അയര്‍ലണ്ടില്‍ എല്ലാത്തിനും വില കൂടി, ഉപഭോക്തൃ വിലകളില്‍ 3.2% വര്‍ദ്ധനവ്

New Update
G

ഡബ്ലിന്‍: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ ഉപഭോക്തൃ വിലകള്‍ 3.2% വര്‍ദ്ധിച്ചതായി സി എസ് ഒ റിപ്പോര്‍ട്ട്.കഴിഞ്ഞ വര്‍ഷം നവംബറിലെ 2.8 ശതമാനത്തില്‍ നിന്നാണ് ഈ വളര്‍ച്ച.ഹാര്‍മോണൈസ്ഡ് ഇന്‍ഡെക്സ് ഓഫ് കണ്‍സ്യൂമര്‍ പ്രൈസ് (എച്ച് ഐ സി പി)യുടെ കണക്ക് അനുസരിച്ചാണിത്. യൂറോസോണ്‍ രാജ്യങ്ങളിലുടനീളമുള്ള വിലക്കയറ്റ നിരക്ക് താരതമ്യം ചെയ്യാനും എച്ച് ഐ സി പി അനുവദിക്കുന്നു.

Advertisment

കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ ഭക്ഷ്യവസ്തുക്കളുടെ വില 4.2 ശതമാനവും ഊര്‍ജ്ജ വില 3.3 ശതമാനവുമാണ് വര്‍ദ്ധിച്ചത്.ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ മൊത്തത്തിലുള്ള വില 0.2 ശതമാനം കുറഞ്ഞു.അതേസമയം ഊര്‍ജ്ജ വില 0.7 ശതമാനം ഉയര്‍ന്നു. ഭക്ഷ്യവസ്തുക്കളുടെ വില മാറ്റമില്ലാതെയും തുടര്‍ന്നു.

ബോര്‍ഡ് ഗൈസ് എനര്‍ജി, പിനെര്‍ജി, എനര്‍ജിയ, എസ്എസ്ഇ എയര്‍ട്രിസിറ്റി എന്നിവയെല്ലാം കഴിഞ്ഞ മാസം വൈദ്യുതി വില വര്‍ദ്ധിപ്പിച്ചിരുന്നു. ഓഗസ്റ്റില്‍ ഫ്ളോഗാസും വൈദ്യുതി വില കൂട്ടി.ഊര്‍ജ്ജവും അണ്‍പ്രോസസ്ഡ് ഫുഡ്ഡും ഒഴികെയുള്ളവയുടെ വില 2024 നവംബര്‍ മുതല്‍ മൂന്ന് ശതമാനം വര്‍ദ്ധിച്ചതായി എച്ച് ഐ സി പി പറയുന്നു.ഡിസംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച യൂറോ സോണിന്റെ പണപ്പെരുപ്പ കണക്കുകളില്‍ ഐറിഷ് എച്ച് ഐ സി പി കണക്കുകള്‍ ഉള്‍പ്പെടുത്തിയിരുന്നു.

അതേസമയം, എ ടി എം ഉപയോഗം കുറഞ്ഞതോടെ കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റുകള്‍ വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. ഇ-കൊമേഴ്‌സ് കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡ് ഇടപാടുകള്‍ (ഡിജിറ്റല്‍ വാലറ്റുകള്‍, ആപ്പിള്‍ പേ/ഗൂഗിള്‍ പേ) ആറ് ശതമാനം വര്‍ദ്ധിച്ചതായി 2025ലെ മൂന്നാം പാദത്തില്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഉപഭോക്തൃ പെരുമാറ്റത്തിന്റെ വിശകലനം കാണിക്കുന്നു.

കോണ്‍ടാക്റ്റ്‌ലെസ് ‘ടാപ്പ് ആന്‍ഡ് ഗോ’ പേയ്‌മെന്റ് ലെവലുകള്‍ 2024 ലെ മൂന്നാം പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാല് ശതമാനം വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025 ലെ മൂന്നാം പാദത്തില്‍ എടിഎം ഇടപാടുകളില്‍ ഒമ്പത് ശതമാനം കുറഞ്ഞെന്നും താരതമ്യം വ്യക്തമാക്കുന്നു.

Advertisment