/sathyam/media/media_files/2026/03/01/v-2026-03-01-02-21-37.jpg)
ഡബ്ലിന്‍: രാജ്യത്ത് വൈദ്യുതി,പാചകവാതക ബില്ലുകള്‍ അടയ്ക്കാന്‍ നിര്‍വ്വാഹമില്ലാത്തവര്‍ പെരുകുന്നു. കമ്മീഷന്‍ ഫോര്‍ ദി റെഗുലേഷന്‍ ഓഫ് യൂട്ടിലിറ്റീസ് (സി ആര്‍ യു) കണക്കനുസരിച്ച് 3,20,000 പേരാണ് വൈദ്യുതി ബില്‍ കുടിശികയാക്കിയത്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20% ത്തിലധികം വര്‍ധനവാണിത്. 2024 ഡിസംബറിനേക്കാള്‍ 50,000ത്തിലധികം ഉപഭോക്താക്കള്‍ക്ക് എനര്‍ജി ബില്‍ ഒടുക്കാനായില്ല. രാജ്യത്തെ വര്‍ദ്ധിച്ച ജീവിതച്ചെലവുകളുടെ സാക്ഷ്യപത്രമായാണ് ഈ ബില്‍ കുടിശികകളെ നിരീക്ഷിക്കപ്പെടുന്നത്.
എനര്‍ജി ബില്ലുകളും അടയ്ക്കാന്‍ കഴിയാത്ത കുടുംബങ്ങളുടെ എണ്ണം 2024 ഡിസംബറില്‍ 2,64,458 ആയിരുന്നു.അതാണ് കഴിഞ്ഞ ഡിസംബറില്‍ 319,459 ആയി ഉയര്‍ന്നത്. അവസാനത്തെ രണ്ട് മാസങ്ങളിലാണ് കൂടുതല്‍ കുടിശികക്കാരുണ്ടായത്. നവംബറില്‍ 303,000ഉപഭോക്താക്കളില്‍ നിന്ന് ഡിസംബറില്‍ 320,000 ആയി. 5% വര്‍ധനവാണുണ്ടായത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഗാര്‍ഹിക ഗ്യാസ് ഉപഭോക്താക്കളില്‍ 26% പേരും ബില്‍ കുടിശ്ശികയാക്കി. 14% ഇലക്ട്രിസിറ്റി കസ്റ്റമേഴ്സിനും ബില്‍ അടയ്ക്കാന്‍ കഴിയാതെ പോയി.കുടിശ്ശികക്കാരുടെ എണ്ണം കൂടിയതിന് പുറമേ, വൈദ്യുതി ഉപഭോക്താക്കളുടെ കുടിശ്ശികത്തുകയും 10% വര്‍ദ്ധിച്ചു, അതേ സമയം ഗ്യാസ് ഉപഭോക്താക്കളുടെ കുടിശ്ശികയില്‍ നേരിയ(1%) കുറവുണ്ടായെന്നും സി ആര്‍ യു കണക്കുകള്‍ പറയുന്നു.
എനര്‍ജി ക്രഡിറ്റ് നിര്‍ത്തലാക്കിയതാണ് ബില്‍ കുടിശികക്കാരുടെ വര്‍ദ്ധനവിന് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഗ്യാസ്, വൈദ്യുതി ചെലവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ജനങ്ങളെ സഹായിക്കാന്‍ എനര്‍ജി ക്രഡിറ്റ് അവതരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ അത് നിര്‍ത്തലാക്കി.
എനര്‍ജി ക്രെഡിറ്റുകള്‍ പിന്‍വലിച്ചതിന്റെ ഫലമെന്ന് സിന്‍ഫെയിന്‍
എനര്‍ജി ക്രെഡിറ്റുകള്‍ പിന്‍വലിച്ചതിന്റെയും കമ്പനികളെ കയറൂരി വിട്ടതിന്റെയും ഫലമാണ് കുടിശികക്കാര്‍ പെരുകിയതെന്ന് സിന്‍ ഫെയ്നിന്റെ ധനകാര്യ വക്താവ് പിയേഴ്‌സ് ഡോഹെര്‍ട്ടി ആരോപിച്ചു. പാര്‍ട്ടി നേരത്തേ തന്നെ ഈ മുന്നറിയിപ്പ് നല്‍കിയിരുന്നു.കുടിശിക ബില്ലിന് പിന്നില്‍ 3,20,000 കുടുംബങ്ങളുടെ ദുരിതമുണ്ടന്ന് ഓര്‍മ്മിക്കണം.
