Advertisment

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് പരിധി : തീരുമാനം വിവാദത്തില്‍

New Update
hgfrtyujk

ഡബ്ലിന്‍ : സമ്മര്‍ സീസണ്‍ വരാനിരിനിരിക്കെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ പരിധി നിശ്ചയിച്ചത് സംബന്ധിച്ച് വിവാദം.ഓരോ വര്‍ഷവും എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരുടെ എണ്ണം 32 മില്യണായാണ് പരിമിതപ്പെടുത്തിയത്. ഇത്തരത്തില്‍ യാത്രക്കാര്‍ക്ക് പരിധി നിശ്ചയിക്കുന്നതിനെതിരെയാണ് വിമര്‍ശനമുയരുന്നത്.

Advertisment

ഈ പരിധി ഉയര്‍ത്തുന്നതിനുള്ള എയര്‍പോര്‍ട്ടിന്റെ അപേക്ഷ ഫിംഗല്‍ കൗണ്ടി കൗണ്‍സില്‍ തട്ടിക്കളിക്കുന്നതിനിടെ വിന്റര്‍ സീസണില്‍ യാത്രികര്‍ക്ക് പരിധി നിശ്ചയിച്ചതും വിവാദം ആളിക്കത്തിക്കുന്നു.

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യോമയാന ഗതാഗതത്തിനനുസൃതമായി ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് വളരാനാകുന്നില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

2007ല്‍ വിമാനത്താവളത്തിലെ രണ്ടാമത്തെ ടെര്‍മിനലിന് അനുമതി നല്‍കുന്നതിന്റെയും 2008ല്‍ ടെര്‍മിനല്‍ ഒന്നിന്റെ വിപുലീകരണത്തിന്റെയും പേരിലാണ് നേരത്തേ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഈ നിയന്ത്രണം പിന്‍വലിക്കാന്‍ ഇനിയുമായിട്ടില്ലെന്നതാണ് കഷ്ടം.

വിന്റര്‍ സീസണിലെ നിയന്ത്രണം

അതിനിടെ വിന്റര്‍ സീസണില്‍ എയര്‍ലൈന്‍ സീറ്റുകളുടെ എണ്ണം 14.4 മില്യണായി പരിമിതപ്പെടുത്താനുള്ള ഏവിയേഷന്‍ റെഗുലേറ്ററുടെ തീരുമാനവും എയര്‍ലൈനുകള്‍ക്ക് കൂടുതല്‍ തിരിച്ചടിയായി.ഇത്തരത്തില്‍ പരിധി നിശ്ചയിക്കുന്നത് ഇതാദ്യമാണ്.

പ്ലാനിംഗ് അനുമതിയിലെ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഈ നടപടിയുണ്ടായത്.ഇതു മൂലം പുതിയ റൂട്ടുകളോ പ്രത്യേക ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്തുന്നതിന് എയര്‍ലൈനുകള്‍ക്ക് കഴിയാതെ വരും. ക്രിസ്മസ് യാത്രകളെയാകെ ഈ നിയന്ത്രണം ബാധിക്കുമെന്നും എയര്‍ലൈനുകള്‍ ചൂണ്ടിക്കാട്ടുന്നു.

വരും മാസങ്ങളില്‍ യാത്രക്കാരെയും എയര്‍ലൈനുകളെയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും ഈ നിയന്ത്രണങ്ങള്‍ ബാധിക്കുമെന്നും ഇവര്‍ പറയുന്നു.

ഡി എ എയുടെ അപേക്ഷ ഫയലില്‍ വിശ്രമത്തില്‍

യാത്രക്കാരുടെ എണ്ണം 40ലക്ഷമാക്കി ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടുള്ള എയര്‍പോര്‍ട്ടിന്റെ അപേക്ഷ ഇപ്പോഴും ഫിംഗല്‍ കൗണ്ടി കൗണ്‍സില്‍ ഫയലുകളില്‍ വിശ്രമിക്കുന്നതാണ് ആക്ഷേപത്തിനിടയാക്കുന്നത്.ഡിസംബറിലാണ് ഫിംഗല്‍ കൗണ്ടി കൗണ്‍സിലിന് എയര്‍പോര്‍ട്ട് അതോറിറ്റി അപേക്ഷ നല്‍കിയത്.

