/sathyam/media/media_files/DGQeaWB9orhCZRe6qOZf.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പെട്രോള്‍, ഡീസല്‍, ഗ്രീന്‍ ഡീസല്‍ എന്നിവയ്ക്കുമേല്‍ നേരത്തേ ഒഴിവാക്കിയ എക്സൈസ് നികുതി ഏപ്രില്‍ ഒന്നുമുതല്‍ പുനസ്ഥാപിക്കുന്നു.അതോടെ ഇവയുടെ വില ഉയരും.
പെട്രോള്‍ ലിറ്ററിന് നാല് ശതമാനവും ഡീസലിന് മൂന്ന് ശതമാനവും മാര്‍ക്ക് ചെയ്ത ഗ്യാസ്ഗ്രീന്‍ ഡീസലിന് 1.5 ശതമാനവുമാണ് കൂടുക.ഈ വില വര്‍ധനവ് തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും.രണ്ട് വര്‍ഷം മുമ്പ് കുതിച്ചുയര്‍ന്ന വില പിടിച്ചുനിര്‍ത്തുന്നതിനായി സര്‍ക്കാര്‍ ഒഴിവാക്കിയതാണ് ഈ നികുതി.
ഘട്ടംഘട്ടമായി ഈ നികുതി പുനസ്ഥാപിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടി. രണ്ടാംഘട്ടമാണ് നികുതി കൂട്ടുന്നത്.ഓഗസ്റ്റോടെ നികുതി പൂര്‍ണ്ണമായും പുനസ്ഥാപിക്കും.അതിനിടെ ഇന്ധനവിലയ്ക്ക് പുറമേ തിങ്കളാഴ്ച മുതല്‍, പ്രധാന കമ്പനികള്‍ ബ്രോഡ്ബാന്‍ഡ്, മൊബൈല്‍, ടെലിവിഷന്‍ സര്‍വ്വീസ് നിരക്കുകളിലും ഗണ്യമായ വര്‍ധിപ്പിക്കുകയാണ്.
പണപ്പെരുപ്പം കുറയുന്നതിന്റെ പശ്ചാത്തലത്തിലും വിലക്കയറ്റത്തിന്റെ പിടിയില്‍ നിന്നും ജനങ്ങള്‍ക്ക് മോചനമുണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.
പിന്‍വലിക്കുന്ന’ ആശ്വാസം
2022 മാര്‍ച്ചില്‍, ഉക്രൈയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് ഇന്ധനവില കുതിച്ചുയര്‍ന്നപ്പോഴാണ് അന്നത്തെ ധന മന്ത്രി പാസ്‌കല്‍ ഡോണോ എക്സൈസ് നികുതി കുറച്ചത്.ഇതനുസരിച്ച് പെട്രോളിന് 20 ശതമാനവും ഡീസലിന് 15 ശതമാനവും വിലക്കുറവുണ്ടായി.ഇത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ചിന് ശേഷം, ഇന്ധന വില കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിലാണ് നികുതി പുനസ്ഥാപിക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും വിവിധ കണ്‍സ്യൂമര്‍ ഗ്രൂപ്പുകളും രംഗത്തുവന്നിട്ടുണ്ടെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന നിലപാടിലാണ് സര്‍ക്കാരും മന്ത്രി പാസ്‌കല്‍ ഡോണോയും.
എക്‌സൈസ് നികുതി കൂട്ടിയില്ലെങ്കില്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ അത് ബാധിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.നികുതി ഒഴിവാക്കുന്നതിലൂടെ സര്‍ക്കാരിന് കോടിക്കണക്കിന് യൂറോയാണ് നഷ്ടം വരുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
വിമര്‍ശനവുമായി പ്രതിപക്ഷം
ജീവിതച്ചെലവിലെ വര്‍ധനവ് കണക്കിലെടുത്ത് എക്‌സൈസ് നികുതി വര്‍ധിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് സിന്‍ ഫെയ്‌നിന്റെ ധനകാര്യ വക്താവ് പിയേഴ്‌സ് ഡോഹെര്‍ട്ടി ആവശ്യപ്പെട്ടു.
വില വര്‍ധിച്ചാല്‍,അതിര്‍ത്തി കൗണ്ടികളിലെ ജനങ്ങള്‍ പെട്രോളും ഡീസലും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും വാങ്ങുന്ന സ്ഥിതിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.നികുതി വര്‍ധിപ്പിക്കരുതെന്ന് അന്റു നേതാവ് പീഡര്‍ ടോയ്ബിനും ആവശ്യപ്പെട്ടു.
