അയര്‍ലണ്ടില്‍ നിന്നും റെക്കോര്‍ഡ് ആളുകളെ നാടുകടത്താനുള്ള നടപടികളുമായി നീതിന്യായവകുപ്പ്. ഈ വര്‍ഷം ഇതുവരെ 703 പേരെ നാടുകടത്താനുള്ള രേഖകളില്‍ ഒപ്പുവച്ചതായാണ് നീതിന്യായവകുപ്പ് മന്ത്രി ജിം ഒ കാലാഖൻ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്. നാടുകടത്തല്‍ ഓര്‍ഡറുകള്‍ നല്‍കുന്നത് തുടരുമെന്നും, ഈ വര്‍ഷം അവസാനത്തോടെ ഇത്തരത്തില്‍ 4,200-ലധികം ഓര്‍ഡറുകള്‍ പുറത്തിറങ്ങുമെന്നുമാണ് കരുതുന്നത്.
2024-ല്‍ ആകെ 2,403 പേരെ നാടുകടത്താനാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. ഇതില്‍ 1,116 പേരെ നാടുകടത്തുകയും ചെയ്തു. 2023-ല്‍ ഇത് 317 ആയിരുന്നു.
കഴിഞ്ഞ വര്‍ഷം നാടുകടത്തപ്പെട്ടവരില്‍ ഏറ്റവുമധികം പേര്‍ ജോര്‍ജ്ജിയയില്‍ നിന്നുള്ളവരായിരുന്നു- 66. സൗത്ത് ആഫ്രിക്ക (19), അല്‍ബേനിയ (15), ബ്രസീല്‍ (14), അള്‍ജീരിയ (7), നൈജീരിയ (7) എന്നിവയാണ് പിന്നാലെ.
നിര്‍ബന്ധിത മടക്കി അയയ്ക്കല്‍ നിരവധി കാരണങ്ങളാല്‍ ചെലവേറിയതാണ്. അക്കാരണത്താല്‍ നിര്‍ബന്ധിത മടക്കി അയക്കലല്ലാതെ സ്വമേധയാ രാജ്യ വിട്ടുപോകാന്‍ ആളുകള്‍ക്ക് സൗകര്യം ചെയ്തുനല്‍കുന്ന സംവിധാനവും അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2024-ല്‍ 934 പേര്‍ ഇത്തരത്തില്‍ സ്വമേധയാ രാജ്യം വിട്ടിട്ടുണ്ട്. 2023-ല്‍ ഇത് 213 ആയിരുന്നു.
രാജ്യത്തെ ഇമിഗ്രേഷന്‍ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഈ നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് ആത്മവിശ്വാസം തോന്നുന്നതിനുമാണ് നാടുകടത്തല്‍ എന്ന് മന്ത്രി ഒ’കാലാഖൻ വിശദീകരിച്ചു.