അയര്‍ലണ്ടിലെ പുതിയ പാഠ്യപദ്ധതിയ്‌ക്കെതിരെ എതിര്‍പ്പുമായി രക്ഷിതാക്കളും കുട്ടികളും

New Update
N

ഡബ്ലിന്‍: പുതിയ പാഠ്യപദ്ധതിയെച്ചൊല്ലി വിദ്യാഭ്യാസ വകുപ്പിനെതിരെ വ്യാപക പരാതികള്‍.ഇ മെയിലിലാണ് പരാതികള്‍ ഒഴുകിയെത്തുന്നത്.രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളും പരാതികളുമായി രംഗത്തുണ്ട്.

Advertisment

പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അവലോകനത്തിന്റെ ഭാഗമായി കൊണ്ടുവന്ന ‘വോക്ക് ഐഡിയോളജി’, ‘ഗ്രൂമിംഗ്’ എന്നിയുടെ പേരിലാണ് ആരോപണങ്ങളേറെയും.കഴിഞ്ഞ വര്‍ഷമാണ് വകുപ്പ് പുതിയ പാഠ്യപദ്ധതി സ്പെസിഫിക്കേഷനുകള്‍ ആരംഭിച്ചത്. അന്നുമുതല്‍ സാംസ്‌കാരിക യുദ്ധമെന്ന പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവായി വകുപ്പ് മാറി.അതേ സമയം, വിമര്‍ശനങ്ങളെയും പരാതികളേയും നിരാകരിച്ച് വിദ്യാഭ്യാസ വകുപ്പും രംഗത്തുവന്നു.

100ലധികം നിവേദനങ്ങളാണ് വകുപ്പിനെതിരെ ലഭിച്ചത്.ഈ മാറ്റങ്ങളുടെ പേരില്‍ കുട്ടികളെ സ്‌കൂളില്‍ നിന്ന് മാറ്റുമെന്ന് പോലും ചില മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തി. എല്‍ ജി ബി ടിക്കാരെയും,ജെന്റര്‍ ന്യൂട്രാലിറ്റിയും പ്രൊമോട്ട് ചെയ്യുന്ന ‘വോക്ക് ഐഡിയോളജി’ കുട്ടികളുടെ നിഷ്‌കളങ്ക മനസ്സുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കുട്ടികളെ ക്ലാസ്സില്‍ നിന്ന് മാറ്റുമെന്ന് ക്രൈസ്തവ സഭാംഗമായ വിക്ലോയില്‍ നിന്നുള്ള രക്ഷിതാവിന്റെ നിവേദനത്തില്‍ പറയുന്നു.

സ്‌കൂളുകളില്‍ യുവ വിദ്യാര്‍ത്ഥികളെ ലൈംഗികതയെക്കുറിച്ച് പഠിപ്പിക്കുന്നതിനാല്‍ ഗ്രൂമിംഗിന് ഒരു കുറവുമില്ലെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.ക്ലാസ് മുറിയില്‍ നിന്ന് മതപഠനവും വിശുദ്ധ കൂദാശകള്‍ക്കായുള്ള തയ്യാറെടുപ്പും നീക്കം ചെയ്യുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു പല പരാതികളും.

സ്‌കൂളുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍, സ്വവര്‍ഗരതി പ്രത്യയശാസ്ത്രത്തിന്റെ അജണ്ട’ നിര്‍ബന്ധിതമാക്കാന്‍ വകുപ്പ് ശ്രമിക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു.പ്രൈമറി സ്‌കൂള്‍ കുട്ടികളെ മറ്റ് ലൈംഗികതകളെക്കുറിച്ച് പഠിപ്പിക്കുന്നത് അതിശയിപ്പിക്കുന്നതാണെന്ന് മറ്റൊരു രക്ഷിതാവും പറഞ്ഞു.മുതിര്‍ന്നവര്‍ക്ക് പോലും ഈ വിഷയങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസമാണ്. ഇത്തരം അനുചിതമായ വിഷയങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിന് നിര്‍ബന്ധിക്കുന്നത് ഉചിതമല്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

കുട്ടികള്‍ക്കുള്ള ഭക്ഷണവും പഠിപ്പിക്കേണ്ട കാര്യങ്ങളും രക്ഷിതാക്കളുടെ തീരുമാനമാണ് വേണ്ടത്.കുട്ടികള്‍ക്ക് ലൈംഗിക ആഭിമുഖ്യം തിരഞ്ഞെടുക്കുന്നതിന് ‘മെനു’ നല്‍കേണ്ടതുണ്ടോയെന്നാണ് രക്ഷിതാക്കള്‍ പാഠ്യപദ്ധതിയെ പരിഹസിക്കുന്നത്..’വിശ്വാസ രൂപീകരണത്തെക്കുറിച്ചുള്ള പഠനം സ്‌കൂള്‍ സമയത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഒരു രക്ഷിതാവും പറയുന്നു. കുട്ടികളുടെ അവകാശങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്നും മറ്റൊരു പരാതിയില്‍ പറയുന്നു.

പുതിയ പാഠ്യപദ്ധതി ഐറിഷിന് പകരം അന്താരാഷ്ട്ര ഭാഷകള്‍ക്ക് ഊന്നല്‍ നല്‍കുന്നതില്‍ അസന്തുഷ്ടരാണെന്ന് ഒരു സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നു.ഇത് നമ്മുടെ സംസ്‌കാരത്തെ ഇല്ലാതാക്കുന്നതാണെന്നാണ് ആരോപണം.

അതേ സമയം കഴിഞ്ഞ സെപ്തംബറില്‍ പുനര്‍വികസിപ്പിച്ച പ്രാഥമിക പാഠ്യപദ്ധതി സ്പെസിഫിക്കേഷനുകള്‍ തലമുറയിലെ ഏറ്റവും സമഗ്രമായ പരിവര്‍ത്തനമാണെന്ന് വിദ്യാഭ്യാസവകുപ്പ് വക്താവ് പറഞ്ഞു.വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കണ്‍സള്‍ട്ടേഷനുകള്‍ നടത്തി ഗണ്യമായ ഫീഡ്ബാക്ക് നേടിയിരുന്നുവെന്നും വകുപ്പ് സ്ഥിരീകരിച്ചു.

ഫോക്കസ് ഗ്രൂപ്പുകള്‍, ദ്വിരാഷ്ട്ര മീറ്റിംഗുകള്‍, കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ്, സ്‌കൂള്‍ നെറ്റ്വര്‍ക്ക്സ്, ചോദ്യാവലികള്‍, രേഖാമൂലമുള്ള സമര്‍പ്പണങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ രീതികളിലൂടെയാണ് ഇതിലേയ്ക്കുള്ള സംഭാവനകള്‍ സ്വീകരിച്ചത്. രാജ്യത്തെ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളുമായും കൂടിയാലോചിച്ചു. എല്ലാ ഫീഡ്ബാക്കും വിശകലനം ചെയ്തു, ഇതിലൂടെയാണ് ഓണ്‍ലൈനില്‍ ലഭ്യമായ രണ്ട് കണ്‍സള്‍ട്ടേഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതെന്നും വക്താവ് വ്യക്തമാക്കി.

Advertisment