ആളെല്ലാം അയര്‍ലണ്ട് വിടുന്നു…. ഓസ്ട്രേലിയയിലേയ്ക്ക് റിക്കോര്‍ഡ് കുടിയേറ്റം

New Update
Ggbv

ഡബ്ലിന്‍:അയര്‍ലണ്ടുകാരെല്ലാം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുകയാണോ?.. അതെ എന്ന ഉത്തരം ഒട്ടും അതിശയകരമല്ല.കഴിഞ്ഞ 12 മാസത്തിനിടെ ഓസ്ട്രേലിയയിലേയ്ക്കുള്ള ഐറിഷ് കുടിയേറ്റത്തില്‍ 126%ലേറെ വര്‍ദ്ധനവുണ്ടായെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സി എസ് ഒ) കണക്കുകള്‍ വെളിപ്പെടുത്തുന്നു.കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം ഇരട്ടിയിലധികമായെന്നും ഇത് 2013ന് ശേഷമുള്ള ഓസ്‌ട്രേലിയയിലേക്കുള്ള ഏറ്റവും ഉയര്‍ന്ന കുടിയേറ്റമാണിതെന്നും സി എസ് ഒ റിപ്പോര്‍ട്ട് പറയുന്നു.ഭവന പ്രതിസന്ധിയും ജീവിതച്ചിലവുകളും മൂലമാണ് അയര്‍ലണ്ടുകാര്‍ ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്നതെന്ന വിമര്‍ശനം ശക്തമാണ്.

Advertisment

ഓസ്‌ട്രേലിയയില്‍ താമസിക്കുന്നതിനായി ഈ വര്‍ഷം അയര്‍ലണ്ട് വിട്ടു പോയത് 13 ,500 പേരാണെന്ന് കണക്കുകള്‍ പറയുന്നു. അതേ സമയം,ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച്, ഓസ്‌ട്രേലിയയിലേയ്ക്ക് 27,000 വിസാ അപേക്ഷകരാണ് കാത്തിരിക്കുന്നതെന്ന് ഡബ്ലിനിലെ ഓസ്‌ട്രേലിയന്‍ എംബസി പറയുന്നു. കഴിഞ്ഞ വര്‍ഷം 4,700 പേരായിരുന്നു അയര്‍ലണ്ടുപേക്ഷിച്ചത്.ഇതേ കാലയളവില്‍, ഓസ്‌ട്രേലിയയില്‍ നിന്ന് അയര്‍ലണ്ടിലേക്ക് 6,400 പേര്‍ കുടിയേറിയെന്നും കണക്കുകള്‍ പറയുന്നു.2023ലെ 7,700 നെ അപേക്ഷിച്ച് ഈ എണ്ണത്തില്‍ 17% കുറവുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു.

സമ്പദ്വ്യവസ്ഥ വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ നിരന്തരം പറയുമ്പോഴാണ് അയര്‍ലണ്ടുകാര്‍ കൂട്ടത്തോടെ നാടുവിടുന്നത്.ഇവിടുത്തെ യുവാക്കള്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പോവുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് സിന്‍ ഫെയ്ന്‍ ടി ഡി മൈരീഡ് ഫാരെല്‍ പറയുന്നു.

വാടക വളരെ ഉയര്‍ന്ന തോതിലാണ്.പല യുവാക്കള്‍ക്കും 30ാം വയസ്സിലും മാതാപിതാക്കളോടൊപ്പം താമസിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല.വീടുകളുടെ വില കുറയുന്നതിന്റെ ലക്ഷണമൊന്നുമില്ല, താങ്ങാനാവുന്ന വിലയ്ക്ക് വീടുകളും കിട്ടാനില്ല. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളും വീട് വെറും സ്വപ്നം മാത്രമാണ്. ഇവിടെ ജീവിതം കെട്ടിപ്പടുക്കാന്‍ കഴിയില്ലെന്ന് തോന്നുന്നതിനാലാണ് വിദേശത്തേക്ക് പോകാന്‍ നിര്‍ബന്ധിതമാകുന്നതെന്ന് ഇവര്‍ പറയുന്നു.

അതിനാല്‍ സി എസ് ഒ കണക്കുകള്‍ അതിശയിപ്പിക്കുന്നില്ലെന്ന് ടി ഡി പറഞ്ഞു. സൗഹൃദ ഗ്രൂപ്പുകളിലും കുടുംബ സര്‍ക്കിളുകളിലും അയല്‍പക്കങ്ങളിലുമെല്ലാം പതിവായി കാണുന്ന കാര്യമാണിതെന്നും ടി ഡി പറയുന്നു.

