ഡബ്ലിനില്‍ ജനരോഷം ആളിപ്പടരുന്നു, ആറു പേര്‍ അറസ്റ്റില്‍

New Update
Hhh

ഡബ്ലിന്‍: ഡബ്ലിന്‍ കൗണ്ടിയിലെ സാഗര്‍ട്ടില്‍ ചൊവ്വാഴ്ച വൈകുന്നേരം നടന്ന വലിയ പ്രതിഷേധത്തിനിടെ ഗാര്‍ഡ വാന്‍ കത്തിക്കുകയും ഗാര്‍ഡയ്ക്കെതിരെ പടക്കം എറിയുകയും ചെയ്ത സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ സ്ഥിരീകരിച്ചു.ഏകദേശം ആയിരത്തോളം പേര്‍ പങ്കെടുത്ത ഈ പ്രതിഷേധസമരം തലസ്ഥാനനഗരത്തെ ഭീതിതമാക്കി അക്രമാസക്തമായിരുന്നു.

Advertisment

ചില ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം നേരത്തെ തന്നെ പ്രതിഷേധക്കാര്‍, അന്താരാഷ്ട്ര അഭയാര്‍ഥികള്‍ക്ക് താല്‍ക്കാലിക താമസ കേന്ദ്രമായി സര്‍ക്കാര്‍ ഉപയോഗിക്കുന്ന സിറ്റി വെസ്റ്റ് ഹോട്ടലിന് പുറത്ത് കൂടിയെത്താന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ നടന്നതായി പറയുന്ന ലൈംഗിക അതിക്രമ സംഭവത്തെത്തുടര്‍ന്നാണ് പ്രതിഷേധം ആരംഭിച്ചത്.

ഗാര്‍ഡ ഹെലികോപ്റ്റര്‍ ആകാശ നിരീക്ഷണം നടത്തി കൊണ്ടിരിക്കുമ്പോള്‍, ചില പ്രതിഷേധക്കാര്‍ ട്രാഫിക് കോണുകളും മറ്റുപകരണങ്ങളും കൈയില്‍ പിടിച്ച് ബാരിക്കേഡുകള്‍ ഭേദിക്കുവാന്‍ ശ്രമം തുടങ്ങി.ഗാര്‍ഡ അവരെ പിന്തിരിപ്പിച്ചെങ്കിലും, പടക്കങ്ങളും കല്ലുകളും എറിഞ്ഞ് സംഘര്‍ഷം തുടരുകയായിരുന്നു. ചിലര്‍ സമീപത്തെ വീടുകളിലേക്ക് ഓടി. ചെറു മതിലുകള്‍ തകര്‍ത്ത് , അതിലെ ചുടുകട്ടകള്‍ ആയുധമായി ഉപയോഗിച്ചു.

ഗ്ലാസ് ബോട്ടിലുകള്‍ നിറച്ചിരുന്ന രണ്ടു മാലിന്യ ബിന്നുകളും പ്രതിഷേധക്കാര്‍ കൈവശപ്പെടുത്തി, അതിലെ ഗ്ലാസ്സുകള്‍ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് നേരെ എറിയാന്‍ തുടങ്ങി.

ആദ്യം പകച്ചുപോയ ഗാര്‍ഡ പിന്നീട് കലാപ വിരുദ്ധ യൂണിറ്റ് എത്തിയതോടെ, കലാപക്കാര്‍ക്കെതിരെ കലാപ ഷീല്‍ഡുകള്‍ ഉപയോഗിച്ച് മുന്നേറ്റം നടത്തി. കുതിരപ്പട, ഡോഗ് സ്‌ക്വാഡ് യൂണിറ്റ്, വാട്ടര്‍ കാനണ്‍ വാഹനങ്ങള്‍ എന്നിവയും വിന്യസിച്ചു.

”പിടിച്ചു നില്‍ക്കുവാന്‍ ഒന്നിച്ചു ശ്രമിച്ചു മുന്നേറിയെങ്കിലും , ഗാര്‍ഡകളുടെ മുന്നേറ്റം കണ്ട് പ്രതിഷേധക്കാര്‍ പിന്‍മാറുകയായിരുന്നു. ഇതിനിടെ ഗാര്‍ഡ പെപ്പര്‍ സ്പ്രേ ഉപയോഗിച്ചതോടെ സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നവര്‍ പിന്മാറാന്‍ തുടങ്ങി.

ലുവാസ് ട്രാം സേവനം (ബെല്‍ഗാര്‍ഡ്‌സാഗര്‍ട്ട് ഭാഗം) വൈകുന്നേരം മുതല്‍ തന്നെ നിര്‍ത്തിവച്ചിരുന്നു. ഗാര്‍ഡകളുടെ നിര , ഷീല്‍ഡുകളുടെ സഹായത്തോടെ പ്രതിഷേധക്കാരെ അവര്‍ നിന്ന സ്ഥലങ്ങളില്‍ നിന്നും പിന്നോട്ട് നീക്കി. രാത്രി 11 മണിയോടെ ജനക്കൂട്ടം പിരിഞ്ഞ് തുടങ്ങിയെങ്കിലും നിരവധി ചെറുപ്പക്കാര്‍ അപ്പോഴും അവശേഷിച്ചിരുന്നു.

