/sathyam/media/media_files/2025/11/18/d-2025-11-18-04-13-14.jpg)
ഡബ്ലിന്‍: ഫിന ഫാളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന കലാപ തുടര്‍ച്ചയില്‍ പാര്‍ട്ടി ലീഡര്‍ മീഹോള്‍ മാര്‍ട്ടിന്റെ പുറത്തേയ്ക്കുള്ള വഴി തുറക്കുമെന്ന് സൂചന.പാര്‍ട്ടിയില്‍ കൂടുതല്‍ പ്രശ്നങ്ങളും രക്തച്ചൊരിച്ചിലുകളും ഒഴിവാക്കുന്നതിന് സ്ഥാനത്യാഗം മാത്രമാണ് പോം വഴിയെന്ന തിരിച്ചറിവ് മാര്‍ട്ടിനുണ്ടെന്നും വൈകാതെ അതു നടപ്പാക്കുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നത്.പുതുവര്‍ഷം പിറക്കുന്നതോടെ എല്ലാ പ്രശ്നങ്ങളും തീരുമെന്നും മാര്‍ട്ടിന്‍ സ്ഥാനമൊഴിയുമെന്നും ഇവര്‍ പറയുന്നു.എന്നാല്‍ എതിര്‍ക്കുന്നവരുടെ എണ്ണം കുറഞ്ഞെന്നും രാജിവെച്ച് സ്ഥാനമൊഴിയാന്‍ കുറച്ച് സമയം ലഭിക്കുമെന്നും വിശ്വസിക്കുന്നവരും പാര്‍ട്ടിയിലുണ്ട്.
കായിക താരം ജിം ഗവിന് സ്ഥാനാര്‍ത്ഥിയാക്കിയതു മുതല്‍ പാര്‍ട്ടിയില്‍ അസ്വാരസ്യം മുളപൊട്ടിയിരുന്നു.വാടക അഴിമതിയില്‍പ്പെട്ട് ഇടയ്ക്ക് ഗവിന്റെ സ്ഥാനാര്‍ത്ഥിത്വം കൂടി നഷ്ടമായതോടെ വിമതര്‍ അതിശക്തരായി.അതേ സമയം പാര്‍ട്ടിക്ക് കോട്ടമില്ലാതെ എപ്പോള്‍ നേതൃസ്ഥാനമൊഴിയുമെന്നതും പാര്‍ട്ടിയില്‍ തര്‍ക്കമാണ്.
മുന്നണി ധാരണയനുസരിച്ച് 2027ലാണ് പ്രധാനമന്ത്രി പദവി സൈമണ്‍ ഹാരിസിന് കൈമാറേണ്ടത്.ഈ സമയം തീരുന്നതിന് മുമ്പേ പാര്‍ട്ടി നേതൃത്വം വിട്ടൊഴിയണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.മാര്‍ട്ടിനോടുള്ള എതിര്‍പ്പ് കുറഞ്ഞെന്നും അതിനാല്‍ ഇത്രയും സാവകാശം ലഭിക്കുമെന്നും മാര്‍ട്ടിന്റെ അനുകൂലികള്‍ പറയുന്നു.
മാര്‍ട്ടിന്‍ മാറണം..എപ്പോള്‍
മാര്‍ട്ടിന്‍ വിരുദ്ധ ക്യാമ്പിലും പിന്‍വാങ്ങുന്നതിന്റെ സമയം തര്‍ക്കവിഷയമാണ്.ഇ യു പ്രസിഡന്‍സി അവസാനിക്കുന്നത് അടുത്ത ഡിസംബറിലാണ്.ഈ സമയമെങ്കിലും പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന വാദവുമുണ്ട്.ക്രിസ്മസ് അവധി തീരുന്നതോടെ പുതുവര്‍ഷത്തിന് മുമ്പേ പ്രശ്നങ്ങള്‍ തീരണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ട്ടിന്‍ പാര്‍ട്ടിയെ അപമാനിച്ചെന്നും നേതാവെന്ന നിലയില്‍ ചരിത്രപരമായ തെറ്റുചെയ്തുവെന്നും വിമതര്‍ പറയുന്നു. അത് ഒരിക്കലും മായ്ക്കാന്‍ കഴിയുന്നതല്ലെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.അടുത്ത വര്‍ഷം ഡിസംബര്‍ വരെ തുടരാമെന്നത് മാര്‍ട്ടിന്‍ ക്യാംപിന്റെ വിശ്വാസം മാത്രമാണെന്നും വിമതര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പുതുവര്‍ഷത്തില്‍ മാര്‍ട്ടിന്‍ സ്ഥാനമൊഴിയുമെന്നും അതിനാല്‍ ക്രിസ്മസിന് മുമ്പ് അവിശ്വാസ പ്രമേയം അവതരിപ്പിക്കേണ്ട കാര്യമില്ലെന്നും വിമതര്‍ പറയുന്നു.