എയര്‍ഫീല്‍ഡിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതടക്കമുള്ള നവീകരണമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.ഫെബ്രുവരിയില്‍, കൗണ്‍സില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം തേടി.

സൗകര്യങ്ങളൊരുക്കുന്നതിന് എയര്‍പോര്‍ട്ടിന് മുന്നില്‍ ആറുമാസം സമയം മാത്രമാണുള്ളത്.ഇനിയും കൗണ്ടി കൗണ്‍സില്‍ കൂടുതല്‍ വിശദീകരണം തേടിയാല്‍ നവീകരണ പദ്ധതികളെ അത് പ്രതിസന്ധിയിലാക്കും.

ആന്‍ ബോര്‍ഡ് പ്ലീനിയേലയ്ക്ക് ഒരുപക്ഷേ അപ്പീലും നല്‍കേണ്ടി വന്നേക്കാം.അവിടെ തീരുമാനമാകാതെ വന്നാല്‍ കോടതി തീരുമാനവും വേണ്ടി വന്നേക്കാം.അങ്ങനെ വരുമ്പോള്‍ യാത്രക്കാരുടെ പരിധി ഉയര്‍ത്തുന്നതിനാ കഴിയാതെ വരുമെന്നാണ് അനുമാനിക്കുന്നത്.

വികസന പദ്ധതികളുമായി വിമാനക്കമ്പനികള്‍

അതേ സമയം, റെയ്നെയറും എയര്‍ലിംഗസുമടക്കമുള്ള വിമാനക്കമ്പനികളും യാത്രികരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്.സമ്മറില്‍ യാത്രികരുടെ എണ്ണം 16 മില്യണായി വര്‍ദ്ധിപ്പിക്കുമെന്നും യൂറോപ്പിലാകെ 80 പുതിയ റൂട്ടുകള്‍ തുറക്കുമെന്നും ഫെബ്രുവരിയില്‍ റയ്നെയര്‍ വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനങ്ങളെല്ലാം ഡബ്ലിന്‍ എയര്‍പോര്‍ട്ടിനെ ബാധിക്കുന്നതാണ്.

യാത്രികര്‍ക്ക് പരിധിയില്ലായിരുന്നെങ്കില്‍ സമ്മറില്‍ ഡബ്ലിനില്‍ നാല് പുതിയ വിമാനങ്ങളും 12 പുതിയ റൂട്ടുകളും കൂടി സ്ഥാപിക്കുമായിരുന്നെന്ന് റയ്നെയര്‍ സി ഇ ഒ മീഹോള്‍ ഒ ലിയറി പറഞ്ഞു.

വിമര്‍ശനവുമായി വിമാനക്കമ്പനികള്‍

ഈ പ്രശ്നത്തില്‍ ഇടപെട്ട് ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന്് ഗതാഗത മന്ത്രി എയ്മോണ്‍ റയാനോട് റെയ്നെയര്‍ കമ്പനി പലതവണ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ നടപടിയെടുത്തിട്ടില്ല.

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് എയര്‍ ലിംഗസ് സി ഇ ഒ ലിന്‍ എംബിള്‍ടണ്‍ പറഞ്ഞു.എയര്‍പോര്‍ട്ട് വളര്‍ച്ചയുടെ സാധ്യതയും മറ്റും മുന്‍കൂട്ടി കാണേണ്ടതായിരുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ സമീപനം നിരാശയുണ്ടാക്കുന്നതാണെന്നും ഇദ്ദേഹം പറഞ്ഞു.ഇക്കാര്യത്തില്‍ ഇടക്കാല പ്ലാനിംഗ് അപേക്ഷ നല്‍കുന്നതില്‍ ഡി എ എ വീഴ്ച വരുത്തി.

പ്ലാനിംഗ് അനുമതിയില്‍ ഇടപെടില്ലെന്ന് മന്ത്രി

ആസൂത്രണ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ഉചിതമല്ലെന്ന നിലപാടാണ് ഗതാഗത മന്ത്രിയും ഗ്രീന്‍ പാര്‍ട്ടി നേതാവുമായ എയ്മണ്‍ റയാന്റേത്. ഇക്കാര്യം ഇദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്.