ഗാര്‍ഡയുടെ പ്രതീകരണം

ഇത് സമാധാനപരമായ പ്രതിഷേധമല്ല. ക്രൂരതയും ഭീഷണിയും നിറഞ്ഞ അക്രമമായിരുന്നു എന്ന് അന്‍ ഗാര്‍ഡ ഷിക്കോണ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഗാര്‍ഡയുടെ വാന്‍ കത്തിച്ചും ഉദ്യോഗസ്ഥരിലേക്കു കല്ലും പടക്കങ്ങളും എറിഞ്ഞും ആക്രമണമുണ്ടായി,”

”ഗ്ലാസ് ബോട്ടിലുകള്‍ നിറച്ച ബിന്നുകള്‍ കണ്ടെത്തി പിടിച്ചെടുത്ത് അതിലുണ്ടായിരുന്ന ഗ്ലാസുകള്‍ ,ജനക്കൂട്ടം ആയുധമായി ഉപയോഗിച്ചു. കുതിരവണ്ടികള്‍ ഉപയോഗിച്ച് ഗാര്‍ഡയുടെ പ്രതിരോധ നിരയെ തകര്‍ക്കാനുള്ള ശ്രമവും ഉണ്ടായി. ചിലര്‍ ഗാര്‍ഡന്‍ ഫോര്‍ക്കുകള്‍ പോലുള്ള ഉപകരണങ്ങളും മതില്‍ക്കല്ലുകളും ഉപയോഗിച്ച് ഗാര്‍ഡയെ ആക്രമിച്ചു. ആകാശത്ത് നിരീക്ഷണപറക്കല്‍ നടത്തിയ ഹെലികോപ്റ്റര്‍ ലക്ഷ്യമിട്ട് ലേസര്‍ പടക്കങ്ങള്‍ എറിയുകയും ചെയ്തു.

മൊത്തം 300-ല്‍ അധികം ഗാര്‍ഡ അംഗങ്ങള്‍ ഓപ്പറേഷനില്‍ പങ്കെടുത്തു. അതില്‍ 125 യൂണിഫോംധാരികളും 150 പൊതു ക്രമസംരക്ഷണ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. വാട്ടര്‍ കാനണ്‍, കുതിരപ്പട, ഡോഗ് സ്‌ക്വാഡ് യൂണിറ്റ്, എയര്‍ സപ്പോര്‍ട്ട് യൂണിറ്റ് എന്നിവയും വിന്യസിക്കപ്പെട്ടു എന്ന് ഗാര്‍ഡയുടെ പ്രസ്താവനയില്‍ പറയുന്നു.

സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കായി ഗാര്‍ഡ സൗകര്യം ഒരുക്കിയെങ്കിലും . എന്നാല്‍ ഇന്നലത്തെ സംഭവം അതിന്റെ സീമകളെല്ലാം കടന്നെന്ന് ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി പറഞ്ഞു. ഇത് വെറും ഗുണ്ടായിസം മാത്രമാണ്. ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളെ ഞാന്‍ കടുത്ത രീതിയില്‍ അപലപിക്കുന്നു. അവര്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രൊഫഷണലായും ധീരമായും പ്രവര്‍ത്തിച്ചു. അദ്ദേഹം പറഞ്ഞു.”

വൈകിട്ട് 5 മണിയോടെ തന്നെ നഗരത്തിലെ ഗാര്‍ഡ പബ്ലിക്ക് ഓര്‍ഡര്‍ യൂണിറ്റുകള്‍ക്ക് അടിയന്തരമായി മുന്നറിയിപ്പ് നല്‍കി. രാത്രി 7.30 ഓടെ പ്രതിഷേധം കനത്തപ്പോള്‍ പടക്കങ്ങളും കല്ലുകളും പൊലീസിലേക്കെറിഞ്ഞു. പിന്നീട് പെപ്പര്‍ സ്പ്രേ ഉപയോഗിച്ച് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചു.

ലുവാസ് ട്രാം സേവനം ബെല്‍ഗാര്‍ഡ്‌സാഗര്‍ട്ട് ഇടയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഡബ്ലിന്‍ ബസ് റൂട്ട് 69 നിലവില്‍ സാഗര്‍ട്ടും സിറ്റി വെസ്റ്റും ഒഴിവാക്കി കിംഗ്‌സ്വുഡ് അവന്യൂവഴി മാറ്റിപ്പോയി.

സംഘര്‍ഷം ഒഴിവാക്കാനുള്ള സാധ്യതയ്ക്കായി ഗാര്‍ഡായും അധികാരികളും ശ്രമിക്കുന്നുണ്ടെങ്കിലും, അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള പ്രധിഷേധം അയര്‍ലണ്ടിലെങ്ങും കനക്കുകയാണ്.

Advertisment