ഡബ്ലിൻ : കഴിഞ്ഞ വർഷം ഒക്ടോബർ 13-ന് കിൽഡെയർ കൗണ്ടിയിലെ അഥിയിൽ ഒരു യുവതിയെ ആക്രമിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിയെ കണ്ടെത്തുന്നതിനായി ഗാർഡ പൊതുജന സഹായം അഭ്യർത്ഥിച്ചു.
സംഭവം അന്നേ ദിവസം രാത്രി 7:30ഓടെ റിവർ ബാരോ വോക്ക്‌വേയിലൂടെ യുവതി നടന്നു പോകുമ്പോള്‍ അക്രമി യുവതിയെ സമീപിച്ച് അതിക്രമിച്ചു പിടികൂടിയ ശേഷം നിലത്ത് വലിച്ചിഴച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം പ്രതി അഥി ടൗൺ സെൻററിന്റെ ഭാഗത്തേക്ക് ഓടിപ്പോയതായാണ് ഗാർഡയുടെ പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നത്.
RTE One-ൽ കഴിഞ്ഞ രാത്രി സംപ്രേഷണം ചെയ്ത ക്രൈം കോൾ പരിപാടിയിൽ ഗാർഡ പ്രതിയുടെ ഇവോ-ഫിറ്റ് (Evo-fit) ചിത്രം പുറത്ത് വിട്ടു. പ്രതിയെക്കുറിച്ച് ഗാർഡ നൽകിയ വിശദമായ വിവരണം:
ഉയരം: 6 അടി 2 ഇഞ്ച് മുതൽ 6 അടി 4 ഇഞ്ച് വരെ
പ്രായം: 30-കളുടെ തുടക്കത്തിൽ നിന്നും മധ്യത്തിൽ വരെ
ശരീരഘടന: വളരെ മെലിഞ്ഞ ശരീരം
മുഖം: നീളമുള്ള ഓവൽ ആകൃതിയിലുള്ള കഷണ്ടിയുള്ള മുഖം
മൂക്ക്: വലുത്
കണ്ണുകൾ: വ്യക്തമായ രൂപഭേദങ്ങൾ കാണിക്കുന്ന കണ്ണുകൾ
വേഷധാരണം: മുഴുവൻ കറുത്ത വസ്ത്രങ്ങൾ; ഒരു പീക്ക് ക്യാപ്
മുടി: ഇരുണ്ട തവിട്ടുനിറം, പീക്ക് ക്യാപിന്റെ മുന്നിലൂടേ അല്പം കാണാം.
ഉച്ചാരണം: നോർത്ത് കിൽഡെയർ/ഡബ്ലിൻ ആക്സെന്റ്
സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിവരം ലഭിക്കുന്നവര്‍ കിൽഡെയർ ഗാർഡ സ്റ്റേഷനിൽ (045 527730) ഉടൻ അറിയിക്കണമെന്ന് ഗാർഡ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.