇതേസമയത്ത് ലിമെറിക്ക് സര്‍വകലാശാല അംഗീകരിച്ച അപ്ലൈഡ് പോലിസിംഗില്‍ ലെവല്‍ 7 ബാച്ചിലര്‍ ഓഫ് ആര്‍ട്സ് ബിരുദം നേടാനും അവസരമുണ്ട്.ഗാര്‍ഡ കോളേജില്‍ താമസിക്കുമ്പോള്‍ ഭക്ഷണവും താമസവും സൗജന്യമായി നല്‍കും.
വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഉറപ്പായ, മുഴുവന്‍ സമയ സേവനവേതനവ്യവസ്ഥകളനുസരിച്ച് ജോലിയും പെന്‍ഷനും ലഭിക്കും. തുടക്ക ശമ്പളം €38,694 യൂറോ മുതലാണ് .ഗാര്‍ഡ ട്രെയിനികളെ കോര്‍ ഷിഫ്റ്റ് റോസ്റ്ററില്‍ (12 മണിക്കൂര്‍) ജോലി ചെയ്യാന്‍ നിയോഗിക്കും, ഇത് അധിക അലവന്‍സുകള്‍ ആകര്‍ഷിക്കുന്നു, കൂടാതെ ഓവര്‍ടൈമില്‍ ജോലി ചെയ്യാനുള്ള അവസരവും ലഭിക്കും. വര്‍ഷത്തില്‍ അമ്പതിനായിരം യൂറോ വരെ തുടക്ക ശമ്പളം ലഭിച്ചേക്കാം.