പലസ്തീന്‍ അനുകൂലികളുടെ ‘ഉണ്ണിയേശുവിന്റെ തിരുപ്പിറവി’ പുനരാവിഷ്‌കരിച്ചു

New Update
B

ഡബ്ലിന്‍: ഗാസാ സംഘര്‍ഷങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി അയര്‍ലണ്ടിലെ പലസ്തീന്‍ അനുകൂലികള്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവി പുനരാവിഷ്‌കരിച്ചു. ഐറിഷ്-പാലസ്തീന്‍ സോളിഡാരിറ്റി കാമ്പെയ്ന്‍ സംഘടിപ്പിച്ച ഗാസ സോളിഡാരിറ്റി നേറ്റിവിറ്റിയാണ് ക്രിസ്മസിന് മുന്നോടിയായി ഡബ്ലിനിലെ മോളി മാലോണ്‍ പ്രതിമയ്ക്ക് സമീപം ഇപ്പോഴത്തെ ‘സാഹചര്യ’ത്തിലെ പുതുപ്പിറവി അവതരിപ്പിച്ചത്.

Advertisment

ഇന്നാണ് ജനിച്ചിരുന്നതെങ്കില്‍ ഉണ്ണിയേശു ഉപരോധത്തിനിരയായി, നാടുകടത്തപ്പെട്ട്, വൈദ്യചികിത്സയോ പോഷകാഹാരമോ ലഭിക്കാതെ പോകുമായിരുന്നുവെന്ന് ഗാസാ വാദികള്‍ പറയുന്നു.ഉണ്ണിയേശുവിനെ സന്ദര്‍ശിച്ച ജ്ഞാനികളും ഇടയന്മാരും ഇസ്രായേലി ജയിലുകളില്‍ നിയമവിരുദ്ധമായി ബന്ദികളാകുമായിരുന്നുവെന്നും പലസ്തീനികളുടെ പുതിയ ഉണ്ണിയേശുവിന്റെ ജനനം ഓര്‍മ്മിപ്പിക്കുന്നു.

വെറുംവാക്കുകള്‍ക്കപ്പുറത്തേക്ക് നീങ്ങി വംശഹത്യ തടയാനും, ഗാസ ഉപരോധം അവസാനിപ്പിക്കാനും, ഇസ്രായേലിന്റെ വര്‍ണ്ണവിവേചന ഭരണകൂടം തകര്‍ക്കാനും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഐറിഷ് സര്‍ക്കാരിനോട് ഗാസാവാദികള്‍ ആഹ്വാനം ചെയ്യുന്നു.

അയര്‍ലണ്ടിലെ മിക്ക പ്രദേശങ്ങളിലും പലസ്തീന്‍ അനുകൂല ഗ്രൂപ്പുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ ഇടതുപക്ഷക്കാരുടെയും, പ്രാദേശിക റാഡിക്കല്‍ മുസ്ലിമുകളുടെയും സംയുക്ത ഗ്രൂപ്പുകളാണിത്. നൂറോ ഇരുനൂറോ പേരടങ്ങുന്ന കേഡര്‍ ഗ്രൂപ്പാണ് ചിലപ്രദേശങ്ങളില്‍ ഇവര്‍ക്കുള്ളത്.ആവശ്യമെങ്കില്‍ പലസ്തീന്‍ അനുകൂല റാലിയ്ക്കും ,സമ്മേളനങ്ങള്‍ക്കും ഇവരൊന്നിച്ചെത്തും. പ്രാദേശിക തലത്തില്‍ ക്രൈസ്തവ വൈദീകരുടെയും , സമുദായ നേതാക്കളുടെയും പിന്തുണ നേടുവാനും ഇത്തരം ഗ്രൂപ്പുകള്‍ ഏതുവിധേനയും ശ്രമിക്കുന്നുണ്ട്.

ഇരുണ്ട സമയത്ത് പ്രത്യാശ പുലര്‍ത്തുകയെന്ന നിലയിലാണ് വര്‍ഷത്തിലെ ഈ സമയം തനിക്ക് അനുഭവപ്പെടുന്നതെന്ന് ഒ ലിയറി അഭിപ്രായപ്പെട്ടു.

പലസ്തീനിന്റെ ഈ ഇരുണ്ട കാലത്ത് നമ്മള്‍ അവിടെ ഒത്തുകൂടുകയും ഭാവിയെക്കുറിച്ച് അല്‍പ്പം പ്രതീക്ഷ പുലര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് കരുതുന്നു.

1948 ലെ വംശഹത്യ കണ്‍വെന്‍ഷനില്‍ ഒപ്പുവച്ച രാജ്യം എന്ന നിലയില്‍, വംശഹത്യ തടയാന്‍ നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍ അയര്‍ലണ്ട് ബാധ്യസ്ഥമാണെന്ന് അയര്‍ലന്‍ഡ്-പലസ്തീന്‍ സോളിഡാരിറ്റി കാമ്പയിന്‍ ചെയര്‍പേഴ്‌സണ്‍ സോ ലോലര്‍ അഭിപ്രായപ്പെട്ടു.

”സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും ഇസ്രായേലിന് ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.ഇസ്രായേലിന്റെ യുദ്ധക്കുറ്റകൃത്യങ്ങളില്‍ അയര്‍ലണ്ടിന്റെ പങ്കാളിത്തം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം. ഒക്യുപൈഡ് ടെറിട്ടറീസ് ബില്‍, ഗുഡ്സ് ആന്റ് സര്‍വീസസ്, ഇല്ലീഗല്‍ ഇസ്രായേലി സെറ്റില്‍മെന്റ്സ് ഡിവെസ്റ്റ്മെന്റ് ബില്‍ എന്നിവ താമസം വിനാ നടപ്പിലാക്കണം. ഇസ്രായേലിലേയ്ക്ക് ആയുധങ്ങളോ സാങ്കേതികവിദ്യയോ മറ്റ് സൈനിക ഉപകരണങ്ങളോ ഐറിഷ് വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകാന്‍ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കണം. അയര്‍ലന്‍ഡും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി ആയുധ വ്യാപാരം ഉടനടി അവസാനിപ്പിക്കണം. ഇസ്രായേലിന് ഉപരോധം ഏര്‍പ്പെടുത്തി പുണ്യഭൂമിയില്‍ സമാധാനവും നീതിയും കൊണ്ടുവരുന്നതിന് കൃത്യമായ നടപടി സ്വീകരിച്ചുകൊണ്ട് ഐറിഷ് സര്‍ക്കാര്‍ അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ജനങ്ങളുടെ ഇഷ്ടവും നിറവേറ്റണം-സോ ലോലര്‍ വിശദീകരിച്ചു.

Advertisment