/sathyam/media/media_files/2025/08/11/jbggf-2025-08-11-06-04-15.jpg)
വാട്ടർഫോർഡ്: രാജ്യത്ത് ഇന്ത്യൻ സമൂഹത്തിനെതിരെയും കുടിയേറ്റത്തിനെതിരെയും ഒരു ചെറിയ വിഭാഗം നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, ഭവനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (ഡബ്ല്യൂ എം എ) ഭാരവാഹികൾ. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, അസോസിയേഷൻ ഭാരവാഹികൾ വാട്ടർഫോർഡ് ടി.ഡി.യും ഭവനമന്ത്രിയുമായ ജോൺ കമ്മിംഗ്‌സുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ സമൂഹം നിയമപരമായ മാർഗങ്ങളിലൂടെയാണ് വാട്ടർഫോർഡിൽ എത്തിയിട്ടുള്ളതെന്ന് അസോസിയേഷൻ മന്ത്രിയെ ധരിപ്പിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജപ്രചാരണങ്ങൾ ഒരു ചെറിയ വിഭാഗത്തിന്റെ മാത്രം പ്രവർത്തനമാണെന്നും, വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോകൾ തടയാൻ സർക്കാർ തലത്തിൽ നടപടിയെടുക്കാമെന്നും മന്ത്രി ഉറപ്പുനൽകി.ആക്രമണങ്ങളിൽ നടപടി ആവശ്യപ്പെട്ടു.
അടുത്തിടെ ഒരു കുട്ടിക്കുനേരെയുണ്ടായ വംശീയ ആക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങൾ അസോസിയേഷൻ ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഗാർഡാ സൂപ്രണ്ടുമായി സംസാരിച്ച് ഇതിന്മേൽ തുടർനടപടിയെടുക്കാമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു. പരാതികൾ രജിസ്റ്റർ ചെയ്യാൻ ഗാർഡ ചിലപ്പോൾ മടി കാണിക്കുന്നതായി ചൂണ്ടിക്കാട്ടിയപ്പോൾ, ഓരോ പരാതിക്കും ‘പൾസ് നമ്പർ’ ഉറപ്പാക്കാനും ഈ കേസുകൾക്ക് മുൻഗണന നൽകാനും ഗാർഡാ സൂപ്രണ്ടിന് നിർദേശം നൽകാമെന്നും മന്ത്രി അറിയിച്ചു.
ആക്രമണങ്ങളിൽ ഏർപ്പെടുന്ന യുവാക്കളെയും അവരുടെ മാതാപിതാക്കളെയും ബോധവത്കരിക്കേണ്ടതിന്റെ പ്രാധാന്യം അസോസിയേഷൻ ഊന്നിപ്പറഞ്ഞു. കൂടാതെ, തദ്ദേശീയരുമായി ചേർന്ന് കൂടുതൽ ഇന്റഗ്രേഷൻ പരിപാടികൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.
വിഷയത്തിൽ വാട്ടർഫോർഡ് ഗാർഡാ സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്താൻ അസോസിയേഷന് അനുമതി ലഭിച്ചിട്ടുണ്ട്.
ഇതിനു പുറമെ, വംശീയ ആക്രമണത്തിനിരയായ കുട്ടിയുടെ വീട് വാട്ടർഫോർഡ് കൗൺസിലറും മേയറും സന്ദർശിക്കും.
അതേസമയം, “ഇവിടെ ജീവിക്കാൻ സാധിക്കാത്തവിധം ആക്രമണങ്ങൾ നടക്കുന്നു” എന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നടത്തരുതെന്ന് അസോസിയേഷൻ അംഗങ്ങളോട് അഭ്യർത്ഥിച്ചു. ഇത് രാജ്യത്തെയും പിന്തുണ നൽകുന്ന ഭൂരിഭാഗം ഐറിഷ് ജനതയെയും അപമാനിക്കുന്നതിന് തുല്യമാണെന്നും, സമാധാനപരവും മാന്യവുമായ നിലപാടുകൾ മാത്രം പങ്കുവെക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.