വെനിസ്വേലയുടെ പ്രതിപക്ഷ നേതാവുമായി ലിയോ മാര്‍പാപ്പ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി

New Update
G

വത്തിക്കാന്‍: വെനിസ്വേലയുടെ പ്രതിപക്ഷ നേതാവും നോബല്‍ സമാധാന സമ്മാന ജേതാവുമായ മരിയ കൊറീന മച്ചാഡോയുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തി.മാര്‍പ്പാപ്പയുടെ ആസൂത്രിത കൂടിക്കാഴ്ചയായിരുന്നില്ല ഇത്. എന്നിരുന്നാലും പ്രതിദിന വത്തിക്കാന്‍ ബുള്ളറ്റിനില്‍ കൂടിക്കാഴ്ച സ്ഥിരീകരിച്ചു. എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.

Advertisment

നോര്‍വേയില്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം സ്വീകരിക്കാനായി 11 മാസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഡിസംബറിലാണ് മരിയ കൊറീന വീണ്ടുമെത്തിയത്. യൂറോപ്പിലും അമേരിക്കയിലും പര്യടനത്തിലാണിപ്പോഴിവര്‍.രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ പങ്കുവെക്കാനും നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനും അവസരം ലഭിച്ചെന്ന് മച്ചാഡോ പ്രസ്താവനയില്‍ അറിയിച്ചു.

സ്വാതന്ത്ര്യത്തിനായി ഉറച്ചുനില്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന വെനിസ്വേലന്‍ ജനതയുടെ ശക്തി അദ്ദേഹത്തെ അറിയിച്ചു. ഇതുവരെ തട്ടിക്കൊണ്ടുപോവുകയും അപ്രത്യക്ഷരാവുകയും ചെയ്ത എല്ലാ വെനിസ്വേലക്കാര്‍ക്കും വേണ്ടി മധ്യസ്ഥത വഹിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു.2009 മുതല്‍ 2013 വരെ വെനിസ്വേലയില്‍ നുണ്‍ഷ്യോ ആയിരുന്ന വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിനുമായും മച്ചാഡോ ചര്‍ച്ച നടത്തി.

മുന്‍ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം കാരക്കാസിലെ അദ്ദേഹത്തിന്റെ വീടിന്റെ കോമ്പൗണ്ടില്‍ നിന്ന് പിടികൂടിയതിനെ തുടര്‍ന്ന് വെനിസ്വേല സ്വതന്ത്ര രാജ്യമായി തുടരണമെന്ന് ലിയോ മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരുന്നു. വെനിസ്വേലയിലെ സംഭവവികാസങ്ങളെ വലിയ ആശങ്കയോടെയാണ് കാണുന്നതെന്നും ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്ത് മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും ലിയോ മാര്‍പ്പാപ്പ നേരത്തേ ആവശ്യപ്പെട്ടിരുന്നു. മഡുറോയുടെ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനാണ് ഇപ്പോള്‍ വെനസ്വേലയുടെ സര്‍ക്കാരിന്റെ നിയന്ത്രണം.

2025ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ട്രംപിന് നല്‍കാനോ പങ്കുവെയ്ക്കാനോ ആഗ്രഹിക്കുന്നുവെന്ന് മച്ചാഡോ വെളിപ്പെടുത്തിയിരുന്നു.വെനിസ്വേലയിലെ ജനങ്ങള്‍ക്കും ട്രംപിനും പുരസ്‌കാരം സമര്‍പ്പിക്കുന്നതായും ഇവര്‍ പ്രഖ്യാപനവും നടത്തിയിരുന്നു. നോബല്‍ സമ്മാനം നേടണമെന്ന് ആഗ്രഹിക്കുന്നതായി ട്രംപ് അടുത്തിടെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.സമ്മാനം പിന്‍വലിക്കാനോ കൈമാറ്റം ചെയ്യാനോ മറ്റുള്ളവരുമായി പങ്കിടാനോ കഴിയില്ലെന്ന് നോര്‍വീജിയന്‍ നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

Advertisment