ഉപതിരഞ്ഞെടുപ്പ് എന്ന കടമ്പ
കാതറിന്‍ കൊണോളിയൊഴിഞ്ഞ ടി ഡി സീറ്റിലേയ്ക്കുള്ള ഗോള്‍വേ വെസ്റ്റ് ഉപതിരഞ്ഞെടുപ്പ് വലിയ കടമ്പയാണ്. ഇവിടെ വിജയം ഉറപ്പാക്കേണ്ടത് മാര്‍ട്ടിന് കടുത്ത വെല്ലുവിളിയാകും. അതേ സമയം ഉപതിരഞ്ഞെടുപ്പ് ഉപതിരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കമുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.എന്നാല്‍ അതിനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് വോട്ടെടുപ്പ് നടത്തേണ്ടതായി വരും.അതും പ്രശ്നമാകും.
പരമ്പരാഗതമായി ഉപതിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരുകള്‍ തോല്‍ക്കുകയെന്നതാണ് പതിവ്. മുന്‍ മന്ത്രി എമോണ്‍ ഒ കുയിവ് വീണ്ടും മത്സരിച്ചാല്‍ മാത്രമേ ഫിന ഫാള്‍ അവിടെ വിജയിക്കൂവെന്ന് ഒരു മന്ത്രിസഭാഗം പറയുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയില്‍ ഭിന്നത കൂടുതല്‍ രൂക്ഷമാക്കുമെന്ന സൂചനയുമുണ്ട്.
സ്ഥാനമൊഴിയുന്നതിന്റെ സൂചനയൊന്നുമില്ലെന്ന് ഒരു കൂട്ടം
കഴിഞ്ഞ ചൊവ്വാഴ്ച പ്രസിഡന്റ് കൊണോളിയുടെ സ്ഥാനാരോഹണ വേളയില്‍ മാര്‍ട്ടിന്‍ നടത്തിയ പ്രസംഗത്തില്‍ വൈകാതെ സ്ഥാനമൊഴിയുമെന്നതിന്റെ സൂചനയൊന്നുമില്ലെന്ന് ചില ടി ഡിമാര്‍ ചൂണ്ടിക്കാട്ടുന്നു.2026 ന്റെ രണ്ടാം പകുതിയില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍സിക്ക് ആതിഥേയത്വം വഹിക്കാനും വരും കാലത്ത് പ്രസിഡന്റ് കൊണോലിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് മാര്‍ട്ടിന്‍ പറഞ്ഞത്.
ഏതാനും ആഴ്ച മുമ്പ് നടന്ന ഒരു യോഗത്തില്‍ 2029 അവസാനം നടക്കുന്ന അടുത്ത പൊതുതിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിക്കുന്നത് താനായിരിക്കുമെന്ന് മാര്‍ട്ടിന്‍ പറഞ്ഞിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ നാമനിര്‍ദ്ദേശ പ്രക്രിയയെക്കുറിച്ചുള്ള അവലോകനം കഴിഞ്ഞ ബുധനാഴ്ച നവംബര്‍ 12ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍് മാര്‍ട്ടിന് കൈമാറേണ്ടതായിരുന്നു. എന്നാല്‍ അത് നല്‍കിയില്ല. റിപ്പോര്‍ട്ടില്‍ മാര്‍ട്ടിന്റെ രാജി ആവശ്യപ്പെടുന്നതിന് പകരം വെള്ളപൂശാനുള്ള ശ്രമമുണ്ടായേക്കാമെന്ന് കരുതുന്നവരുണ്ട്.എന്നിരുന്നാലും സ്ഥാനമൊഴിയുകയെന്നതല്ലാതെ മറ്റൊന്നും വിമത പക്ഷം ആഗ്രഹിക്കുന്നില്ല.2026 ഡിസംബര്‍ വരെ തുടരാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ ആവര്‍ത്തിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us