സര്‍ക്കാര്‍ ചരിത്രത്തിലെ സമ്പൂര്‍ണ്ണ കളങ്കമാണിതെന്നും ഒരു ജീവിതച്ചെലവ് പാക്കേജ് അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതില്‍ എനര്‍ജി ക്രഡിറ്റും ഉള്‍പ്പെടുത്തണം.എനര്‍ജി കമ്പനികളുടെ ലാഭക്കൊതിയും വിലക്കയറ്റവും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകളുണ്ടാകണം. രാജ്യത്തെ പൗരന്മാരെ പിന്തുണയ്ക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് ഡോഹെര്‍ട്ടി ചൂണ്ടിക്കാട്ടി.
ജീവിതച്ചെലവ് പ്രതിസന്ധിയുണ്ട്. ഗവണ്‍മെന്റിന് അത് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.അവര്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. വാടക വര്‍ദ്ധിപ്പിച്ചു.പെട്രോള്‍, ഡീസല്‍ വില കൂട്ടി ,ഹോം ഹീറ്റിംഗും കൂട്ടും.ടോള്‍ പാലങ്ങള്‍ വരുന്നു.ഏഴ് വീടുകളില്‍ ഒന്നിന് വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ കഴിയുന്നില്ല. നാലില്‍ ഒരു കുടുംബത്തിന് ഗ്യാസ് ബില്ലും അടയ്ക്കാന്‍ കഴിയുന്നില്ല- ഡോഹര്‍ട്ടി ആരോപിച്ചു.
ആരോപണം നിഷേധിച്ച് ധനമന്ത്രി … കുടിശികക്കാര്‍ക്ക് സഹായം ഉടനെന്നും ഹാരീസ്
ഊര്‍ജ്ജ ക്രെഡിറ്റുകള്‍ നിര്‍ത്തിയത് തെറ്റാണെന്ന ആക്ഷേപം ഉപപ്രധാനമന്ത്രി കൂടിയായ ധനമന്ത്രി സൈമണ്‍ ഹാരിസ് നിഷേധിച്ചു.വൈദ്യുതി ബില്‍ കുടിശ്ശികയുള്ള 3,20,000 പേര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് ധനകാര്യ മന്ത്രി അറിയിച്ചു.സര്‍ക്കാര്‍ ലക്ഷ്യബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവും ആവശ്യമുള്ളിടത്ത് സഹായം നല്‍കാനാണ് പദ്ധതിയെന്നും മന്ത്രി വിശദീകരിച്ചു.
സര്‍ക്കാര്‍ ഫ്യുവല്‍ അലവന്‍സ് വിപുലീകരിച്ചതും മന്ത്രി ചൂണ്ടിക്കാട്ടി.അടുത്ത മാസം 50,000 കുടുംബങ്ങള്‍ക്ക് ഈ അലവന്‍സ് ലഭിക്കും. മാര്‍ച്ചില്‍ വര്‍ക്ക് ഫാമിലി പേയ്‌മെന്റ് ലഭിക്കുന്ന 50,000 കുടുംബങ്ങള്‍ കൂടി ഫ്യുവല്‍ അലവന്‍സിന് അര്‍ഹരാകും.ജനുവരി വരെ പഴയ 50,000 കുടുംബങ്ങള്‍ക്കും ഈ ആനുകൂല്യം തുടരും.
അയര്‍ലണ്ടിലെ 4,60,000 ആളുകള്‍ക്ക് ഇപ്പോള്‍ ഫ്യുവല്‍ അലവന്‍സ് ലഭിക്കുന്നുണ്ട്. അലവന്‍സ് വര്‍ദ്ധിപ്പിച്ചെന്നും മന്ത്രി അറിയിച്ചു.എല്ലാ വീടുകള്‍ക്കും എനര്‍ജി ക്രെഡിറ്റുകള്‍ നല്‍കുന്നതിനുപകരം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് മാത്രം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ജനങ്ങളുടെ ദുരിതം അറിയാമെന്ന് ഭവന മന്ത്രി
ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സര്‍ക്കാരിന് വളരെ ബോധ്യമുണ്ടെന്ന് ഭവന മന്ത്രി ജെയിംസ് ബ്രൗണ്‍ അറിയിച്ചു. ഊര്‍ജ്ജച്ചെലവുകള്‍ ശാശ്വതമായി കുറയ്ക്കുന്നതിന് മീഡിയം ,ലോംഗ് ടേം പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കി വരികയാണ്. സര്‍ക്കാരിന്റെ എനര്‍ജി അഫോര്‍ഡിലിറ്റി ആക്ഷന്‍ ടാസ്‌ക്ഫോഴ്സ് ഇടക്കാല റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.അന്തിമ റിപ്പോര്‍ട്ട് ഉടന്‍ വരുമെന്നും മന്ത്രി വ്യക്തമാക്കി.ആളുകള്‍ക്ക് സുരക്ഷിതമായും സമ്മര്‍ദ്ദ രഹിതമായും ജീവിക്കാന്‍ കഴിയും-ബ്രൗണ്‍ വ്യക്തമാക്കി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us