/sathyam/media/media_files/GSgKRqIFuONrc4ULzvDv.jpg)
ഡബ്ലിന്‍ : റഫറണ്ടത്തിലെ തോല്‍വിയുടെയോ എ ജി നിയമോപദേശം ചോര്‍ന്നതിന്റെയോ പേരില്‍ മന്ത്രി റോഡ്രിക് ഒ ഗോര്‍മാന്‍ രാജിവെക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. റഫറണ്ടം സംബന്ധിച്ച് വരദ്കര്‍ നടത്തിയ പരാമര്‍ശങ്ങളെല്ലാം തന്നെ വിവാദവും നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുന്നതുമായിരുന്നുവെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു വിമര്‍ശനത്തിന് നല്‍കുന്ന മറുപടി മറ്റൊരു വിവാദവും ചര്‍ച്ചയുമാകുന്ന കാഴ്ചയാണ് റഫറണ്ട ദിനങ്ങളില്‍ കാണാനായത്.അതിനിടെയാണ് മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കി പ്രധാനമന്ത്രി രംഗത്തുവന്നത്.
സര്‍ക്കാരിനും തനിക്കും മന്ത്രിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. തോല്‍വിയില്‍ രാജിവെയ്ക്കാന്‍ ഉദ്ദേശ്യമില്ലെന്ന് മന്ത്രി ഗോര്‍മാനും നേരത്തേ വ്യക്തമാക്കിയിരുന്നു.റഫറണ്ടത്തിലെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് റോഡ്രിക് ഒ ഗോര്‍മാന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
തോല്‍വിക്ക് വളരെ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. ഐറിഷ് ഗവണ്‍മെന്റ് തോല്‍ക്കുന്ന ആദ്യത്തെ റഫറണ്ടമൊന്നുമല്ലെന്നാണ് വരദ്കര്‍ അഭിപ്രായപ്പെട്ടത്.
വോട്ടര്‍മാര്‍ സര്‍ക്കാരിന് രണ്ട് മതിലുകള്‍ നല്‍കിയിരിക്കുകയാണെന്ന് 2013ല്‍ സീനഡ് റഫറണ്ടം വോട്ടര്‍മാര്‍ നിരസിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി എന്‍ഡാ കെന്നി നടത്തിയ പരാമര്‍ശങ്ങളെ ഉദ്ധരിച്ച് വരദ്കര്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. റഫറണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് കരുതുന്നതായും വരദ്കര്‍ പറഞ്ഞു.
കുടിയേറ്റം ,കെയര്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച എ ജിയുടെ നിയമോപദേശം ചോര്‍ന്നു
റഫറണ്ടം നടക്കുന്നതിന്റെ തലേന്ന് കുടിയേറ്റം ,കെയര്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച എ ജിയുടെ നിയമോപദേശം ചോര്‍ന്നത് വിവാദമായി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഇതു സംബന്ധിച്ച ലേഖനം ‘ദി ഡിച്ച് പ്രസിദ്ധീകരിച്ചത്. സംഭവത്തില്‍ പ്രധാനമന്ത്രി ലിയോവരദ്കറും ഇക്വാളിറ്റി മന്ത്രി റോഡറിക് ഒ ഗോര്‍മാനുമെല്ലാം തികഞ്ഞ അതൃപ്തി അറിയിച്ചു. ഈ ഉപദേശം പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പുനരാലോചിക്കുമെന്ന സൂചനയും പ്രധാനമന്ത്രി നല്‍കി.
വോട്ടെടുപ്പിന്റെ തലേന്ന് അറ്റോര്‍ണി ജനറലിന്റെ ഉപദേശം ചോര്‍ന്നത് നിരാശാജനകമാണെന്ന് മന്ത്രി പറഞ്ഞു.എന്നാല്‍ നിയമോപദേശം ഭാഗികമായേ ചോര്‍ന്നുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം ചോര്‍ന്നത് അന്വേഷിക്കുമെന്ന് ഒ ഗോര്‍മാന്‍ പറഞ്ഞു.
കെയര്‍ റഫറണ്ടം ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാരിനുള്ളില്‍ നിന്നു തന്നെയാണ് ഇത് ചോര്‍ന്നതെന്ന് സെനറ്റര്‍ മീഹോള്‍ മക്‌ഡൊവല്‍ പറഞ്ഞു.എന്നാല്‍ അത് തിരിച്ചടിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം, എജിയുടെ ഉപദേശം തുടക്കത്തില്‍ത്തന്നെ ചോര്‍ന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് ഫിനഗേല്‍ സെനറ്റര്‍ റെജീന ഡോഹെര്‍ട്ടി പറഞ്ഞു.
എ ജി ഉപദേശം ഗവണ്‍മെന്റിന്റെ യെസ് പ്രചാരണ വാദങ്ങളെ പിന്തുണച്ചതായി പ്രധാനമന്ത്രിയും മന്ത്രി ഒ ഗോര്‍മാനും പറഞ്ഞു. സ്‌ട്രൈവ് എന്ന പദം ശക്തമാണെന്ന വീക്ഷണമാണ് എ ജി സ്വീകരിച്ചതെന്നും വരദ്കര്‍ പറഞ്ഞു.
ഡ്യൂറബിള്‍ റിലേഷന്‍സ് ഷിപ്പ് വ്യാപിപ്പിക്കുന്നത് കുടിയേറ്റത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്ന് എ ജി പറഞ്ഞുവെന്ന് ഒ ഗോര്‍മാന്‍ പറഞ്ഞു. ബഹുഭാര്യത്വ ബന്ധങ്ങള്‍ ഈ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വിധത്തില്‍ ഈ വാചകം വളച്ചൊടിക്കാന്‍ ഇടയുണ്ടെന്നും എ ജി ചൂണ്ടിക്കാട്ടിയിരുന്നു.
ഫാമിലി റഫറണ്ടം കുടിയേറ്റ തീരുമാനങ്ങളെ മാറ്റില്ലെന്ന് മന്ത്രി പറഞ്ഞു. കെയര്‍ സംബന്ധിച്ച നിര്‍ദിഷ്ട പദപ്രയോഗം കുടിയേറ്റ നിയമത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുകയില്ലെന്ന് എ ജി വ്യക്തമാക്കിയിട്ടുണ്ടെന്ന് വരദ്കര്‍ പറഞ്ഞു.
സുപ്രീം കോടതി വിവിധ പദങ്ങളെ എങ്ങനെ വ്യാഖ്യാനിക്കുമെന്ന് നമുക്ക് പറയാനാകില്ലെന്ന് എ ജി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഒരു പദത്തിന്റെയല്ല ഏതൊരു വാക്കിന്റെയും കാര്യം എന്ന നിലയിലാണിതെന്ന് വരദ്കര്‍ വ്യാഖ്യാനിച്ചു. ബദല്‍ പദങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ അതിനെക്കുറിച്ച് അനിശ്ചിതത്വം ഉണ്ടാകുമായിരുന്നു വരദ്കര്‍ പറഞ്ഞു.
യെസ് പക്ഷക്കാരെ സഹായിക്കാനാണ് എ ജി റിപ്പോര്‍ട്ട് ചിലര്‍ ചോര്‍ത്തിയത് എങ്കിലും ബഹുഭാര്യത്വ ബന്ധങ്ങള്‍ ഒക്കെ ചര്‍ച്ചയായതോടെ ജനം സര്‍ക്കാരിനെതിരെ തിരിയുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us