കോടതി നടപടി പരിഗണനയില്‍

ഇതിനെതിരെ രണ്ടാമതും അപേക്ഷ നല്‍കുമെന്ന് ഡി എ എയുടെ സി ഇ ഒ കെന്നി ജേക്കബ്സ് പറഞ്ഞു. കോടതിയെ സമീപിക്കുന്നതും പരിഗണിക്കുകയാണെന്ന് എയര്‍ ലിംഗസ് സ്ഥിരീകരിച്ചു.ഇതിനകം എയര്‍ ലിംഗസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേ സമയം,ഡബ്ലിന്‍ എയര്‍പോര്‍ട്ട് വികസനത്തിനെതിരെ നിരവധി പ്രദേശവാസികളും രംഗത്തുവന്നിരുന്നു.പാസഞ്ചര്‍ നിയന്ത്രണം സാമ്പത്തികമായി രാഷ്ട്രീയമായും വലിയ പ്രശ്നമാകുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

ഇന്റര്‍വിസ്താസ് ഡി എ എയ്ക്ക് വേണ്ടി അടുത്തിടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഡബ്ലിന്‍ എയര്‍പോര്‍ട്ട് 19,900 പേര്‍ക്ക് നേരിട്ടും 11,700 പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്നു,കൂടാതെ 13,300 ജീവനക്കാരും വിമാനത്താവളവുമായി ബന്ധപ്പെട്ടതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു

10 മില്യണിലധികം യാത്രക്കാര്‍ക്ക് സൗകര്യം

ഈ സീസണില്‍ 10 മില്യണിലധികം യാത്രക്കാര്‍ എയര്‍പോര്‍ട്ട് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ഓരോ ആഴ്ചയിലും 2,600 വിമാനങ്ങള്‍ പുറപ്പെടും. 43 എയര്‍ലൈനുകള്‍ 180 ഡെസ്റ്റിനേഷനുകളിലേക്ക് സര്‍വ്വീസ് നടത്തും.20 മിനിറ്റിനുള്ളില്‍ 90% യാത്രക്കാരെയും 20മിനിറ്റിനുള്ളില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാനുള്ള സൗകര്യം സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ലാപ് ടോപ്പുകള്‍ ഇനിയും മാറ്റേണ്ടതില്ല

ലാപ്്ടോപ്പുകളും ലിക്വിഡുകളും ബാഗില്‍ നിന്നും നീക്കം ചെയ്യാതെ സുരക്ഷാ പരിശോധന സാധ്യമാക്കുന്ന സി 3 സ്‌കാനറുകളും ഇക്കുറി ഉപയോഗിക്കാനാകും.ഉയര്‍ന്ന നിലവാരത്തിലുള്ള കസ്റ്റമര്‍ സര്‍വ്വീസ് സേവനങ്ങള്‍ , കൂടുതല്‍ ഭക്ഷണ പാനീയങ്ങള്‍, മികച്ച ടോയ്‌ലറ്റ് സൗകര്യങ്ങള്‍, അധിക ഇരിപ്പിടങ്ങള്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളും എയര്‍പോര്‍ട്ട് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ അപര്യാപ്തമാണെന്നാണ് ആക്ഷേപം.

കഴിഞ്ഞ വര്‍ഷം കടന്നുപോയത് 31,90,8,471 യാത്രികര്‍

കഴിഞ്ഞ വര്‍ഷം, 31,90,8,471 യാത്രക്കാരാണ് രണ്ട് ടെര്‍മിനലുകളിലൂടെ കടന്നുപോയത്.പാന്‍ഡെമിക് കാലത്ത് മാത്രമാണ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായത്. ആ നാളുകളില്‍ 7.4 മില്യണ്‍ യാത്രികര്‍ മാത്രമാണ് ഡബ്ലിനിലൂടെ വിമാന യാത്ര നടത്തിയത്.

അടുത്ത വര്‍ഷത്തിനും 2030നും ഇടയില്‍ ഓരോ വര്‍ഷവും യാത്രക്കാരുടെ എണ്ണം 3.7% വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. യാത്രികരുടെ എണ്ണം 39.6 മില്യണിലെത്തുമെന്നാണ് കരുതുന്നത്.2040ഓടെ ഈ കണക്ക് 46.6 മില്യണും 2055 ഓടെ 55 മില്യണുമാകുമെന്നും വിലയിരുത്തപ്പെടുന്നു.

controversy
Advertisment