വന്‍ വര്‍ധനവുണ്ടാക്കുമെന്ന് അയര്‍ലന്‍ഡ് ഫ്യൂവല്‍സ്
ഈ നടപടി പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയില്‍ വില ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് അയര്‍ലന്‍ഡ് ഫ്യൂവല്‍സ് സി ഇ ഒ കെവിന്‍ മക്പാര്‍ട്ട്ലാന്‍ പറഞ്ഞു. ഓഗസ്റ്റിലും നികുതി കൂടും,ബജറ്റില്‍ കാര്‍ബണ്‍ നികുതിയും വര്‍ധിപ്പിക്കും. ജനുവരി ഒന്നു മുതല്‍ ജൈവ ഇന്ധനങ്ങള്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ഇന്ധനങ്ങളില്‍ ലയിപ്പിക്കണം.അതോടെ പെട്രോളിന് 15 സെന്റും ഡീസലിന് ലിറ്ററിന് 12 സെന്റും കൂട്ടേണ്ടി വരും.നിരവധി കുടുംബങ്ങള്‍ക്കും ബിസിനസുകള്‍ക്കും ഇത് പ്രശ്നമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ധന വില അവലോകനം ചെയ്യുന്നതിന് വ്യവസായ- പരിസ്ഥിതി പ്രതിനിധികളെ ഉള്‍പ്പെടുത്തി വിദഗ്ധ സംഘം സ്ഥാപിക്കണമെന്ന് ധനകാര്യ മന്ത്രി മീഹോള്‍ മഗ്രാത്തിനോട് ഫ്യുവല്‍സ് ഫോര്‍ അയര്‍ലണ്ട്് ആവശ്യപ്പെട്ടു.
ബ്രോഡ്ബാന്‍ഡ്, മൊബൈല്‍, ടെലിവിഷന്‍ നിരക്കുകളും കൂടും
തിങ്കളാഴ്ച മുതല്‍ എയ്ര് , വോഡ ഫോണ്‍, സ്‌കൈ അയര്‍ലണ്ട്, ത്രീ എന്നിവയാണ് പ്രതിമാസ പ്ലാന്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.2 മുതല്‍ 8 യൂറോ വരെയാകും കൂടുക. വര്‍ഷാവസാനം വിര്‍ജിന്‍ മീഡിയയും നിരക്ക് വര്‍ധിപ്പിക്കും. ഏര്‍, വോഡ ഫോണ്‍, ത്രീ എന്നിവ വാര്‍ഷിക വര്‍ധനവിന്റെ ഭാഗമായാണ് നിരക്കുകള്‍ കൂട്ടുന്നത്.നിരക്ക് വര്‍ധനവില്‍ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ റെഗുലേറ്റര്‍ കോംറെഗ് ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും വില നിയന്ത്രിക്കുന്നതില്‍ ഇവര്‍ക്ക് റോളൊന്നുമില്ല.
ഇ യു കോടതി വിധി ഉയര്‍ത്തുന്ന പ്രശ്നം
”വില താരതമ്യ വെബ്സൈറ്റുകള്‍” ഉപയോഗിച്ച് ഏറ്റവും അനുയോജ്യമായ സേവനദാതാക്കളെ തിരഞ്ഞെടുക്കണമെന്ന് കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉപദേശിക്കുന്നു.എന്നാല്‍ ടെലികമ്മ്യൂണിക്കേഷന്‍ ചാര്‍ജുകളുടെ വര്‍ധനവ് മൂലം ഉപഭോക്താക്കള്‍ക്ക് കമ്പനികളെ ഇടയ്ക്ക് മാറ്റാനാവില്ലെന്ന്
2015ല്‍ യൂറോപ്യന്‍ കോടതി വിധിയുണ്ട്.
ഈ വ്യവസ്ഥ ഉപഭോക്താക്കള്‍ക്ക് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ബ്രിട്ടനിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഈ വ്യവസ്ഥ ഒഴിവാക്കുന്നതിന്് സര്‍ക്കാര്‍ തീരുമാനമുണ്ട്. എന്നാല്‍ അയര്‍ലണ്ടില്‍ നടപടിയായിട്ടില്ല. ഈ ആവശ്യം മുന്‍നിര്‍ത്തി സിന്‍ഫെയ്ന്‍ ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നുണ്ട്. സര്‍ക്കാര്‍ അതിനെ പിന്തുണയ്ക്കുമോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.