മൈഗ്രേഷന്‍ :വിരുദ്ധ നിലപാടുകളുമായി സിന്‍ ഫെയിന്‍

അതേസമയം , പുതിയ ജനസംഖ്യാ പ്രവചനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അയര്‍ലണ്ടിന്റെ മൈഗ്രേഷന്‍ മാനേജ്മെന്റ് വന്‍ പരാജയമാണെന്നാണ് സിന്‍ ഫെയിന്‍ പാര്‍ട്ടിയുടെ നിലപാട് .നാല് പതിറ്റാണ്ടിനുള്ളില്‍ രാജ്യത്തെ ജനസംഖ്യ 7.6 മില്യണായി വളരുമെന്നാണ് ധനകാര്യ വകുപ്പിന്റെ പ്രവചനം പറയുന്നത്.ഈ സാഹചര്യത്തില്‍ കുടിയേറ്റത്തെ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് സിന്‍ ഫെയിനിന്റെ മൈഗ്രേഷന്‍ വക്താവ് മാറ്റ് കാര്‍ത്തി ടി ഡി പറഞ്ഞു.

പബ്ലിക് സര്‍വ്വീസുകളും അടിസ്ഥാന സൗകര്യങ്ങളും ആസൂത്രണം ചെയ്യുന്നതിലും ലഭ്യമാക്കുന്നതിലും സര്‍ക്കാരുകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു.ഭവന നിര്‍മ്മാണം ആരോഗ്യ,വിദ്യാഭ്യാസ സംവിധാനങ്ങള്‍ എന്നിവയിലെല്ലാം ഈ തോല്‍വി ദൃശ്യമാണ്.

വെല്ലുവിളികള്‍ പരിഹരിക്കുന്നില്ല

കുടിയേറ്റത്തില്‍ നിന്ന് നേട്ടമെന്ന പോലെ വെല്ലുവിളികളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ വെല്ലുവിളികള്‍ പരിഹരിക്കുന്നില്ല.പ്രവര്‍ത്തനരഹിതമായ അഭയാര്‍ത്ഥി സംവിധാനത്തിലൂടെയും ഫ്രീ മൂവ്മെന്റ് റൈറ്റ്സിലൂടെയും ഇവിടെ കുടിയേറ്റം നടക്കുന്നു.തൊഴില്‍ വിസകളിലൂടെയും വിദ്യാര്‍ത്ഥി റസിഡന്റ് പെര്‍മിറ്റുകളിലൂടെയും കുടിയേറ്റം നടക്കുന്നു. ഇത്തരത്തില്‍ എല്ലാ വിഭാഗങ്ങളെയും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സമഗ്രമായ പദ്ധതിയുണ്ടാകണം. വിപണി ശക്തികളുടെ ഇഷ്ടത്തിന് വിട്ടുകൊടുത്ത് കാഴ്ചക്കാരനാവുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സിന്‍ഫെയിന്‍ വക്താവ് പറഞ്ഞു.

പരിഗണിക്കേണ്ട വിഷയങ്ങള്‍

ഭവനനിര്‍മ്മാണം, വേതനം, ഇന്റഗ്രേഷനുള്ള കപ്പാസിറ്റി, അയര്‍ലണ്ടിന്റെ പുനരേകീകരണം എന്നിവയൊക്കെ കുടിയേറ്റവുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ട വിഷയങ്ങളാണ്. വാര്‍ഷിക,ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇവിടേയ്ക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം കണക്കാക്കേണ്ടതുണ്ട്. അതിനായി നിയന്ത്രിത മൈഗ്രേഷന്‍ സംവിധാനം ഉറപ്പാക്കുകയും വേണം- മാറ്റ് കാര്‍ത്തി പറഞ്ഞു.ഇവിടെ വീടുണ്ടാക്കുന്നവരെ പാര്‍പ്പിക്കാനും അവരുമായി ഒത്തുപോകാനുമുള്ള സമൂഹത്തിന്റെ കഴിവും ശേഷിയും കണക്കിലെടുത്ത് കുടിയേറ്റത്തെ മാനേജ് ചെയ്യുന്നില്ല.

ആരോഗ്യ മേഖലയെ പ്രത്യേകം കാണണം

ആരോഗ്യം പോലുള്ള പ്രധാന മേഖലകളിലെ ജീവനക്കാരെ പ്രത്യേകം പരിഗണിച്ചാകണം കുടിയേറ്റം കൈകാര്യം ചെയ്യേണ്ടത്.അതുപോലെ യുദ്ധത്തില്‍ നിന്നും മറ്റും പലായനം ചെയ്യുന്നവരോട് മാനുഷികമായ പരിഗണനയും ഇക്കാര്യത്തിലുപണ്ടാകണം.സാമൂഹിക ലക്ഷ്യങ്ങള്‍ പരിഗണിക്കാതെ തന്നെ വിപണി ശക്തികള്‍ സാമ്പത്തിക കുടിയേറ്റത്തെ നിയന്ത്രിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

Advertisment